Select Your Language

Notifications

webdunia
webdunia
webdunia
webdunia

നക്സലിസം ഉയിര്‍ത്തെണീറ്റ 2007

ബെന്നി ഫ്രാന്‍‌സിസ്

നക്സലിസം ഉയിര്‍ത്തെണീറ്റ 2007
WDWD
ജവഹര്‍‌ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെ‌എന്‍‌യു) തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയ്ക്കേറ്റ കനത്ത പരാജയം പത്രമാധ്യമങ്ങളില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ വാര്‍ത്തയായിരുന്നു. എസ്‌എഫ്‌ഐ - എ‌എസ്‌ഐ‌എഫ് സഖ്യത്തെ പരാജയപ്പെടുത്തിയത് മറ്റാരുമല്ല, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനാണ്.

ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രത്യേകത എന്തെന്നല്ലേ? തീവ്ര ഇടതുപക്ഷ സംഘടനയായ സിപി‌ഐ (എം‌എല്‍) ലിബറേഷന്റെ വിദ്യാര്‍ത്ഥി വിംഗാണത്. എസ്‌എഫ്‌ഐ - എ‌എസ്‌ഐ‌എഫ് സഖ്യത്തിന്റെ 37 വര്‍ഷം നീണ്ട പടയോട്ടത്തിനിടയില്‍ രണ്ടാം തവണയാണ് ഈ പരാജയം. നക്സലിസത്തിന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ വരവേല്‍പ്പ് ലഭിക്കുന്നത് എന്താണ് അടിവരയിടുന്നത്?

ഇന്ത്യയുടെ നിലവിലെ ഭരണ സംവിധാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് നക്സലിസം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതാണ് 2007 ല്‍ ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ സംഭവവികാസമെന്ന് പറയുമ്പോള്‍ അത്ഭുതപ്പെടാനില്ല.

“നമ്മുടെ രാജ്യത്തെ പല ജില്ലകളെയും ഇടതുപക്ഷ തീവ്രവാദം ബാധിച്ചിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദ ഫലമായുണ്ടാവുന്ന സംഭവവികാസങ്ങള്‍ കൂടാതെ ഒരു ദിവസവും കടന്നുപോവുന്നില്ല. രാഷ്ട്രമെന്ന രീതിയില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി നക്സലിസമാണ്.”

“ഈ വൈറസിനെ നശിപ്പിക്കാതെ സമാധാനം ഉണ്ടാവുകയില്ല”

2007 ന് തിരശ്ശീല വീഴുന്ന വേളയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണിത്.

webdunia
WDWD
ആന്ധ്രാപ്രദേശിലെ 76 ജില്ലകള്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര, ഒറീസ, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗ്ലാള്‍ തുടങ്ങി രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നക്സലൈറ്റുകളുടെ ശക്തമായ നെറ്റ്‌വര്‍ക്കുകള്‍ നിലവിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിക്കുന്നു. കേരളത്തില്‍ നക്സലുകള്‍ ഒളിത്താവളം സ്ഥാപിക്കുന്നുണ്ടെന്ന കാര്യം അറിയാമെന്നും സംസ്ഥാനം അതിനെ നേരിടുമെന്നും അടുത്തിടെയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

തെക്കന്‍ ചത്തീസ്‌ഗഡിലുള്ള ദാന്തെവാഡാ ജയില്‍ നക്സലൈറ്റുകള്‍ പിടിച്ചെടുത്തതും 299 ജയില്‍‌പ്പുള്ളികളെ രക്ഷപ്പെടുത്തിയതും രാജ്യം നടുക്കത്തോടുകൂടിയാണ് അറിഞ്ഞത്. തൊട്ട് പിന്നാലെ ബിഹാറിലെ ബ്യൂര്‍ ജയിലിലും കലാപം നടന്നു. ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന നാഗിന മഞ്ചി എന്ന നക്സലൈറ്റ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കലാപം. രണ്ട് നക്സലൈറ്റ് നേതാക്കളെ കലാപകാരികള്‍ മോചിപ്പിക്കുകയും ചെയ്തു. നക്സലുകള്‍ ടാറ്റാനഗര്‍ - ഖാരഗ്‌പുര്‍ എക്സ്പ്രസ്സ് റാഞ്ചിയ സംഭവവും ഏറെ നടുക്കത്തോടെയാണ് രാജ്യം അറിഞ്ഞത്.

പച്ചക്കറികളും മറ്റ് ഭക്ഷ്യോല്‍‌പ്പന്നങ്ങളും വില്‍ക്കുന്ന, റിലയന്‍സിന്റെ ചെയിന്‍ ശൃംഖലയായ റിലയന്‍സ് ഫ്രഷ് ഷോറൂമിന് നേരെ കേരളത്തില്‍ നടന്ന അക്രമം തൊട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന പശ്ചിമബംഗാളിലെ നന്ധിഗ്രാമില്‍ നടന്ന നൂറോളം പേര്‍ കൊല്ലപ്പെട്ട കലാപം വരെ തീവ്ര ഇടതുപക്ഷവാദത്തില്‍ വിശ്വസിക്കുന്നവരുടെ ചെയ്തികളായി എണ്ണപ്പെടുന്നു.

മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്ര ഇടതുപക്ഷ വാദികള്‍ നക്സലിസത്തിന്റെ പരിധിയില്‍ വരുന്നു. ഈവര്‍ഷം മാത്രം, ആയിരക്കണക്കിന് നക്സലൈറ്റുകളെയാണ് കേരളമടക്കം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈയിടെ കൊച്ചിയില്‍ ഐ‌എസ്‌ആര്‍‌ഓ ഉദ്യോഗസ്ഥനായ ഗോവിന്ദന്‍‌കുട്ടിയെ നക്സല്‍ പ്രസിദ്ധീകരണങ്ങളുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല രഹസ്യമായി സംസ്ഥാനത്ത് നക്സല്‍ വേട്ട ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

webdunia
WDWD
രാജ്യത്തിന്റെ സുരക്ഷയും വികസനവും തടസ്സപ്പെടുത്തുന്ന നക്സലൈറ്റ് പദ്ധതികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തന്നെയാണ് കേന്ദ്ര-സംസ്ഥാനങ്ങള്‍ ഒരുങ്ങുന്നത്. വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ നേരിടാന്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്ക് 35,000 പേരെ റിക്രൂട്ടുചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പത്ത് സംസ്ഥാനങ്ങളില്‍ ഇപ്പോഴുള്ള 26 ബറ്റാലിയനുകള്‍ക്ക് (26,000 പേര്‍) പുറമെയാണിത്.

ശക്തമായ നക്സലൈറ്റ് സാന്നിധ്യമുള്ള ആന്ധ്രാപ്രദേശില്‍ നിലവില്‍ 6 റിസര്‍വ് ബറ്റാലിയനുകള്‍ (6,000 പട്ടാളക്കാര്‍) ഉണ്ട്. ചത്തീസ്‌ഗഡില്‍ 4, ബിഹാറിലും ഝാര്‍ക്കണ്ഡിലും 3, മഹാരാഷ്ട്രയില്‍ 2, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ 1 എന്നിങ്ങനെയാണ് നിലവിലെ ബറ്റാലിയനുകള്‍. മന്ത്രിസഭയുടെ പുതിയ തീരുമാനം അനുസരിച്ച്, ഏറ്റവും കൂടുതല്‍ നക്സലൈറ്റ് സാന്നിധ്യമുള്ള ചത്തീസ്‌ഗഡില്‍ നിന്ന് ചുവപ്പന്മാരെ തുരത്താന്‍ 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.

തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്‍‌പ്പം കൂടി അടുത്തുനിന്ന് മനസ്സിലാക്കേണ്ടതുണ്ട് എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്. രാജ്യത്തെ ഭരണസംവിധാനം പരാജയപ്പെടുമ്പോള്‍ ഉണ്ടാവുന്ന അസ്ഥിരതയും അശാന്തിയുമാണ് തീവ്ര ഇടതുപക്ഷ മുന്നേറ്റങ്ങളെ സൃഷ്ടിക്കുന്നതെന്ന് അവര്‍ വാദിക്കുന്നു. നക്സലിസത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ഇത് ശരിവയ്ക്കുന്ന രീതിയിലാണ്.

“തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്നവരില്‍ ഭൂരിഭാഗം പേരും അവകാശം നിഷേധിക്കപ്പെട്ട, പ്രാന്തവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്, അല്ലെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ആവേശകരമായ വികസനം ഒട്ടും എത്താത്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്..”

“അസന്തുലിതമായ വികസനത്തില്‍ നിന്നാണ് ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതെന്ന് പല സന്ദര്‍ഭങ്ങളിലും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട് ” -
സംസ്ഥാന മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത് ഈയവസരത്തില്‍ ശുഭസൂചകമാണെന്ന് കരുതാം.

Share this Story:

Follow Webdunia malayalam