Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്നാര്‍ ഒഴിപ്പിക്കല്‍: ഒരു ഫ്ലാഷ്ബാക്ക്

എം രാജു

മുന്നാര്‍ ഒഴിപ്പിക്കല്‍: ഒരു ഫ്ലാഷ്ബാക്ക്
, തിങ്കള്‍, 24 ഡിസം‌ബര്‍ 2007 (17:21 IST)
KBJWD
വി. എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന് 2007 ല്‍ ഏറ്റവും കൂടുതല്‍ ജനപ്രീ‍തി നേടിക്കൊടുത്ത സംഭവമായിരുന്നു മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍.

ഈ ഒഴിപ്പിക്കല്‍ ഇപ്പോഴും തുടങ്ങിയയിടത്ത് തന്നെ നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടിയാണ് മുന്നാറില്‍ വ്യാപകമായി ഭൂമി കയ്യേറ്റം നടക്കുന്നുവെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഒരു ദൌത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു.

കെ.സുരേഷ്കുമാര്‍ ഐ.എ.എസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഐ.ജി. ഋഷിരാജ് സിംഗ്, കളക്ടര്‍ രാജു നാരായണ സ്വാമി എന്നിവരായിരുന്നു മറ്റംഗങ്ങള്‍. മുഖം നോക്കാതെ നടപടിയെടുക്കുന്ന ഈ മൂന്ന് ഉദ്യോഗസ്ഥരെയും പാര്‍ട്ടിയിലെയും മുന്നണിയിലെയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് മുഖ്യമന്ത്രി നിയമിച്ചത്.

വന്‍‌കിട കയ്യേറ്റക്കാരെ ഒഴിപ്പിച്ചത് തുടങ്ങിയതോടെ വി.എസിന്‍റെ ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്തു.ഇതിന്‍റെ ആവേശത്തില്‍ പൂച്ചയുടെ നിറം ഏതായാലും എലിയെ പിടിക്കുന്നുണ്ടൊ എന്ന് മാത്രമാണ് താന്‍ നോക്കുന്നതെന്ന് മുഖ്യമന്തി പറഞ്ഞതും മാധ്യമങ്ങള്‍ ആഘോഷമാക്കി

എന്നാല്‍ തന്‍റെ പൂച്ചകള്‍ എലികളെ വിഴുങ്ങുന്നതിന്‍റെ സന്തോഷം അധികകാലം നിലനിര്‍ത്താന്‍ വിഎസ്സിനായില്ല. മൂന്നാര്‍ ടൌണില്‍ സ്ഥിതി ചെയ്യുന്ന സി. പി. ഐയുടെ പാര്‍ട്ടി ഓഫീസിലെ അനധികൃത നിര്‍മ്മാണത്തില്‍ ദൌത്യ സംഘം ബുള്‍ഡോസര്‍ വെച്ചതോടെയാണ് ചിത്രം മാറിയത്.

ഇതോടെ സി. പി. ഐ. നേതാക്കളായ കെ. ഇ. ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് എതിരെ പോലെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തി. ദൌത്യസംഘത്തലവന്‍ സുരേഷ്കുമാര്‍ അഹങ്കാരിയാണെന്നും ഇയാളെ ഉടന്‍ സ്ഥലം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ആദ്യം മൌനം പാലിച്ച വിഎസിന് പിന്നീട് സിപിഐക്ക് മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. ഇതിനിടയില്‍ അഡ്വക്കേറ്റ് രാംകുമാറിന്‍റെ ഭാര്യയുടെയും മകളുടെയും പേരിലുള്ള ധന്യശ്രീ‍ റിസോര്‍ട്ട് പൊളിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയായി. ഒഴിപ്പിക്കലിനെതിരെ റിസോര്‍ട്ട് ഉടമകള്‍ കോടതിയില്‍ പോവുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു.

സ്റ്റേ വക വയ്ക്കാതെ കെട്ടിടം പൊളിക്കാന്‍ ശ്രമിച്ച സുരേഷ്കുമാറിനെ കോടതി ശാസിക്കുകയും സര്‍ക്കാര്‍ ചെലവില്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ സുരേഷ്കുമാര്‍ നിരുപാധികം മപ്പപേക്ഷിക്കുകയും ചെയ്തു. ഇതോടെ ദൌത്യസംഘത്തെ പൂര്‍ണമായും പിന്‍‌വലിക്കാന്‍ സര്‍ക്കാര്‍ തയാറായി.

തുടര്‍ന്ന് സ്പെഷ്യല്‍ ഓഫീസര്‍ ഗോപാലകൃഷ്ണമേനോന്‍റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ അവിടെ നിയമിച്ചെങ്കിലും അദ്ദേഹം ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് ഇതില്‍ നിന്ന് പിന്‍മാറി.തുടര്‍ന്ന് ഡോ. രാമാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിലവില്‍ വന്നെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ ഒന്നു രണ്ട് ചര്‍ച്ചകളും ചെറുകിട ഒഴിപ്പിക്കലുമല്ലാതെ കാര്യമായ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam