Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒബാമതരംഗത്തില്‍ ലോകം

ഒബാമതരംഗത്തില്‍ ലോകം
, വെള്ളി, 25 ഡിസം‌ബര്‍ 2009 (16:33 IST)
PRO
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കരകയറാതെയാണ് ലോകരാജ്യങ്ങള്‍ 2009 ന്‍റെ പുലരിയിലേക്ക് കണ്ണുചിമ്മിയത്. സാമ്പത്തിക പ്രതിസന്ധി പൊട്ടിമുളച്ച അമേരിക്ക തന്നെയായിരുന്നു കഴിഞ്ഞ പുതുവര്‍ഷപ്പുലരിയിലും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം. കാരണം ബരാക്ക് ഒബാമയെന്ന കറുത്തവംശജന് ചരിത്രം തിരുത്തിക്കുറിച്ച് വൈറ്റ് ഹൌസിലെ അധികാരക്കസേരയിലേക്കുള്ള പരവതാനി വിരിച്ചാണ് അമേരിക്ക 2009 നെ സ്വാഗതം ചെയ്തത്.

ഒബാമയുടെ സത്യപ്രതിജ്ഞ
2008 ല്‍ തന്നെ അമേരിക്കയുടെ ഭാവി അമരക്കാരനായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യു‌എസ് ഭരണഘടനയനുസരിച്ച് ജനുവരി 20 നായിരുന്നു അധികാരമേല്‍ക്കല്‍. അമേരിക്കന്‍ സമയം 11:30 ന് (ഇന്ത്യന്‍ സമയം രാത്രി 10) ഒബാമ അമേരിക്കയുടെ നാല്‍പ്പത്തിനാലാം പ്രസിഡന്‍റായി സ്ഥാനമേറ്റത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാനെത്തിയത്. എബ്രഹാം ലിങ്കന്‍ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ യാത്രയെ അനുസ്മരിപ്പിച്ച് ഫിലാഡല്‍ഫിയയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് ഒബാമയും ഹിലരിയും വാഷിംഗ്ടണില്‍ എത്തിയത്. ലിങ്കന്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ബൈബിളില്‍ തൊട്ടാണ് ഒബാമയും ചരിത്രം കുറിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് ഒബാമയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആദ്യ സത്യപ്രതിജ്ഞയില്‍ ഒരു വാക്ക് സ്ഥാനം മാറി പറഞ്ഞതിനാല്‍ വൈറ്റ് ഹൌസില്‍ ഒബാമയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. ജോര്‍ജ് ബുഷിന്‍റെ പിന്‍‌ഗാമിയായിട്ടാണ് ഒബാമ അധികാരത്തിലെത്തിയത്. 2009 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി ഒബാമ ഒരിക്കല്‍ കൂടി ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.


ഷെയ്ഖ് ഹസീന
പട്ടാളഭരണത്തിലായിരുന്ന ബംഗ്ലാദേശിനെ തിരികെ ജനകീയഭരണ പഥത്തിലെത്തിക്കാനുള്ള നിയോഗവുമായാണ് ജനുവരി ആറിന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്. പ്രധാനമന്ത്രി പദത്തില്‍ ഇത് രണ്ടാമൂഴമായിരുന്നു ഹസീനയ്ക്ക്. 2008 അവസാനം നടന്ന തെരഞ്ഞെടുപ്പിലാണ് ഹസീന വന്‍‌ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് ഉള്‍പ്പെടുന്ന സഖ്യം 299 സീറ്റുകളില്‍ 259 എണ്ണവും നേടുകയായിരുന്നു. ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ മകളാണ് ഷെയ്ഖ് ഹസീന. 1996 മുതല്‍ 2001 വരെയായിരുന്നു ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രി പദത്തില്‍ ഹസീനയുയുടെ ആദ്യഊഴം.

ബംഗ്ലാദേശ് സൈനിക കലാപം
ഫെബ്രുവരി അവസാനത്തോടെയാണ് ബംഗ്ലാദേശ് അതിര്‍ത്തിരക്ഷാസേനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഏകദേശം 65,000 ത്തോളം അംഗങ്ങളുള്ള ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ സൈനിക വിഭാഗമാണ് ബംഗ്ലാദേശ് റൈഫിള്‍സ്. സീനിയര്‍ ഓഫീസര്‍മാരും സൈനികരും തമ്മിലുണ്ടായിരുന്ന പകയായിരുന്നു കലാപത്തില്‍ കലാശിച്ചത്. കുറഞ്ഞ ശമ്പളത്തിലും മറ്റും ഏറെ അസന്തുഷ്ടരായിരുന്ന ഇവര്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കെതിരെ തിരിയുകയായിരുന്നു‍. രാജ്യത്തെ എല്ലാ പട്ടാളക്യാമ്പിലേക്കും കലാപം ബാധിച്ചിരുന്നു. അമ്പതിലധികം ഓഫീസര്‍മാരും ഇരുപതോളം പേരും കലാപത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് അനൌദ്യോഗിക കണക്കുകള്‍. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ജനകീയ സര്‍ക്കാരിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു ഈ കലാപം.

അഫ്ഗാന്‍ തെരഞ്ഞെടുപ്പ്
പ്രസിഡന്‍റ് ഹമീദ് കര്‍സായിയും മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ളയും തമ്മിലായിരുന്നു പ്രധാന മത്സരം. രണ്ടാം തവണയാണ് കര്‍സായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പിന്‍റെ ആരംഭം മുതല്‍ തന്നെ വോട്ടെടുപ്പിനെതിരെ അനവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ കൃതൃമം നടന്നതായി ആരോപിച്ച് അബ്ദുള്ള അബ്ദുള്ള ഇടയ്ക്ക് പിന്‍‌മാറി. ഇതിന് പിന്നാലെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന്‍ ചെയര്‍മാന്‍ അസീസുല്ല ലുദിന്‍, രണ്ടാംഘട്ട വോട്ടെടുപ്പ് റദ്ദാക്കി കര്‍സായിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നവംബര്‍ 19 നാണ് കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ കര്‍സായി അധികാരമേറ്റത്.


വേലുപ്പിള്ള പ്രഭാകരന്‍
കാല്‍‌നൂറ്റാണ്ടിലധികമായി ശ്രീലങ്കയുടെ ഉറക്കം കെടുത്തിയ വേലുപ്പിള്ള പ്രഭാകരന്‍. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിള്‍ ഈലം എന്ന സംഘടനയിലൂടെ ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങള്‍ക്കായി പോരാടിയ വിപ്ലവകാരി. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ എല്‍‌ടിടി‌ഇ‌യുടെ ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് മുന്നേറിയ ലങ്കന്‍ സേനയുടെ വലയില്‍ അപ്രതീക്ഷിതമായിട്ടാണ് പ്രഭാകരന്‍ കുടുങ്ങിയത്. എല്‍‌ടിടി‌ഇയുടെ ആശയവിനിമയ സംവിധാനങ്ങള്‍ ചോര്‍ത്തിയ ലങ്കന്‍ സൈന്യം പ്രഭാകരന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. മെയ് പതിനെട്ടിനായിരുന്നു പ്രഭാകരന്‍റെ മരണം. പ്രഭാകരന്‍റെ മരണവാര്‍ത്ത അദ്യം എല്‍‌ടിടി‌ഇ നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ ഇക്കാര്യം അംഗീകരിക്കുകയായിരുന്നു

എല്‍‌ടി‌ടി‌ഇയുടെ പതനം
ബെല്‍റ്റ് ബോംബ് എന്ന ആശയം ലോകത്തെ തീവ്രവാദി സംഘടനകള്‍ക്ക് പകര്‍ന്നു നല്‍കിയ പ്രസ്ഥാനമായിരുന്നു എല്‍‌ടിടി‌ഇ. തമിഴ്‌‌വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വേലുപ്പിള്ള പ്രഭാകരന്‍ 1976 മെയ് അഞ്ചിനാണ് എല്‍‌ടി‌ടി‌ഇ രൂപീകരിച്ചത്. സിംഹളമേധാവിത്വത്തിനെതിരെ തമിഴ്‌വംശജരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതില്‍ എല്‍‌ടിടി‌ഇക്ക് ഏറെക്കുറെ വിജയിക്കാനുമായി. ലങ്കന്‍ ഭരണകൂടത്തിന് തിരിച്ചടി നല്‍കി വടക്കന്‍ ലങ്കയില്‍ സമാന്തര ഭരണകൂടം കെട്ടിപ്പടുക്കുന്നിടം വരെയെത്തിയിരുന്നു എല്‍‌ടിടി‌‌ഇയുടെ ശക്തി. പക്ഷെ ക്രമേണ വേലുപ്പിള്ള പ്രഭാകരന്‍റെ ഏകാധിപത്യവും കടുംപിടുത്തവും സംഘടനയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാക്കി. വിശ്വസ്തരായി പടനയിച്ചവര്‍ തന്നെ ശത്രുപാളയത്തിലേക്ക് ചേക്കേറി. എല്‍‌ടി‌ടി‌ഇയെ തകര്‍ക്കാന്‍ ഇവരെ ആയുധമാക്കി ലങ്കന്‍ ഭരണകൂടം പ്രവര്‍ത്തിക്കുകയും ചെയ്തു. എല്‍‌ടി‌ടി‌ഇ യെ നയിച്ച പ്രഭാകരന്‍റെ മകന്‍ ചാള്‍സും മറ്റ് പല നേതാക്കളും ലങ്കന്‍ സൈന്യത്തിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ഒടുവില്‍ പ്രഭാകരന്‍റെ മരണത്തോടെ അനാഥമായ പ്രസ്ഥാനമായി എല്‍‌ടി‌ടി ലങ്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലേക്ക് ചുരുങ്ങി.

ഉത്തരകൊറിയയുടെ ആണവപരീക്ഷണം
ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് മെയ് 25 നായിരുന്നു ഉത്തരകൊറിയയുടെ ആണവപരീക്ഷണം. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകളും താക്കീതും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു പരീക്ഷണം. 2006 ല്‍ ആദ്യ ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയ ഇക്കുറി ഇതിലും ശക്തിയുള്ള ബോംബായിരുന്നു പരീ‍ക്ഷിച്ചത്. ഹിരോഷിമയില്‍ പതിച്ചതിനേക്കള്‍ ശക്തിയേറിയ ബോംബാണ് പരീക്ഷിച്ചതെന്ന് കൊറിയ പിന്നീട് വ്യക്തമാക്കി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണം.

Share this Story:

Follow Webdunia malayalam