Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന്‍: അടിയന്തരാവസ്ഥയ്ക്ക് പിന്നില്‍

പാകിസ്ഥാന്‍: അടിയന്തരാവസ്ഥയ്ക്ക് പിന്നില്‍
PTIPTI
പാകിസ്ഥാനില്‍ നവംബര്‍ മൂന്നിന് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നില്ല. തന്‍റെ നിലനില്പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിന് അദ്ദേഹം മുതിര്‍ന്നത്.

പട്ടാള മേധാവി സ്ഥാനവും പ്രസിഡന്‍റ് പദവും ഒരുമിച്ച് വഹിക്കുന്നതിനെതിരെ രാജ്യത്തിനകത്തും പുറത്തും നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇസ്ലാമബാദിലെ ലാല്‍ മസ്ജിദിലെ തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചത് മൂലം മുസ്ലീം പുരോഹിതരും മുഷറഫിനെ എതിര്‍ക്കാന്‍ തുടങ്ങിയിരുന്നു.

സൈനിക മേധാവി സ്ഥാനവും പാക് പ്രസിഡന്‍റ് സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിന് സ്പ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇഫ്തിക്കര്‍ മൊഹമ്മദ് ചൌധരി വിലങ്ങ് തടിയാകുമെന്ന് കണ്ട മുഷറഫ് അദ്ദേഹത്തെ പുറത്താക്കുകയുണ്ടായി. എന്നാല്‍, ചൌധരിയെ പുറത്താക്കിയത് സുപ്രീം കോടതി അസാധുവാക്കിയത് മുഷറഫിന് തിരിച്ചടിയായി.

തുടര്‍ന്നാണ് രാജ്യത്ത് തന്‍റെ പിടി അയയുന്നെന്ന് തോന്നിയപ്പോള്‍ മുഷറഫ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ഭീകരപ്രവര്‍ത്തനം വര്‍ദ്ധിക്കുന്നുവെന്ന വാദത്തില്‍ പിടിച്ചാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതും. അതു വഴി തനിക്കെതിരായിട്ടുള്ള സുപ്രീം കോടതി ജഡ്ജിമാരെ അദ്ദേഹം പുറത്താക്കി. തന്നെ അനുകൂലിക്കുന്നവരെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഈ ജഡ്ജിമാര്‍ അധികാരമേറ്റതോടെ മുഷറഫിന് എതിരായി സമര്‍പ്പിക്കപ്പെട്ടിരുന്ന കേസുകള്‍ തള്ളി. പട്ടാള മേധാവി പദവി വഹിച്ചു കൊണ്ടു തന്നെ അദ്ദേഹം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. എന്നാല്‍, നേരത്തേ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നതു പോലെ സിവിലിയന്‍ പ്രസിഡന്‍റായി സത്യപ്രതിഞ ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം സൈനിക വേഷം അഴിച്ച് വയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഡിസംബര്‍ 15ന് മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പിന്‍‌വലിക്കുകയും ചെയ്തു. ജനുവരി എട്ടിന് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത് സ്വതന്ത്രവും
നീതിപൂര്‍വകവും ആയി നടക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam