Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരൂ, മൂകാംബികാ സന്നിധിയിലേക്ക്!

വരൂ, മൂകാംബികാ സന്നിധിയിലേക്ക്!
, ബുധന്‍, 5 ഒക്‌ടോബര്‍ 2011 (11:39 IST)
PRO
അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം. കുടജാദ്രി മലയുടെ പവിത്രത പേറി വരുന്ന സൌപര്‍ണ്ണികയുടെ തലോടലേറ്റ് ശാന്തമായ പുണ്യഭൂമി. ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ്‌ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്.

നടുവില്‍ സ്വര്‍ണരേഖ ഉള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിന്‍റെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലനരികിലാണ്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്‍ തപസ്സിനിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യന്‍ നിര്‍ദേശിച്ച പ്രകാരമാണ്‌ ഇന്നും ക്ഷേത്രത്തിലെ പൂജാവിധികള്‍ നടക്കുന്നത്‌. ആദിശങ്കരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്. ആദിശങ്കരന്‍ നടത്തിയ തപസില്‍ സം‌പ്രീതയായി ദേവി പ്രത്യക്ഷപ്പെടുകയും ദര്‍ശനത്തില്‍ കണ്ട അതേ രൂപത്തില്‍ തന്നെ സ്വയംഭൂവിനു പുറകില്‍ ദേവിയുടെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഈ ഐതീഹ്യം. പരശുരാമനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നും ഐതീഹ്യമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കൊല്ലൂര്‍ മഹാരണ്യപുരം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. സന്യാസവര്യനായ കോല മഹര്‍ഷി അന്ന് ദേവിയെ പ്രീതിപ്പെടുത്താനായി സൌപര്‍ണ്ണികാ തീരത്ത് തപസനുഷ്ഠിക്കാന്‍ ആരംഭിച്ചു. ഇതേ സമയം മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇവിടെ തപസ്സുചെയ്തിരുന്നു. അസുരന്‍റെ കൊടും തപസ്സില്‍ സം‌പ്രീതനായി കൈലാസനാഥന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാന്‍ കഴിയാത്ത വിധത്തില്‍ അസുരനെ പാര്‍വതി ദേവി മൂകനാക്കി മാറ്റി. ഇതില്‍ കോപിഷ്ഠനായ അസുരന്‍ ദേവിയെ തപസു ചെയ്തിരുന്ന കോല മഹര്‍ഷിക്ക് നേരെ തിരിഞ്ഞു. ഒടുവില്‍ ഭക്തനെ രക്ഷിക്കാനായി മൂകാസുരനെ വധിച്ച ദേവി മഹര്‍ഷിയുടെ അപേക്ഷ അനുസരിച്ച് അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു മറ്റൊരു സങ്കല്‍പം.

നൂറ്റിയെട്ട്‌ ശക്‌തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ്‌ ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്‌തി സാന്നിധ്യവും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ ആ‍രംഭിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം. നൂറ് കണക്കിന് കുരുന്നുകളാണ് കൊല്ലൂരില്‍ എല്ലാവര്‍ഷവും വിദ്യാരംഭം കുറിക്കുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും തീര്‍ത്ഥാടകര്‍ക്ക് കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന സ്ഥലത്ത് ഒരു ക്ഷേത്രവും കാണാം.

കുടജാദ്രിയുമയി ബന്ധപ്പെട്ടും ക്ഷേത്രത്തിന് ഒരു ഐതിഹ്യമുണ്ട്. ആദിശങ്കരന്‍ കുടജാദ്രിയില്‍ തപസ്സു ചെയ്യുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുമതി തരണമെന്നും അപേക്ഷിച്ചു. ആഗ്രഹം സമ്മതിച്ച ദേവി ലക്‍ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞുനോക്കിയാല്‍ താന്‍ അവിടെ പ്രതിഷ്ഠിതയാകുമെന്നും ഉള്ള വ്യവസ്ഥയും വച്ചു. കൊല്ലൂരെത്തിയപ്പോള്‍ പൊടുന്നനെ ദേവി തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിച്ചു. തുടര്‍ന്ന് ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി അവിടെ പ്രതിഷ്ഠിതയായി എന്നും ഐതീഹ്യമുണ്ട്.

webdunia
PRO
ഗര്‍ഭഗ്രഹത്തിനു പുറകിലായി വടക്കേ മൂലയില്‍ ശങ്കരപീഠം കാണാം. ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയും ഉണ്ട്. കുടജാദ്രി മലകളില്‍ നിന്നും ഉത്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.

മംഗലാപുരത്ത് നിന്നും ഏതാണ്ട് 135 കിലോമീറ്റര്‍ അകലെയാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഉഡുപ്പിയില്‍ നിന്ന് 80 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൂകാംബികയിലെത്താം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലൂരിലേക്ക് യാത്രാസൌകര്യമുണ്ട്.

webdunia
PRO
മീനത്തിലെ ഉത്രം നാളിലാണ്‌ മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റം. ഒന്‍പത്‌ നാളാണ്‌ ഉത്സവം. എല്ലാ വര്‍ഷവും ദേവിയുടെ ജന്മനക്ഷത്രമായ മീനമാസത്തെ മൂലം നാളില്‍ മഹാരഥോല്‍സവം നടക്കും. ഒന്‍പതു ദിവസത്തെ ഉല്‍സവമാണിത്‌. ഏഴു നിലകളുള്ള ബ്രഹ്മരഥമാണ് രഥോതത്സവത്തിന്‌ ഉപയോഗിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെ നിര്‍മാല്യ ദര്‍ശനം മുതലാണ്‌ മഹാരഥോല്‍സവ ദിന ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിക്കുക. ഒരു മണിക്കൂറിനകം ഉഷഃപൂജ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചിനാണ്‌ നിര്‍മാല്യ ദര്‍ശനം.

രഥോത്സവദിനം പുലര്‍ച്ചെ ദേവിയുടെ രഥാരോഹണം നടക്കും. അലങ്കരിച്ച മഹാരഥത്തിലേക്ക്‌ ദേവി ബലിബിംബമേറുന്ന ചടങ്ങാണിത്‌. വൈകിട്ട് അഞ്ചുമണിയോടെയാണ് രഥോല്‍സവത്തിന്‌ ആരംഭം കുറിച്ച്‌ രഥചലനം ആരംഭിക്കുന്നത്. പ്രധാന ഗോപുര നടയില്‍ നിന്ന്‌ ഓലക മണ്ഡപം വരെയും തിരിച്ചും രഥം എഴുന്നള്ളിക്കും. രാത്രി ക്ഷേത്രക്കുളത്തില്‍ ആറാട്ടും സൗപര്‍ണികയില്‍ തീര്‍ഥശുദ്ധി ഹോമം, പ്രതീകാത്മക 'മൃഗവേട്ടയും നടക്കും. ആയിരങ്ങളാണ് ഉത്സവ നാളില്‍ കൊല്ലൂരിലേക്ക് എത്തുന്നത്.

Share this Story:

Follow Webdunia malayalam