Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം
ദക്ഷിണ ഭാരതത്തിലെ പുകള്‍പെറ്റ ശൈവക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനത്താണ് വൈക്കം മഹാദേവ ക്ഷേത്രം. ദക്ഷിണ കാശിയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്‍െറ ഉത്പത്തിയെക്കുറിച്ച് ഐതീഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ രേഖകളൊന്നുമില്ല.


പ്രധാന മൂര്‍ത്തി ശിവന്‍. സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് .
ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണ്.

ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍

കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രാകാളി മറ്റപ്പള്ളിയും. ഉപദേവത: കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, ഉടല്‍ കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി.

എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍.64 അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരം.

കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍.


ഘട്ടിയം ചൊല്ലല്‍

വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങണ് ഘട്ടിയം ചൊല്ലല്‍.ശ്രീബലിക്ക് എഴുഇന്നള്ളത്ത് നടക്കുമ്പോള്‍ ഭവാന്‍റെ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന ചടങ്ങാണിത്.

12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്‍റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.

ഈ ശിവക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്.രാമായണം കഥയാണവയില്‍ കൊത്തിവച്ചിരിക്കുന്നത്.

‘മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവി-
ലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം‘.
എന്ന് രാമപുരത്ത് വാരിയര്‍ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.


പ്രത്യേകതകള്‍

കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. വാസ്തു വിദ്യയില്‍ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികള്‍ക്ക് മാത്രമേ ഇത്തരമൊരു അപൂര്‍വ രചന ചെയ്യാന്‍ കഴിയുകയുള്ളു. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം.

മറ്റൊന്ന് ചെങ്ങന്നൂര്‍ കൂത്തന്പലമാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.

വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്‍െറ അഷ്ടമി ദര്‍ശനത്തിനും ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ വേണ്ടി ഭാരതത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.


ചടങ്ങുകള്‍

ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാന്‍ മകന്‍, സുബ്രഹ്മണ്യന്‍ പുറപ്പെടുന്പോള്‍ പുത്രവിജയത്തിന് വേണ്ടി ശിവന്‍ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവന്‍ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു.

കിഴക്കേ ആനപന്തലില്‍ മകനെ കാത്തിരിക്കുന്ന ശിവന്‍,വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേല്‍ക്കുന്നു.കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് "വലിയ കാണിക്ക' ആരംഭിക്കുന്നു.

കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍െറ ഹൃദയസ്പൃക്കായ വിടവാങ്ങള്‍ നടക്കുന്നു. ശോകരസം തുളുന്പുന്ന അകന്പടിയോടെ ഉദയനാപുരത്തപ്പന്‍ യാത്രപറയുന്ന ചടങ്ങിനെ "കൂടിപ്പിരിയല്‍'' എന്നാണ് പറയുക.

അഷ്ടമി വിളക്കിന്‍െറ അവസാനം ശിവപെരുമാള്‍ ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.



Share this Story:

Follow Webdunia malayalam