നാടിന് വേണ്ടി ജീവത്യാഗം ചെയ്യുക എന്നത് മഹത്തായ കര്‍മ്മമാണ്. അതിനൊപ്പം അശോകചക്രം കൂടി ലഭിക്കുമ്പോള്‍ ആ സൈനികന്‍റെ സേവനത്തിന് രാഷ്ട്രം നല്‍കുന്ന മതിയായ ആദരമാണിത്. ഇപ്രാവശ്യം അശോകചക്രത്തിന് ഒരു മലയാളി കൂടി അര്‍ഹനായി. മലയാളിയായ, ഇന്ത്യന്‍ സേനയിയുടെ പാര ട്രൂപ്പ് രണ്ടിലെ അംഗമായിരുന്ന ക്യാപ്റ്റന്‍ ഹര്‍ഷനാണ് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിക്കുന്നത്.
അശോക ചക്ര ലഭിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ സൈനികനാണ് ക്യാപ്റ്റന്‍ ഹര്‍ഷന്‍. യുദ്ധേതര സന്ദര്‍ഭത്തില്‍ ഒരു സൈനികന് നല്‍കുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമാണ് അശോക ചക്രം. സ്വാതന്ത്ര്യത്തിന് ശേഷം നാല്പതോളം പേര്‍ക്ക് മാത്രമാണ് അശോക ചക്രം ലഭിച്ചിട്ടുള്ളത്.
ഹര്‍ഷന് വേണ്ടി പരമോന്നത ബഹുമതി സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളായ അഡ്വക്കേറ്റ് രാധാകൃഷ്ണന്‍ നായരും ചിത്രാംബികയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സാധാരണ സൈനികരില്‍ നിന്ന് വ്യത്യസ്തമായി എന്തൊക്കെയോ പ്രത്യേകതകള്‍ ഹര്‍ഷനുണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ സാക്‍ഷ്യപ്പെടുത്തുന്നു. പ്രത്യേക പരിശീലനത്തിനായി ഇസ്രായേലിലേക്ക് അയച്ച ആറ് സൈനികരില്‍ ഒരാളായിരുന്നു ഹര്‍ഷന്‍. ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ സദാ സന്നദ്ധമായ മനസുണ്ടായിരുന്നു അദ്ദേഹത്തിന്.
കുട്ടിക്കാലം മുതലേ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ഹര്‍ഷന്‍. സമപ്രായക്കാര്‍ ക്രിക്കറ്റ് കളിച്ചും മറ്റും നടന്നപ്പോള്‍ ഹര്‍ഷന്‍ ഭഗവദ് ഗീത വായിക്കാനാണ് താല്പര്യം കാണിച്ചത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ ഐ ടി , എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ചേക്കേറിയപ്പോള്‍ ഹര്‍ഷന്‍ കശ്മീരില്‍ ഭീകരരെ നേരിടുകയായിരുന്നു.
ഐ എം എയിലെ ബലിദാന്‍ മന്ദിറിലേക്ക് ഹര്‍ഷന്‍ കൂ ട്ടിക്കൊണു പോയ സന്ദര്‍ഭം മാതാവ് ചിത്രാംബിക ഓര്‍ക്കുന്നു.ഇന്ത്യന്‍ സേനയിലേക്ക് മകന്‍ കമ്മീഷന്‍ ചെയ്യുന്നതിന് സാക്‍ഷ്യം വഹിക്കുന്നതിനാണ് ചിത്രാംബിക ഡെറാഡൂണിലെത്തിയത്. ബലിദാന്‍ മന്ദിറില്‍ വച്ച ഹര്‍ഷന്‍ പറഞ്ഞത് ഇന്നും ആ മാതാവിന്‍റെ കാതുകളില്‍ മുഴങ്ങുന്നു. “അമ്മേ, മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച സൈനികരുടെ പേരുകളാണ് ഇവിടെ കൊത്തിവച്ചിരിക്കുന്നത്. ഇവരുടെ എല്ലാം അമ്മമാര്‍ തങ്ങളുടെ മക്കളെ ചൊല്ലി അഭിമാനിക്കണം. എനിക്ക് ഈ ഗതി ഉണ്ടായാല്‍ എന്‍റെ അമ്മയും അഭിമാനിക്കണം”
രാധാകൃഷ്ണന്‍ നായരുടെയും ചിത്രാംബികയുടെയും രണ്ടാമത്തെ പുത്രനാണ് ഹര്‍ഷന്‍. തിരുവനന്തപുരത്ത് മണക്കാട് ശ്രീനഗര്‍ കോളനിയിലെ ചിത്രാലയത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്‍ഷന്‍റെ മൂത്ത സഹോദരന്‍ വ്യാസന്‍ സിവില്‍ സര്‍വീസിലും ഇളയ സഹോദരന്‍ മനു തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എഞ്ചിനീയറുമാണ്.
ഹര്‍ഷന്‍ സൈനികനാകേണ്ടവന്‍ തന്നെയായിരുന്നുവെന്ന് പിതാവ് രാധാകൃഷ്ണന്‍ നായര്‍ പറയുന്നു.സഹോദരങ്ങള്‍ എഞ്ചിനീയറിംഗും മറ്റും സ്വപ്നം കണ്ടപ്പോള്‍ ഹര്‍ഷന്‍ സൈന്യത്തില്‍ ചേരാനാണ് തീരുമാനിച്ചത്. ഉറച്ച തീരുമാനമായിരുന്നതിനാല്‍ ഹര്‍ഷനെ സൈനിക സ്കുളില്‍ ചേര്‍ക്കുകയായിരുന്നു.
ഉയര്‍ന്ന നിലയിലാണ് സൈനിക സ്കുളില്‍ നിന്ന് ഹര്‍ഷന്‍ പാസായത്.പന്ത്രണ്ടാം ക്ലാസില്‍ മികച്ച കേഡറ്റായിരുന്നു. കായിക ഇനങ്ങളില്‍ മികവ് പുലര്‍ത്തിയ ഹര്‍ഷന്‍ വോളിബാള്‍ ടീമിന്‍റെ നായകനുമായിരുന്നു.
മാതാപിതാക്കള്‍ക്ക് ഹര്‍ഷനെ എഞ്ചിനീയറാക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, എന്‍ ഡി എ പരീക്ഷ എഴുതാനായിരുന്നു ഹര്‍ഷന്‍റെ തീരുമാനം. പക്ഷേ, പരീക്ഷയില്‍ കടന്ന് കൂടാന്‍ ഹര്‍ഷന് കഴിഞ്ഞില്ല.
തുടര്‍ന്ന് നങ്ങ്യാര്‍ കുളങ്ങരയിലെ ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നെങ്കിലും ഹര്‍ഷന്‍റെ മനസ് സൈന്യത്തില്‍ കടന്നു കൂടുന്നതിലായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഭോപ്പാലില്‍ പോയി എന്‍ ഡി എ പരീക്ഷ വീണ്ടുമെഴുതിയ ഹര്‍ഷന് പ്രവേശനം ലഭിച്ചു.
മാതാപിതാക്കള്‍ വിലക്കിയെങ്കിലും എന്‍ ഡി എ യില്‍ ചേര്‍ന്ന ഹര്‍ഷന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡെറാഡുണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ ചേര്‍ന്നു. പിന്നീട് പാരട്രൂപ്പേഴ്സ് യൂണിറ്റില്‍ ഹര്‍ഷന്‍ നിയോഗിക്കപ്പെട്ടു. 2002ല്‍ ലഫ്റ്റനന്‍റ് ഹര്‍ഷന്‍ കശ്മീരിലെ പരിശീലനം പൂര്‍ത്തിയാക്കുകയുണ്ടായി. 2006 ല്‍ കശ്മിരില്‍ ഹര്‍ഷന് നിയമനം ലഭിച്ചു.
KBJ
WD
അവസാന കാലം
2007 മാര്‍ച്ച് ഏഴിന് ക്യാപ്റ്റന്‍ ഹര്‍ഷന്‍ ഉള്‍പ്പെടുന്ന ‘ചുവന്ന ചെകുത്താന്‍ ’ മാരുടെ സംഘം ഒരു ഭീകരനെ പിടികൂടുകയും നിരവധി ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഹര്‍ഷന്‍റെ കമാന്‍ഡിംഗ് ഓഫീസര്‍ അദ്ദേഹത്തെ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
പിടിയിലായ ഭീകരനെ ചോദ്യം ചെയ്തപ്പോള്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കുപ്‌വാരയില്‍ നുഴഞ്ഞ് കയറ്റം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞു. രണ്ടാഴ്ച കുപ്‌വാരയില്‍ ചെലവഴിച്ചെങ്കിലും ഒരു ഭീകരനെയും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മാതാപിതാക്കളുടെ ആവശ്യപ്രകാരം അവധിയില്‍ നാട്ടിലേക്ക് പോകാനൊരുങ്ങിയ ഹര്‍ഷന് ലഭിച്ചത് കുപ്‌വാരയില്‍ ഭീകരരുടെ നീക്കം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ്.
ചുവന്ന ചെകുത്താന്മാര്‍ പ്രദേശത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ഭീകരരെ പിടികൂടിയ സൈനിക സംഘം മടങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍ഷന് വെടിയേല്‍ക്കുകയായിരുന്നു. തുടയില്‍ വെടിയേറ്റ ഹര്‍ഷന്‍ തിരിച്ച് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയുണ്ടായി. എന്നാല്‍, അപ്പോഴേക്കും മറ്റൊരു വെടിയുണ്ട അദ്ദേഹത്തിന്‍റെ കഴുത്തില്‍ തുളഞ്ഞ് കയറിയിരുന്നു. നാടിന് വേണ്ടി തന്‍റെ ജീവന്‍ തന്നെ നല്‍കുകയായിരുന്നു ക്യാപ്റ്റന്‍ ഹര്ഷന്.