Webdunia - Bharat's app for daily news and videos

Install App

അഗസ്ത്യവന്ദനം പ്രകൃതിവന്ദനം

Webdunia
അഗസ്ത്യാര്‍കൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച പര്‍വ്വതശിഖരമെന്ന് വിശ്വസിക്കപ്പെടുന്ന അഗസ്ത്യാര്‍കൂടത്തിനിപ്പോള്‍ തീര്‍ത്ഥാടന കാലമാണ്.

തീര്‍ത്ഥാടകര്‍ തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബോണക്കാട് എത്തി 30 കിലോമീറ്റര്‍ കാല്‍നടയായി നടന്ന് കരമനയാര്‍, അട്ടയാര്‍, കുട്ടിയാര്‍ എന്നിവയുടെ കൈവഴികള്‍ പിന്നിട്ട് ഏഴുമടക്കന്‍ മലയും മുട്ടിടിച്ചാന്‍ മലയും അതിരുമലയും കടന്ന് പൊങ്കാലപ്പാറയിലെത്തുന്നു.

ഇവിടെ താമ്രപര്‍ണി നദി തീര്‍ക്കുന്ന തടാകത്തില്‍ മുങ്ങിക്കുളിച്ച് കൊടുമുടി കയറുന്നു. അഗസ്ത്യമുടിയുടെ നെറുകയിലുളള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളത്. തീര്‍ത്ഥാടകര്‍ സ്വയം പൂജനടത്തി മലയിറങ്ങുകയാണ് പിന്നെ.

അഗസ്ത്യവന്ദനം പ്രകൃതിവന്ദനമാണിവിടെ. സാഹസികതയും ഭക്തിയും പ്രകൃതിയുമൊക്കെ ഈ യാത്രയില്‍ സമ്മേളിക്കുന്നു. പ്രകൃതിയെ വണങ്ങാനായി മാത്രമൊരു തീര്‍ത്ഥാടനം. അമ്പലമില്ലാത്ത, പൂജാവിധികളില്ലാത്ത, കാണിക്കയും ദക്ഷിണയുമില്ലാത്ത തീര്‍ത്ഥാടനം. മകരവിളക്കുനാള്‍ തുടങ്ങി ശിവരാത്രിയോടെയാണ് ഇവിടുത്തെ തീര്‍ത്ഥാടന കാലം അവസാനിക്കുക.

അതിരുമലയിലേക്കുള്ള യാത്രയില്‍ അപൂര്‍വ്വയിനം പക്ഷികള്‍, ശലഭങ്ങള്‍, മലയണ്ണാന്‍ തുടങ്ങിയവയൊക്കെ കാണാന്‍ കഴിയും. ആന, കാട്ടുപോത്ത്, ഉഗ്രവിഷമുള്ള പാമ്പുകള്‍, കടുവ, പുലി തുടങ്ങിയവയും സുലഭം. ഔഷധ സസ്യങ്ങളുടെ കലവറയിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള യാത്ര ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

വഴിയരികിലുള്ള ചാത്തന്‍ അപ്പ്, കരടി അപ്പ് എന്നീ പാറയടുക്കുകള്‍ വിശ്രമ കേന്ദ്രങ്ങളാണ്. പുല്‍മേടുകള്‍, ഇലപൊഴിയും വനം, നിത്യഹരിത വനം, ചോലക്കാടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥയിലൂടെയാണ് യാത്ര. വിഗ്രഹത്തിന്‍റെ സാദൃശ്യമുള്ള പാറകള്‍ നിരന്ന് കിടക്കുന്ന വിഗ്രഹപ്പാറ മറ്റൊരു കൗതുകമാണ്. ആദ്യ ദിവസത്തെ യാത്ര ഇവിടെയാണ് അവസാനിക്കുക.

മലദേവനായ കറുപ്പാ സ്വാമിയുടെ നടയില്‍ തിരിതെളിയിച്ചാണ് രണ്ടാം ദിവസം യത്ര തുടങ്ങുക. ആനച്ചൂരുള്ള ഈറ്റക്കാടുകള്‍ കടന്ന് പൊങ്കാലപ്പാറയിലെത്തുന്നു. പൂക്കള്‍ നിറഞ്ഞ സസ്യലതാദികളുടെ വൈവിദ്ധ്യവും സമൃദ്ധിയും ആരുടെയും മനം കുളിര്‍പ്പിച്ചേക്കും. അഗസ്ത്യാര്‍കൂടത്തെ കൈലാസത്തോട് ഉപമിക്കുന്ന തീര്‍ത്ഥാടകര്‍ ഈ താഴ്വാരത്തെ തടാകത്തിനെ "മാനസസരോവര്‍' എന്നും വിളിക്കുന്നു.

അഗസ്ത്യഗീതയില്‍ നിന്ന് ഉത്ഭവിച്ച് തമിഴകത്തേക്ക് ഒഴുകുന്ന "താമ്രപര്‍ണ്ണി' തീര്‍ക്കുന്നതാണ് ഈ തടാകം. ഇവിടെ മുങ്ങിക്കുളിച്ച് പൂജയ്ക്കുള്ള തീര്‍ത്ഥവും ശേഖരിച്ചാണ് യാത്ര തുടരുക.

ഇവിടെ മുതലുള്ള യാത്ര വര്‍ണ്ണനാതീതമാണ്. ഓരോ നിമിഷവും മിന്നിമായുന്ന പ്രകൃതിയുടെ ഉദാത്തഭാവങ്ങള്‍. വീശിയടിക്കുന്ന തണുത്ത കാറ്റും അടുത്തു നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന കോടമഞ്ഞും, ഭീതിയും സാഹസികതയും പകര്‍ന്നു തരുന്ന ഇരുണ്ട കാനനപാത പിന്നിട്ട് അഗസ്ത്യശൃംഖത്തിലെത്തുമ്പോള്‍ സ്വര്‍ഗ്ഗം തന്നെ മുന്നില്‍ കാണുകയായി. പച്ച പുതച്ച മലനിരകളം അതി സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും, പേപ്പാറ - നെയ്യാര്‍ ജലസംഭരണികളും അവിടെയെത്തിച്ചേരുന്ന നദികളും.

തീര്‍ത്ഥാടകന് അഗസ്ത്യനെ സ്വയം പൂജിക്കാനുള്ള അസുലഭ സൗഭാഗ്യവും ഇവിടെ കിട്ടും. പിന്നെ അഗസ്ത്യനെയും പ്രകൃതിയെയും വന്ദിച്ച് മലയിറക്കമാണ്.

1869 മീറ്റര്‍ ഉയരമുള്ള അഗസ്ത്യമുനി ഉയരത്തില്‍ കേരളത്തിലെ രണ്ടാം സ്ഥാനക്കാരനാണ്. വനം വകുപ്പിന്‍റെ അനുമതിയോടെയേ ഇവിടെ പ്രവേശനമുള്ളൂ.

നെയ്യാര്‍ഡാം-കൊമ്പൈ-മീന്‍മുട്ടി-ഉണ്ണിക്കടവ് വഴിയും അതിരുമലയിലെത്താം. എന്നാല്‍ ഈ പാത അതി ദുര്‍ഘടമാണ്. തമിഴകത്ത് നിന്ന് മൂങ്ങന്‍തുറൈ റിസര്‍വ് വനത്തിലൂടെയും അംബാസമുദ്രം - കളക്കാട് - ഇഞ്ചിക്കുന്ന് വഴിയും ഇവിടെ തീര്‍ത്ഥാടകരെത്തുന്നു.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Show comments