മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത് സ്ത്രീകളാണ് പൂജാരിണിയായ അന്തര്‍ജ്ജനത്തെ വലിയമ്മ എന്നാണ് വിളിക്കുക. ഇത് പാരമ്പര്യമായി തുടര്‍ന്നുവരുന്ന ഒരു സ്ഥാനമാണ്.ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശ്ശാല ക്ഷേത്രം.
എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നക്ഷത്രം, മകരത്തിലെ കറുത്ത വാവു മുതല്‍ കുംഭത്തിലെ ശിവരാത്രി വരെ, കര്‍ക്കിടകം ഒന്നു മുതല്‍ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിനു മുമ്പുള്ള 12 ദിവസം എന്നിവയാണ് വലിയമ്മ നേരിട്ട് നടത്തുന്ന പൂജകള്‍.
ക്ഷേത്രത്തിലെ സര്‍പ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പന്‍ കാവിലും നൂറും പാലും നല്‍കല്‍ തുടങ്ങിയവയും വലിയമ്മയുടെ കാര്‍മ്മികത്വത്തിലാണ്.
വളരെയേറെ സവിശേഷതകളുണ്ട് മണ്ണാറാശാല അമ്മയ്ക്ക്. മണ്ണാറശാല ഇല്ലത്തില്‍ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക. ഇതിനായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.
മുമ്പ് ഈ ക്ഷേത്രത്തിലെ പൂജ പുരുഷന്മാര്‍ തന്നെയായിരുന്നു നടത്തിയിരുന്നത്. ഒരിക്കല്‍ കന്നി ആയില്യത്തിനു തലേദിവസം പൂജാരിയായിരുന്ന നമ്പൂതിരിക്ക് അശുദ്ധി വന്നു. ഉച്ച പൂജ നടത്താന്‍ ആളില്ല. പകരക്കാരനുമില്ല.
അപ്പോള്‍ ഇല്ലത്തെ അന്തര്‍ജ്ജനം കഠിനമായി പ്രാര്‍ത്ഥിച്ചു, ഇല്ലത്തിനെ ആപത്തില്‍ പെടുത്തരുതേ ആയില്യ പൂജ മുടങ്ങരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. അപ്പോള്‍ ഉച്ച പൂജയും ആയില്യ പൂജയും ഇവര്‍ തന്നെ നടത്തട്ടെ എന്ന് അശരീരി വന്നു. അതനുസരിച്ച് അവര്‍ പൂജകള്‍ ചെയ്തു.
പിന്നീടങ്ങോട്ട് എല്ലാ പൂജകളും അവര്‍ തന്നെ നടത്താന്‍ തുടങ്ങി. ഇവര്‍ ഭൌതിക ജീവിതം വെടിഞ്ഞ് പൂജയും വ്രതവുമായി കഴിഞ്ഞതോടെ വലിയമ്മ എന്ന സ്ഥാനം ലഭിച്ചു. അങ്ങനെയാണ് ഇല്ലത്തെ അന്തര്‍ജ്ജനം മണ്ണാറശാല അമ്മയായി മാറിയത്.
ആദ്യത്തെ അമ്മ ശ്രീദേവി അന്തര്‍ജ്ജനമായിരുന്നു. മറ്റുള്ളവരെല്ലാം മുന്‍ഗാമിയുടെ മരണത്തിനു ശേഷം സ്ഥാനമേറ്റവരാണ്. ശവമെടുക്കും മുമ്പ് തന്നെ പുതിയ അമ്മയെ ആ സ്ഥാനത്തിരുത്തുക പതിവാണ്.
ഇല്ലത്തിനും ക്ഷേത്രത്തിനും ഇടയിലുള്ള ഒരു സ്ഥലത്താണ് ശവം അടക്കുക. അന്ന് നഗദേവതകളും ഭക്തരും ദു:ഖമാചരിക്കും. അന്ന് ക്ഷേത്രത്തില്‍ പാലും പഴവും മാത്രമേ നേദിക്കുകയുള്ളു. അതും ഒരു നേരം മാത്രം.
മണ്ണാറശാലയിലെ വലിയമ്മമാരില്‍ ഏറെക്കാലം ആ സ്ഥാനത്തിരുന്നതും ജീവിച്ചതുമായ അമ്മ സാവിത്രി അന്തര്‍ജ്ജനമാണ്. ഈ അമ്മയുടെ മടിയില്‍ സര്‍പ്പക്കുഞ്ഞുങ്ങള്‍ ഇഴഞ്ഞു നടക്കുമായിരുന്നു. വളരെയധികം സിദ്ധികളുള്ള അവര്‍ 90 വയസ്സുവരെ ജീവിച്ചു. പതിനാലാമത്തെ വയസ്സില്‍ മണ്ണാറശാല അമ്മയായ അവര്‍ എഴുപത്തഞ്ച് കൊല്ലത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു.
ഉമാദേവി അന്തര്‍ജ്ജനം ആണ് ഇപ്പോഴത്തെ വലിയമ്മ. 1993 മുതല്‍ അവര്‍ ഈ സ്ഥാനത്ത് തുടരുന്നു. അവരുടെ നേതൃത്വത്തിലാണ് 23 ന് ആയില്യ പ്രദക്ഷിണം നടക്കുക. മണ്ണാറശാല അമ്മയായിക്കഴിഞ്ഞാല്‍ ഐഹിക ജീവിതത്തില്‍ പല നിയന്ത്രണങ്ങള്‍ ഉണ്ട്.
ദാമ്പത്യ ജീവിതം പാടില്ല. ഇല്ലത്തിനു പുറത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യരുത്. പോകേണ്ടിവന്നാല്‍ ഇരുട്ടിനു മുമ്പേ തിരിച്ചെത്തണം. പൂജ, വ്രതം, ധ്യാനം എന്നിവയുമായി സദാസമയം കഴിയണം. അമ്മയല്ലാതെ ചില തന്ത്രിമാരും മണ്ണാറശാലയില്‍ പൂജ കഴിക്കാറുണ്ട്. പക്ഷെ അവയൊന്നും പ്രധാന പൂജകളല്ല.