Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയില്യപുണ്യം പകര്‍ന്ന് വെട്ടിക്കോട് ക്ഷേത്രം

ആയില്യപുണ്യം പകര്‍ന്ന് വെട്ടിക്കോട് ക്ഷേത്രം
, ചൊവ്വ, 13 ഒക്‌ടോബര്‍ 2009 (14:25 IST)
PRO
PRO
ഭാരതത്തില്‍ പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ് നാഗാരാധന. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതീയര്‍ നാഗപൂജ നടത്തുന്നു. സന്താന യോഗമില്ലാത്തതിനും കുടുംബ ഛിദ്രത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായും നാഗപൂജകളും വഴിപാടുകളും നടത്താറുണ്ട്.

കേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്.

പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണ് നാഗരാജ പ്രതിഷ്ഠ നടത്തിയത്. അങ്ങനെ വെട്ടിക്കോട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു. വൈഷ്ണവര്‍ അനന്തനെയും ശൈവ ഭക്തര്‍ വാസുകിയെയുമാണ് നാഗരാജാവായി കരുതി ആരാധിക്കുന്നത്.

വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.

വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.

Share this Story:

Follow Webdunia malayalam