Webdunia - Bharat's app for daily news and videos

Install App

ഓണത്തിന് പുലിയിറങ്ങും, പിന്നെ അടിച്ചുപൊളിക്കാം!

പുലികളിയും ഓണവും

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (21:35 IST)
ഓണം കളികളില്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവയില്‍ ഒന്നാണ് പുലികളി. നാലാമോണത്തിലാണ് പുലികളി നടക്കാറുള്ളത്. തൃശൂരിന്റെ പുലികളിയാണ് ഏറ്റവും പ്രശസ്തമെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും പുലികളി അരങ്ങേറാറുണ്ട്. പുലിയുടെ വേഷവും ചായവും പുരട്ടി നിശ്ചിത താളമില്ലാതെ നൃത്തം ചവിട്ടുകയും കോമാളിക്കളികള്‍ കളിക്കുകയും ചെയ്യുന്നതാണ് ഈ വിനോദം. കരടിക്കെട്ട് എന്ന ആണ്‍ കലാരൂപവും ഓണത്തിനോടനുബന്ധിച്ച് നടക്കാറുള്ളതാണ്. ചെറുപ്പക്കാര്‍ കരടിയുടെ രൂപം കെട്ടി നടക്കുന്ന വിനോദമാണ് ഇത്. 
 
കുമ്മാട്ടിക്കളിയും ഓണാഘോഷത്തിന്റെ ഭാഗമായി വരുന്നതാണ്. കുമ്മാട്ടിപ്പുല്ല് ദേഹത്തുവെച്ചു കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍ തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുവീടാന്തരം സന്ദര്‍ശിക്കുന്നു. രാമായണം പാട്ട്, ദാരികവധം പാട്ട് തുടങ്ങിയവയാണ് ഇവര്‍ പാടുക. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.
 
ഓണക്കളികളില്‍ ഏറ്റവും ആവേശമുണര്‍ത്തുക വള്ളംകളികളാണ്. മത്സരം എന്നതിലുപരിയായി ജലോത്സവം എന്ന അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കേണ്ടത്. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളംകളി. പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്. 
 
ഓണത്തല്ലാണ് മറ്റൊരു ഇനം. കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായികവിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്. ആട്ടക്കളവും ഓണവിനോദങ്ങളില്‍ പ്രാധാന്യമുള്ളവ തന്നെ. ഇപ്പോഴത്തെ കബഡിയോട് സാമ്യമുള്ള കളിയാണ് ഇത്. കളത്തിനുള്ളിലുള്ളവരെ പുറത്താക്കിയാല്‍ കളി ജയിച്ചുവെന്നതാണ് ഇതിന്റെ നിയമം. കരടിക്കെട്ട് ആണ്‍ കലാരൂപമാണ്. കരടിയുടെ രൂപം കെട്ടി നടക്കുക. 
 
സ്ത്രീകള്‍ക്ക് മാത്രമായിട്ടും ഓണവിനോദങ്ങളുണ്ട്. കൈകൊട്ടിക്കളിയാണ് അവയില്‍ പ്രധാനം. മുണ്ടും നേര്യേതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി. പൂക്കളംതീര്‍ത്ത് നടുവില്‍ നിലവിളക്ക് കൊളുത്തിവെച്ചും ചുറ്റും മണ്‍ചെരാത് എരിയിച്ചുമാണ് കൈക്കൊട്ടിക്കളി നടത്തുക.
 
പെണ്‍കുട്ടികളുടെ പ്രധാന ഓണവിനോദങ്ങളിലൊന്ന് തുമ്പി തുള്ളലാണ്. നോമ്പെടുത്ത ഒരു പെണ്‍കുട്ടി വട്ടത്തിനുള്ളിലിരിക്കും. ഇവള്‍ക്കുചുറ്റും വട്ടംകൂടിയിരിക്കുന്ന മറ്റ് കുട്ടികള്‍ 'എന്തേ തുമ്പീ തുള്ളാത്തു', 'തുമ്പിപ്പെണ്ണേ തുള്ളാത്തൂ' എന്നിങ്ങനെ പാടും. കളി മുറുകുമ്പോള്‍ തുമ്പിപ്പെണ്ണ് ഉറഞ്ഞുതുള്ളി പൂക്കള്‍ വാരി എറിയുന്നതാണ് ഇതിന്റെ രീതി. സ്ത്രീകള്‍ക്കുള്ള ഓണ ഊഞ്ഞാല്‍ കളി വ്യാപകമാണ്. ഓണപ്പാട്ട് അഥവാ ഊഞ്ഞാല്‍പ്പാട്ടുകള്‍ പാടി ഊഞ്ഞാലാടുകയെന്നതുതന്നെ ഇത്.
 
ഓണത്തിനോടനുബന്ധിച്ച് വീടുകളിലെത്തുന്ന ഓണപ്പാവക്കൂത്തും രസകരമായ ഒരു വിനോദമാണ്. പ്ലാവിന്‍കൊമ്പില്‍ തീര്‍ത്ത പാവകള്‍ ആടയാഭരണങ്ങളണിഞ്ഞ് മഹാബലിപ്പാവയായും വാമനന്‍പാവയായും ചലിക്കുന്നതാണ് ഈ വിനോദം. ഇപ്പോള്‍ ഇതത്ര സജീവമല്ല.
 
ചവിട്ടുകളിയെന്ന വിനോദം പാട്ടിനൊപ്പിച്ച് ചുവടുവെച്ചുകളിക്കുന്നതാണ്. രണ്ട് സംഘമായാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടുക. പാട്ടിനൊത്ത മറുപാട്ട് ചുവടുവച്ചുപാടാന്‍ കഴിഞ്ഞില്ലെങ്കില്‍ കളിയില്‍ പരാജയപ്പെടുമെന്നതാണ് ഇതിന്റെ നിയമം.
 
‘ഓണവില്ല്’ എന്ന സംഗീത ഉപകരണം ഓണവിനോദത്തിന്റെ ഭാഗമാണ്. ഓണവില്ല് കൊട്ടിപ്പാടി വരുന്ന ഗായകനൊപ്പം മാവേലിയുടെ വേഷമണിഞ്ഞ് ഓലക്കുടയും പാളമുഖംമൂടിയും ചൂടി നടത്തുന്ന മാതേവര്‍കളിയെന്ന വിനോദം ഓണത്തിനോടനുബന്ധിച്ച് ഒരു കാലത്ത് ഉണ്ടായിരുന്നു.
 
ക്രിക്കറ്റിന്റെ പ്രാഥമിക രൂപമായി കണക്കാക്കാവുന്ന കുട്ടീംകോലുമാണ് മറ്റൊരു കളി. പച്ചയോല മടഞ്ഞുണ്ടാക്കുന്ന പന്ത് ഉപയോഗിച്ച് കളിക്കുന്ന തലപ്പന്ത് കളിയും നാട്ടിന്‍പുറങ്ങളിലെ ഓണക്കളിയാണ്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments