Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിടവാങ്ങുന്നത് വിവാദവര്‍ഷം

വിടവാങ്ങുന്നത് വിവാദവര്‍ഷം
, വെള്ളി, 25 ഡിസം‌ബര്‍ 2009 (13:07 IST)
PRO
വിവാദങ്ങളാണ് ഇപ്പോള്‍ മലയാളികളുടെ ഭക്ഷണമെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിവില്ല. മറ്റേത് മേഖലയില്‍ ഈ വര്‍ഷം കേരളം പിന്നോട്ടായാലും വിവാദ വ്യവസായത്തില്‍ കുത്തനെയുള്ള വളര്‍ച്ചയായിരുന്നു 2009ല്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനങ്ങള്‍ ചര്‍ച്ച ചെയ്ത ചില വിവാദങ്ങളിലൂടെ.

ശശി തരൂര്‍

ദേശീയ ഗാനത്തോട് അനാദരവു കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരത്തെ ശശി തരൂരിനോടു കോടതിയില്‍ ഹാജരാകേണ്ടി വന്നു. ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലായിരുന്നു തരൂരിന് കോടതി കാണേണ്ടി വന്നത്. കൊച്ചിയില്‍ ഒരു ചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്തു ശശി തരൂര്‍ നെഞ്ചോടു കൈ ചേര്‍ത്തു വെച്ചതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇതിനു പുറമെ മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്തും വിശുദ്ധപശു പരാമര്‍ശത്തിലൂടെയും ശശി തരൂര്‍ 2009ന്‍റെ വിവാദ നായകനായി.

കോടതിയലക്ഷ്യക്കേസില്‍ നടപടി അവസാനിപ്പിച്ചു

കേരള കൗമുദി ദിനപത്രത്തിനെതിരെയുള്ള കോടതിയലക്‌ഷ്യ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചു.
അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസുകളെക്കുറിച്ചു മാധ്യമങ്ങള്‍ അഭിപ്രായപ്രകടനം നടത്തുന്നതു നീതിനിര്‍വഹണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനും വികലമാക്കാനും വഴിയൊരുക്കുമെന്നു കോടതി വ്യക്‌തമാക്കി. അഭയക്കേസുമായി ബന്ധപ്പെട്ട് 2008 ഡിസംബര്‍ 18ന് ‘നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം‘ എന്ന തലക്കെട്ടില്‍ കേരളകൌമുദി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനെതിരെയായിരുന്നു കോടതിയലക്‌ഷ്യ നടപടിയെടുത്തത്.

വിഎസിന്‍റെ ചിരിയും വിഎസ്-അഴീക്കോട് വിവാദവും

കിടക്കുന്ന കൂട്ടില്‍ വിസര്‍ജിക്കുന്ന ജീവിയെ പോലെയാണ് വി എസ് എന്നു അഴീക്കോട് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് സംസ്ഥാനത്ത് പുതിയ വിവാദത്തിന് തിരി കൊളുത്തി. ഇതിനു മറുപടിയായി വി എസ്, കിടക്കുന്നിടത്ത് വിസര്‍ജ്ജിക്കുന്ന ജീവി പട്ടിയാണെന്നും തന്നെ പട്ടിയോട്‌ ഉപമിച്ച അഴീക്കോടിന്‌ മറുപടി നല്‍കാന്‍ തന്‍റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും പറഞ്ഞു.

ഇതിനു മറുപടിയായി എതിര്‍ക്കുന്നവരെ പല്ലും നഖവും ഉപയോഗിച്ച് നേരിടുന്ന ഹിംസ്രജന്തുവിനെ പോലെയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്ന് സുകുമാര്‍ അഴീക്കോടും തിരിച്ചടിച്ചതോടെ വിവാദം കൊഴുത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയെക്കുറിച്ച് പറഞ്ഞ സമയത്ത് വി എസ് ചിരിച്ചത് പാര്‍ട്ടിയിലും, സംസ്ഥാനത്ത് മുഴുവനുമായും വിമര്‍ശനത്തിന് വിധേയമായിരുന്നു. തെരഞ്ഞെടുപ്പു ഫലം അറിഞ്ഞു കൊണ്ട് വി എസ് ചിരിച്ച ചിരി വഞ്ചനയുടേതാണെന്നും, അശ്ലീല ചിരിയാണെന്നും അഴീക്കോട്‌ ആക്ഷേപിച്ചിരുന്നു.

സെബാസ്‌റ്റിയന്‍ പോളിന്‍റെ ഒളിയമ്പുകള്‍

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു ചുറ്റും ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നുവെന്ന് ഡോ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞതും വിവാദമായി. ഉപജാപകസംഘമാണ് പിണറായിയെയും പാര്‍ട്ടിയെയും തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച അതേ ശൈലിയിലാണ് പിണറായിയും പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. പൊതുസമൂഹത്തെ പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ സഹായിക്കുന്ന കണ്ണികളെ ഓരോന്നായി പാര്‍ട്ടി മുറിച്ചു മാറ്റുകയാണെന്നും സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു. ഒടുവില്‍ പോള്‍ തന്നെ ഇത്തരത്തില്‍ പറയേണ്ടിവനന്തില്‍ തനിക്ക് ഖേദമുണ്ടെന്ന് വ്യക്തമാക്കിയതോടെ വിവാദം കെട്ടടങ്ങി.

ലവ് ജിഹാദ് കോടതി തടഞ്ഞു

സംസ്ഥാനത്ത് പ്രണയം നടിച്ച് മതം മാറ്റുന്നതുമായി (ലവ് ജിഹാദ്) ബന്ധപ്പെട്ടുള്ള രണ്ടു കേസുകളിന്മേലുള്ള അന്വേഷണം ഹൈക്കോടതി തടഞ്ഞു. സംസ്ഥാ‍ന പൊലീസിനു നിക്ഷിപ്‌ത താല്പര്യമാണ് ഉള്ളതെന്ന് കേസന്വേഷണം തടഞ്ഞു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, പ്രണയത്തിന്‍റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4000 പെണ്‍കുട്ടികളെയെങ്കിലും സംസ്ഥാനത്ത് മതം മാറ്റിയതായി ഹൈക്കോടതി നിരീക്ഷിച്ചു. പ്രണയത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് മതം മാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

വ്യാജ ഇ-മെയില്‍ വിവാദം

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപകീര്‍ത്തിപെടുത്താന്‍ വ്യാജ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചത് സംസ്ഥാനത്ത് സൈബര്‍ വിവാദം ഉയര്‍ത്തിവിട്ടു. ഖത്തറില്‍ ജോലിയുള്ള പത്തനംതിട്ട സ്വദേശിയാണ്‌ പ്രതിയെന്ന്‌ പോലീസ്‌ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി. പിണറായി വിജയന്‍റെ വീട്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മറ്റൊരാളുടെ വീടിന്‍റെ ചിത്രമെടുത്ത്‌ ഇയാള്‍ അടിക്കുറിപ്പുകളോടെ അയയ്ക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam