Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്തിസാന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി

ഭക്തിസാന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി
ആര്‍ത്തുങ്കല്‍ , വെള്ളി, 11 ഫെബ്രുവരി 2011 (18:03 IST)
PRO
കഴിഞ്ഞ വര്‍ഷം ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതോടെയാണ് തീര്‍ത്ഥാടനകേന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ചത്. കൊച്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുമാറി, ആലപ്പുഴയില്‍ നിന്ന് 22 കിലോമീറ്റര്‍ വടക്കുമാറി, തീരദേശ ഗ്രാമമായ ആര്‍ത്തുങ്കലില്‍ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ദേവാലയം.

ലഘുചരിത്രം

പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായിരുന്ന മുത്തേടത്ത് രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു അര്‍ത്തുങ്കല്‍. അര്‍ത്തുങ്കല്‍ എന്ന പേര് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ‘ആര്‍ത്തിക്കുളങ്ങര’ ‘ആര്‍ത്തിക്കുളങ്ങല്‍’ആകുകയും പിന്നീട് അര്‍ത്തുങ്കല്‍ എന്ന് ആകുകയുമായിരുന്നു എന്നാണ് ഒരു വിഭാഗം പറയുനത്. എന്നാല്‍, ചരിത്രകാരനായ ജോര്‍ജ് ഷുര്‍ഹാമ്മര്‍ (George Schurhammer) പറയുന്നത് മുത്തേടത്ത് കുടുംബത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്ക് ആദ്യം മുത്തേടത്തുങ്കലും പിന്നീട് പേര് എടത്തുങ്കല്‍ എന്ന് മാറുകയും അത് പിന്നീട് അര്‍ത്തുങ്കല്‍ എന്നായി മാറുകയും ചെയ്തു എന്നാണ്.

വാസ്കോ ഡ ഗാമ കേരളത്തില്‍ വന്നതിനെ പിന്തുടര്‍ന്ന് നിരവധി പോര്‍ച്ചുഗീസ് മിഷണറിമാര്‍ കേരളത്തില്‍ വന്നിരുന്നു. മുത്തേടത്ത് എത്തിയ ഇവര്‍ സെന്റ് തോമസിനെ പിന്തുടരുന്ന നിരവധി ക്രൈസ്തവരെ കണ്ടെത്തി. എന്നാല്‍ ഇവരാരും മാമ്മോദീസ മുങ്ങിയവര്‍ ആയിരുന്നില്ല. പക്ഷേ, ഇവരുടെ പൂര്‍വ്വപിതാക്കന്മാര്‍ മമ്മോദീസ സ്വീകരിച്ചവരായിരുന്നു.

ഇവിടെ എത്തിയ ജെസ്യൂട്ട് മിഷണറിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ മുത്തേടത്തും സമീപപ്രദേശമായ ഇളയേടത്തും ആരംഭിച്ചു. എ ഡി 1579ല്‍ ഗോവയില്‍ നിന്നെത്തിയ ജെസ്യൂട് വൈദികനായ മാനുവല്‍ ടക്സേറിയ തന്റെ കൊച്ചി-കൊല്ലം യാത്രയ്ക്കിടയില്‍ അര്‍ത്തുങ്കല്‍ സന്ദര്‍ശിച്ചു. അവിടുത്തെ നാട്ടുകാരുടെ അഭ്യര്‍ത്ഥനപ്രകാരം ഗാസ്പര്‍ പയസ് എന്ന വൈദികനെ 1581 ല്‍ ആത്മീയസേവനങ്ങള്‍ക്കായി അവിടെ നിയോഗിച്ചു. തുടര്‍ന്ന് 1581ല്‍ തടിയും ഓലയും ഉപയോഗിച്ച് ഒരു ദേവാലയം പണിതു. മുത്തേടത്ത് രാജാവിന്റെ അനുമതിയോടു കൂടിയായിരുന്നു ഇത്. പള്ളിയില്‍ തടിയില്‍ തീര്‍ത്ത ഒരു കുരിശും വെച്ചു. ക്രിസ്തുവിന്റെ ശിഷ്യനായ അന്ത്രയോസിന്റെ നാമധേയത്തിലായിരുന്നു ആദ്യം പള്ളി പണിതത്. പള്ളിയുടെ ആദ്യത്തെ വികാരി ഗാസ്പര്‍ പയസ് ആയിരുന്നു. തുടര്‍ന്ന് മുത്തേടത്ത് രാജാവ് ഇവിടെയെത്തുകയും ദൈവത്തിന്റെ ഭവനമായി ഇത് പരിപാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

1582 നവംബറില്‍ വികാരിയായിരുന്ന ഗാസപര്‍ പയസ് അന്തരിച്ചു. തുടര്‍ന്ന് മറ്റൊരു വൈദികന്‍ ചുമതലയേറ്റെങ്കിലും അദ്ദേഹം കൊച്ചിയിലായിരുന്നു താമസം. 1583 നവംബറില്‍ അന്ത്രയോസ് പുണ്യവാളന്റെ തിരുന്നാളിനോട് അനുബന്ധിച്ച് 500 പേര്‍ മാമ്മോദീസ സ്വീകരിച്ചു. 1584ല്‍ കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് ഏഴുവര്‍ഷം കൊണ്ട് ഇവിടെ പുതിയൊരു പള്ളി പൂര്‍ത്തിയാക്കി.
webdunia
PRO


1619ല്‍ വികാരിയായെത്തിയ ഫാ ഫെനിസിയോ പള്ളി പുതുക്കി പണിതു. ജനങ്ങള്‍ക്ക് ഇദ്ദേഹത്തെ വളരെ ഇഷ്‌ടമായിരുന്നു. ജനങ്ങള്‍ ഇദ്ദേഹത്തെ വെളുത്തച്ചന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. വിശുദ്ധനായ സെന്റ് സെബാസ്ത്യാനോസിന്റെ പേരായിരുന്നു വെളുത്തച്ചന്‍ എന്നത്. ജീവിച്ചിരുന്നപ്പോള്‍ നിരവധി അദ്ഭുതപ്രവൃത്തികള്‍ ഈ വൈദികന്‍ ചെയ്തിരുന്നു. കിഴക്കിന്റെ രണ്ടാമത്തെ അപ്പസ്തോലനായി വാഴ്ത്തപ്പെട്ട ഇദ്ദേഹം 1632ലായിരുന്നു മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം ഇപ്പോഴും പഴയ പള്ളിയുടെ അള്‍ത്താരയ്ക്കു സമീപമായി നിലനിര്‍ത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിനുശേഷം, വികാരിയായ് എത്തിയത് ഫാ ഫൊന്‍സാകോ ആയിരുന്നു. 1640ല്‍ ഇദ്ദേഹം പള്ളി പുതുക്കിപ്പണിതു. ഈ സമയത്താണ് വിശുദ്ധ സെബസ്ത്യാനോസിന്റെ അദ്ഭുത രൂപം മിലാനില്‍ നിന്ന് കടല്‍മാര്‍ഗം ഇവിടെ എത്തിയത്. സെബസ്ത്യാനോസിന്റെ ഈ അത്ഭുതരൂപമാണ് അര്‍ത്തുങ്കല്‍ പള്ളിയെ ലോകത്തിലെ തന്നെ വലിയ തീര്‍ത്ഥാടനകേന്ദ്രമാക്കിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാര്‍മെലൈറ്റ് മിഷണറിമാര്‍ പള്ളിയുടെ ചുമതല ഏറ്റെടുത്തു.

നിരവധി വികാരിമാര്‍ മാറിമാറി വന്നതിനു ശേഷം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതുയോടു കൂടിയാണ് പ്രദേശത്തു നിന്നു തന്നെയുള്ള ഒരു ഇടവക വികാരിയെ ഈ ദേവാലയത്തിനു ലഭിച്ചത്. വൈദികനായ ഗാസ്പര്‍ ബൈലോണ്‍ ഡി മാരിയടോറിസ് കൈതവളപ്പില്‍ ആയിരുന്നു ആദ്യത്തെ പ്രാദേശിക വികാരി. ഇപ്പോള്‍ ഉള്ള അര്‍ത്തുങ്കല്‍ ദേവാലായത്തിന്റെ തറക്കല്ലിടല്‍ 1910ല്‍ ആണ് നടന്നത്. ഫാ. വിനസന്റ് ദാസ് നവിസിന്റെ കാലഘട്ടത്തിലായിരുന്നു അത്.

ആലപ്പുഴ രൂപതയിലെ ഫൊറോനയാണ് അര്‍ത്തുങ്കല്‍ പള്ളി. 1800ലധികം കുടുംബങ്ങളാണ് ഈ ഇടവകയില്‍ ഉള്ളത്. ലത്തീന്‍ ആരാധനാക്രമം പിന്തുടരുന്ന പള്ളിയിലെ തിരുനാള്‍ ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിശുദ്ധ അന്ത്രയോസിന്റെ പേരിലാണ് ദേവാലയമെങ്കിലും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാണ് അര്‍ത്തുങ്കല്‍ പെരുന്നാളായി ആഘോഷിക്കുന്നത്. സെബസ്ത്യാനോസിന്റെ രൂപം പ്രദക്ഷിണത്തിനെടുക്കുന്ന ജനുവരി 20ന് ആണ് ഇവിടുത്തെ പ്രധാന ആഘോഷം.

ആലപ്പുഴ ജില്ലയിലുള്ള ഈ പള്ളി ചേര്‍ത്തല താലൂക്കില്‍പ്പെട്ടതാണ്. ചേര്‍ത്തല റയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

(ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: http://www.arthunkalchurch.org)

Share this Story:

Follow Webdunia malayalam