Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ണാറശാല നാഗരാജ ക്ഷേത്രം

മണ്ണാറശാല നാഗരാജ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജാ ക്ഷേത്രമായ മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന മൂര്‍ത്തി ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

മഞ്ഞളിന്‍റെ ഹൃദ്യഗന്ധവും പുള്ളുവന്‍ പാട്ടിന്‍റെ ഈണവും നിറഞ്ഞുനില്‍ക്കുന്നതാണ് മണ്ണാറശാല ക്ഷേത്ര പരിസരം.ഹരിപ്പാട് ബസ് സ്റ്റേഷനില്‍ നിന്നും റയില്‍‌വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് മൂന്നര കിലോമീറ്റര്‍ അകലെയാണ് നാഗരാജാ ക്ഷേത്രം.

തുലാത്തിലെ ആയില്യമാണ് ഇവിടത്തെ പ്രധാന ആഘോഷം. മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ ഇത് പ്രസിദ്ധമാണ്.അന്നു ഉച്ചയ്ക്ക് നാഗരാജാവിഗ്രഹവുമായി വലിയമ്മ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.

ഇക്കുറി ഇരുപത്തിരണ്ടാം തീയതി രാത്രി യേശുദാസിന്‍റെ സംഗീത സദസ്സും രാത്രി പത്ത് മണിക്ക് കഥകളിയുമാണ് നടക്കുക. ആയില്യത്തിന് രാത്രി 8.30 മുതല്‍ രാജശ്രീ വാര്യരുടെ ഭരതനാട്യം ഉണ്ടായിരിക്കും.

ഏതാണ്ട് മുപ്പത് ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ ഭൂരിഭാഗവും കാവാണ്. മണ്ണാറശാല ഇല്ലം വകയാണ് ക്ഷേത്രം. കിഴക്കോട്ടാണ് ദര്‍ശനം. പീഠത്തിലുള്ള വിഗ്രഹത്തിന് അഞ്ചടി ഉയരം. പൂജ ഒരുനേരമെയുള്ളു. ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവര്‍ ഉപദേവതമാര്‍.



ഒരു ലക്ഷത്തിലധികം നാഗരൂപങ്ങള്‍

ക്ഷേത്രത്തിനകത്ത് ഒരുലക്ഷത്തിലധികം നാഗരൂപങ്ങളുണ്ട്. സ്ത്രീകളാണ് ഇവിടത്തെ പൂജാരിമാര്‍. പ്രധാന പൂജ അവരും ഉപപൂജകള്‍ പുരുഷന്മാരുമാണ് നടത്തുന്നത്. ക്ഷേത്ര മതിലിനു പുറത്ത് വലിയമ്മയുടെ തേവാരപ്പുര കാണാം. പടിഞ്ഞാറായി ഒരു കൂവളത്തറയും.

കുഴിക്കുളങ്ങര ഭദ്രകാളിയുടേയും കുര്യം‌കുളങ്ങര ധര്‍മ്മശാസ്താവിന്‍റെയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. കുഷ്ഠം, വെള്ളപ്പാണ്ട്, കണ്ണ് രോഗങ്ങള്‍, സന്താനദുരിതം എന്നിവയ്ക്കായി ഇവിടെ നൂറും പാലും നേദിക്കും. പാമ്പ് കടിച്ചാല്‍ ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ വിഷം ഛര്‍ദ്ദിക്കും.

മലയാള മാസം ഒന്നാം തീയതി, പൂയം നാള്‍, മാഘമാസത്തിലെ തുടക്കം മുതല്‍ ശിവരാത്രിയുടെ തലേന്നു വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി, തുലാം മാസങ്ങളില്‍ ആയില്യത്തിനു മുമ്പ് 12 ദിവസം എന്നിവ വലിയമ്മ നടത്തുന്ന പൂജകളാണ്.

എല്ലാ മാസവും ആയില്യത്തിന് നിലവറയ്ക്കകത്ത് നൂറും പാലും, ശിവരാത്രി ദിവസത്തെ സര്‍പ്പബലി, പിറ്റേന്ന് അപ്പൂപ്പന്‍ കാവില്‍ നൂറും പാലും എന്നിവയും മണ്ണാറശാല അമ്മയുടെ പൂജയാണ്.


ഉരുളി കമിഴ്ത്തല്‍

മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഉരുളി കമിഴ്ത്തലാണ്. കുഞ്ഞുങ്ങളില്ലാതെ ദു:ഖിക്കുന്നവര്‍ ക്ഷേത്രത്തില്‍ ഉരുളി കമിഴ്ത്തിയാല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. കുഞ്ഞുണ്ടായി ആറു മാസത്തിനകം ക്ഷേത്രത്തില്‍ എത്തി കമിഴ്ത്തിവച്ച ഉരുളി നിവര്‍ത്തി പായസം വച്ച് സര്‍പ്പങ്ങള്‍ക്ക് നിവേദിക്കുന്നു.

മണ്ണാറശാല ആയില്യത്തിന് എഴുന്നള്ളത്തിനോട് അനുബന്ധിച്ച് സദ്യയും കലാപരിപാടികളും ഉണ്ടാവാറുണ്ട്. പഴം, പാല്‍, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പ വിഗ്രഹങ്ങള്‍, ആള്‍ രൂപങ്ങള്‍ എന്നിവ നടയിലെ വഴിപാടുകളാണ്.

ശിവരാത്രിക്ക് മാത്രമേ ഇവിടെ സന്ധ്യയ്ക്ക് ദീപാരാധനയുള്ളു. അന്ന് മറ്റ് പൂജകളും അത്താഴപൂജയും ഉണ്ടാവും.

(ആലപ്പുഴ ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട നാഗരാജാ ക്ഷേത്രമാണ് വെട്ടിക്കോട്ടുള്ളത്. കായംകുളം - അടൂര്‍ റൂട്ടിലാണ് വെട്ടിക്കോട്. കായം‌കുളത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. )



Share this Story:

Follow Webdunia malayalam