Mothers Day Special : കവിത: തകര്‍ന്നുവീണ ഹൃദയത്തില്‍ നിന്ന്...

Webdunia
ഞായര്‍, 8 മെയ് 2022 (10:11 IST)
-നവ്യ ജോസഫ്- 
 
അമ്മ മരിച്ച വീട്ടിലെ 
നിലവിളികളെക്കുറിച്ച്, 
രാത്രികളെക്കുറിച്ച്, 
പകലുകളെക്കുറിച്ച് 
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 
 
രക്തക്കുഴലുകള്‍ 
മരവിച്ചതായും, 
കാഴ്ചയില്‍ ഇരുട്ട് 
പടരുന്നതായും, 
ശബ്ദമില്ലാതെ നാവ് 
വരളുന്നതായും, 
ഒഴുകാനാവാതെ മിഴി 
വറ്റുന്നതായും നിങ്ങള്‍ക്ക് 
അനുഭവപെട്ടിട്ടുണ്ടോ?  
 
തകര്‍ന്ന ഹൃദയമിടിപ്പുകള്‍ 
ചുറ്റുഭിത്തിയില്‍ പ്രതിധ്വനിച്ച് 
നിങ്ങളുടെ കേഴ്വിയെ 
അസ്വസ്ഥമാക്കിയിട്ടുണ്ടോ? 
 
ഇങ്ങനെ, 
ഇങ്ങനെയൊക്കെയാണ് 
മരണവീട്ടില്‍ നിലവിളികള്‍ 
പിറവിയെടുക്കുന്നത് !
 
ആദ്യം നിശബ്ദമാക്കും 
പിന്നെ കണ്ണുനീര്‍വാര്‍ക്കും 
പിന്നെ നിലയില്ലാത്താഴത്തിലേക്ക് 
അബോധത്തില്‍ അലറി വിളിക്കും.. 
 
ഉണരാത്തമ്മക്ക് ഉറങ്ങാതെ 
നിങ്ങള്‍ കൂട്ടിരുന്നിട്ടുണ്ടോ? 
 
മുടിചൂടുന്ന മുല്ലപ്പൂക്കള്‍ക്ക് 
ശവമഞ്ചഗന്ധമാണെന്നും, 
ചന്ദനത്തിരി നാസാരങ്ങളെ 
മരവിപ്പിക്കുമെന്നും 
കണ്ണുനീര് കവിളിനെ 
പൊള്ളിക്കുമെന്നും 
അപ്പോഴാണ് നിങ്ങളറിയുക.. 
 
അമ്മ ഉണരാത്ത പ്രഭാതങ്ങളില്‍ 
നിങ്ങള്‍ ഉണര്‍ന്നിട്ടുണ്ടോ? 
 
പിന്നാമ്പുറത്ത് ചാരിവെച്ച കുറ്റിച്ചൂലും 
കരഞ്ഞുറങ്ങുന്നുണ്ടാവും, 
തൊടിയിലെ പൂക്കള്‍ പാതിവാടി 
വിടരാന്‍ മടിക്കുന്നുണ്ടാവും.. 
 
പാല്‍പാത്രത്തിലും പൈപ്പുപിടിയിലും 
തലോടി തലോടി അമ്മയുടെ വിരല്‍-
പ്പാടുകള്‍ നിങ്ങള്‍ തൊട്ടറിയും.. 
 
നോവ് നീറ്റുമ്പോഴൊക്കെ 
അലമാരക്കരികെ-
യിരുന്ന് സാരിമണങ്ങളില്‍ 
മരുന്ന് കണ്ടെത്തും.. 
 
തളരില്ലെന്ന് പറഞ്ഞുപഠിപ്പിച്ച മനസ്സ്, 
ഹോസ്റ്റല്‍ മുറിയിലെ 
കട്ടില്‍കാലില്‍ തലതല്ലികരയുന്നകണ്ട് നിസ്സഹായതയോടെ 
നിങ്ങള്‍ നോക്കി നില്‍ക്കും.. 
 
ഉറക്കം വരാത്ത രാത്രികളില്‍ 
വരാന്തയുടെ ആകാശത്തെ 
നക്ഷത്രങ്ങളില്‍ 
അമ്മമുഖം നിങ്ങള്‍ കാണും.. 
 
അങ്ങനെയങ്ങനെ ഓരോ വഴികളിലും 
നിങ്ങളവരെ തിരഞ്ഞുകൊണ്ടേയിരിക്കും 
ഒറ്റക്കിരിക്കുമ്പോഴൊക്കെ ഓരത്തിരു-
ന്നെങ്കിലെന്ന് കിനാവുകാണും.. 
 
ഉണങ്ങാത്ത മുറിവിനെ താരാട്ടിയും 
ചുംബിച്ചും അവ ദുഃസ്വപ്നങ്ങളാ-
വണേയെന്നാശിക്കും.. 
 
ഉറങ്ങിയുണരുമ്പോള്‍ 
സ്വപ്നങ്ങളല്ലെന്നറിയുമ്പോള്‍ 
നിങ്ങളുടെ ഹൃദയം 
വീണ്ടും തകര്‍ന്നുവീഴും.. 
 
വാരിയെടുത്ത് ചേര്‍ത്തു-
വെക്കാനായെങ്കിലെന്ന് മോഹിച്ച് 
വീണ്ടും വീണ്ടും നിങ്ങള്‍ 
മുറിപ്പെട്ടുകൊണ്ടേയിരിക്കും..

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

സ്ഥിരമായി തലവേദനയാണോ, അസിഡിറ്റിയായിരിക്കാം കാരണം

അടുത്ത ലേഖനം
Show comments