Select Your Language

Notifications

webdunia
webdunia
webdunia
webdunia

2007 ന്‍റെ പുസ്തകങ്ങള്‍

2007 ന്‍റെ  പുസ്തകങ്ങള്‍
, ബുധന്‍, 26 ഡിസം‌ബര്‍ 2007 (14:55 IST)
വായന ഇപ്പോഴും ജീവിക്കുന്നു. ശമ്പളം ലഭിച്ചാല്‍ പുസ്തക കടകളിലേക്ക് പോകുന്നവരിലൂടെ, സന്ധ്യക്ക് കൂട്ടമായിരുന്ന് മാര്‍ക്വേസിനെയും പാമുക്കിനെയും ചര്‍ച്ച ചെയ്യുന്നവരിലൂടെ. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്.

1‘ വെറുതെയല്ല ഈ ജീവിതം’
എന്‍.പി വിജയകൃഷ്‌ണന്‍,ഡി.സി. ബുക്‍സ്

ആഗോളവല്‍ക്കരണ കാലത്ത് പാര്‍ശ്വവല്‍കരിക്കപ്പെട്ടവനെക്കുറിച്ച് അറിയുവാന്‍ വായനക്കാര്‍ കൂടുതല്‍ ആഗ്രഹിക്കുന്നുവെന്നത് അദ്‌ഭുതപ്പെടുത്തിയേക്കാം. നെയ്ത്തുകാരിയായ മീനാക്ഷിയമ്മാള്‍, തുന്നല്‍‌ക്കാരനായ മാധവമോനോന്‍..ഇവര്‍ സാധാരണക്കാരില്‍ല്‍ സാധാരണക്കാരാണ്. പുതു തലമുറക്ക് അദ്‌ഭുതവും ആദരവും ഇവരോട് ജീവിതത്തോട് തോന്നിയില്ലെങ്കില്‍ മാത്രമേ അദ്‌ഭുതപ്പെടേണ്ടതുണ്ട് ഉള്ളൂ.

2 സംസാരിക്കുന്ന ആപ്പിള്‍ മരം
സിപ്പി പള്ളിപ്പുറം, മാതൃഭൂമി ബുക്‍സ്

ബാലമാസികകളിലെ കഥാപാത്രങ്ങളെ സ്‌നേഹിക്കുന്നതു പോലെ ഈ ബാല സാഹിത്യക്കാരനെ കുട്ടികള്‍ സ്‌നേഹിക്കുന്നു. കുട്ടികളെ ഭാവനയുടെയും ന‌ന്മയുടെയും ലോകത്തേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട് ഇദ്ദേഹം. അദ്ദേഹത്തിന്‍റെ ഇരുപത് കഥകളുടെ സമാഹാരമാണ് ഈ പുസ്തകത്തിലുള്ളത്. സംസാരിക്കുന്ന ആപ്പിള്‍ മരം, പാച്ചിയമ്മുമ്മയും മാന്ത്രിക മത്തങ്ങയും, പാ‍വകളുടെ ജൈത്രയാത്ര തുടങ്ങി കുഞ്ഞു മനസ്സുകളെ ആനന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കഥകള്‍.

3 മലയാളത്തിന്‍റെ സുവര്‍ണ കഥകള്‍
നന്തനാര്‍, ഗ്രീന്‍ ബുക്‍സ്

ഒരു പാട് കഥകള്‍ പറയാനുണ്ടായിരുന്നു നന്തനാര്‍ക്ക്. പക്ഷെ, മരണം മാടി വിളിച്ചപ്പോള്‍ അദ്ദേഹം എല്ലാം ഉപേക്ഷിച്ച് പോയി. പട്ടാള ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായിരിക്കും നന്തനാര്‍ക്ക് കഥകള്‍ രചിക്കുവാന്‍ പ്രചോദനമേകിയത്. സന്ധ്യയുടെ വിഷാദഭാവം നിറഞ്ഞു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്‍റെ കഥകള്‍. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന തുടങ്ങിയ കഥകളില്‍ ജീവിതത്തിലെ ദാരുണത വരച്ചു കാട്ടുന്നു.

4 ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍
ഇന്ദു മേനോന്‍, ഡി.സി. ബുക്‍സ്

മലയാളിയുടെ കപട സദാചാരത്തിന്‍റെ നെഞ്ചിലേക്ക് ആദ്യത്തെ ആണിയടിച്ചത് വനിത എഴുത്തുകാരി മാധവിക്കുട്ടിയായിരുന്നു. സാറാ ജോസഫ്, സി.എസ്.ചന്ദ്രിക.. ഇപ്പോള്‍ ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് ഇന്ദു മോനോനാണ്. ഇന്ദുവിന്‍റെ ഒരു ലെസ്‌ബിയന്‍ പശു നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. സക്കറിയ പോലുള്ളവര്‍ ലെസ്‌ബിയന്‍ പശുവിനെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇന്ദുവിന്‍റെ മറ്റൊരു കഥാ സമാഹാരമായ സംഘപരിവാര്‍ മനസ്സില്‍ ഒരു പാട് അസ്വസ്ഥതയുണ്ടാക്കും.

അവരുടെ പുതിയ കഥാ സമാഹാരമാണ് ഹിന്ദു ഛായയുള്ള പുരുഷന്‍. സര്‍പ്പിണി, ഡോബിച്ചി, ഹിജഡയുടെ കുട്ടി മുതലായ കഥകള്‍ രൂപത്തിലും ഭാവത്തിലും പുതിയ അനുഭവതലങ്ങള്‍ പ്രദാനം ചെയ്യും.


5 ഒത്തിരി സ്‌നേഹമുണ്ടോ സിറിഞ്ചില്‍
കുരീപ്പുഴ ശ്രീകുമാര്‍, മൈത്രി ബുക്‍സ്

വ്യവസ്ഥയോട് കലഹിക്കുന്ന കവിതകള്‍ കൊണ്ട് ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയ കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. മനുഷ്യന് ഉപരിയായി മതത്തിന് സ്ഥാനമൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ കവിതകള്‍ നമ്മളോട് പറയുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്തിരി സ്‌നേഹമുണ്ടോ സിറിഞ്ചില്‍ ഉള്ളത്. ലോകത്തിന്‍റെ കപടസദാചാരങ്ങള്‍ക്കു നേരെയുള്ള നിഷ്‌കപട പ്രതികരണങ്ങളാണിവ. തന്‍റെ മനസ്സിനെ സ്പര്‍ശിച്ച വ്യക്തികളും സംഭവങ്ങളും മതങ്ങള്‍ക്കു ഉപരി മനുഷ്യ നന്മയ്ക്കു നല്‍കുന്ന പരിഗണനയുമൊക്കെ ഈ കുറിപ്പുകള്‍ക്ക് വിഷയമാകുന്നു.


6 നീലനിറമുള്ള തോട്ടം
പുനത്തില്‍ കുഞ്ഞബ്‌ദുള്ള, ഡി.സി.ബുക്‍സ്

ജീവിതത്തെ കീറിമുറിച്ച് വിശകലന വിധേയമാക്കുവാന്‍ കഴിയുന്ന എഴുത്തുകാരനാണ് ഡോക്‍ടര്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ള. അദ്ദേഹത്തിന്‍റെ രതിക്കഥകളുടെ സമാഹാരമാണ് നീല നിറമുള്ള തോട്ടം. രതിയുടെ രാഷ്‌ട്രീയത്തെ അന്വേഷിക്കുന്ന കഥകളാണിവ. പട്ടാളക്കാരന്‍റെ പ്രേമഭാജനം, അഭിസാരിക രേഖകള്‍, അനാട്ടമി തുടങ്ങിയവ വായനക്കാരെ തൃപ്തിപ്പെടുത്തും.

7 ഇടപ്പള്ളിയുടെ സമ്പൂര്‍ണ കൃതികള്‍
മെലിന്‍ഡ ബുക്‍സ്

ബംഗാളിക്ക് പ്രണയ ദുരന്തത്തിന്‍റെ പ്രതീകം ദേവദാസായിരുന്നുവെങ്കില്‍ മലയാളിക്ക് അത് രമണന്‍. രമണന്‍ എഴുതുവാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കിയത് ഇടപ്പള്ളിയാണ്. പ്രണയത്തിനായി സ്വന്തം ജീവിതം ബലി അര്‍പ്പിച്ച കവിയാണ് അദ്ദേഹം. മനസ്സുകളില്‍ നേര്‍ത്ത മുറിവുകള്‍ കോറിയിടുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. വസന്ത കാ‍ലത്ത് പാടുവാനായി ഭൂമിയിലെത്തിയ വാനമ്പാടിയാണ് ഇടപ്പള്ളി. അദ്ദേഹത്തിന്‍റെ സമ്പൂര്‍ണ കൃതികള്‍ തലമുറകളിലേക്ക് കൈമാറണ്ടതാണ്.

8 ഗാന്ധി സന്ദേശം
സി. കൃഷ്ണന്‍ മൂസ്സ്, പൂര്‍ണോദയ ബുക് ട്രസ്റ്റ്

മഹാത്മഗാന്ധിയുടെ മഹത്തായ ജീവിതത്തെ ബാലഹൃദയങ്ങളില്‍ പ്രതിഷ്‌ഠിക്കുവാന്‍ തക്ക വിധം ലളിത സുന്ദരമായ ഭാഷയില്‍ രചിച്ച ഈ പുസ്തകത്തില്‍ ബാല്യകാലം മുതല്‍ അഹിംസോ പരമോ ധര്‍മ: എന്നുവരെ 13 അദ്ധ്യായങ്ങള്‍ ആസ്വദിക്കാം.

9 കര്‍ണ്ണാടക സംഗീത മാലിക
എ.ഡി. മാധവന്‍, ഡി.സി. ബുക്‍സ്

ഭാരതീയ സംസ്‌കൃതിക്ക് ചൈതന്യമേകുവാന്‍ കര്‍ണ്ണാടക സംഗീതം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് സംഗീത അദ്ധ്യാപന രംഗത്ത് പഠിതാക്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വൈഷമ്യങ്ങളിലൊന്ന് സംഗീത കൃതികളുടെ ശരിയായ പാഠവും അര്‍ത്ഥവും മനസ്സിലാക്കുവാന്‍ പറ്റായ്‌കയാണ്. എല്ലാ കൃതികളിലും കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി മുതലായ ഭാഷകളിലായതിനാലാണ് ഇതു സംഭവിക്കുന്നത്. സംഗീതാസ്വാദകര്‍ക്കും പഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമൊക്കെ ആശ്രയദീപമായിത്തീരുന്ന ഒരു ഗ്രന്ഥമാണ് കര്‍ണ്ണാടക സംഗീതമാലിക.


10 രാഷ്‌ട്രവിഭാവനം:സാങ്കേതിക വിദ്യയിലൂടെ സാമൂഹിക പരിവര്‍ത്തനം
എ.പി.ജെ അബ്ദുള്‍ കലാം, എ.ശിവതാണു പിള്ള
സാങ്കേതിക വിദ്യ, കൃഷിയിലെ മൂല്യ വര്‍ധന, ആരോഗ്യരക്ഷാ വിപ്ലവം, തന്ത്രപ്രധാന മേഖലയിലെ മുന്നേറ്റങ്ങള്‍ എന്നീ 8 അധ്യായങ്ങളിലായി രാഷ്‌ട്രത്തിന്‍റെ വികസനത്തിനാവശ്യമായ കൃത്യമായ ദര്‍ശനവും രൂപരേഖയും രാഷ്‌ട്രവിഭാവനം എന്ന ഗ്രന്ഥത്തില്‍ കലാം വ്യക്തമാക്കുന്നു.. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കുക എന്ന പൊതു ലക്‌ഷ്യത്തിലേക്ക് നൂറു കോടി മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും സംയോജിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം.

Share this Story:

Follow Webdunia malayalam