Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില പ്രശസ്ത വിവാദങ്ങള്‍

ചില പ്രശസ്ത വിവാദങ്ങള്‍
, വെള്ളി, 25 ഡിസം‌ബര്‍ 2009 (15:49 IST)
PRO
കടന്നു പോവുന്ന 2009 വിവാദങ്ങളുടെയും കാലമായിരുന്നു. പ്രശസ്തരുടെ കേന്ദ്രമായ ബോളിവുഡിലായിരുന്നു ചൂടും ചൂരുമുള്ള വിവാദങ്ങളില്‍ പലതും പിറന്നത്. ബോളിവുഡുമായി ബന്ധമുള്ള ചില വിവാദങ്ങളിലൂടെ കറങ്ങാം,

ഷിനെ അഹൂജ ബലാത്സംഗ കേസില്‍

ഗാംഗ്സ്റ്റര്‍, ഭൂല്‍ഭുലയ്യ, ഹൈജാക്ക് എന്നീ ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ഷിനെ അഹൂജ (36) ബലാത്സംഗ കേസില്‍ പെട്ടത് വലിയ വാര്‍ത്തയായി. മുംബൈയിലെ അന്ധേരിയില്‍ താരാപൂര്‍ഗാര്‍ഡനിലെ വസതിയില്‍ വച്ച് വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഷിനെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആര്‍തര്‍ റോഡ് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് ജൂണ്‍ 15 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഷിനെയ്ക്ക് പല തവണ ജാമ്യം നിഷേധിച്ചു. ഒടുവില്‍, ഓഗസ്റ്റ് ഒന്നിന് ഉപാധികളോടെ ജാമ്യം ലഭിച്ചു.

അക്ഷയ് കുമാറിന്റെ ഷോ അശ്ലീലമായി

ബോളിവുഡ് നായകന്‍ അക്ഷയ് കുമാര്‍ ലാക്‍മെ ഫാഷന്‍ വീക്കില്‍ നടത്തിയ പ്രകടനം വിവാദമായി. ഷോയില്‍ അക്ഷയുടെ ജീന്‍സിന്‍റെ ബട്ടണ്‍ ഭാര്യ ട്വിങ്കിള്‍ പരസ്യമായി അഴിച്ചതിനെതിരെ ഒരു പൊതുപ്രവര്‍ത്തകന്‍ വകോല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

‘ലെവിസ്’ ജീന്‍സിന്‍റെ പ്രചാരണത്തിനായാണ് അക്ഷയ് റാമ്പിലെത്തിയത്. റാമ്പിലൂടെ നടന്നെത്തിയ അക്ഷയ് ഭാര്യ ട്വിങ്കിളിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവര്‍ ജീന്‍സിന്‍റെ മുകള്‍ ബട്ടന്‍ അഴിച്ചു. ഇത് അസഭ്യ പ്രകടനമാണെന്ന് കാണിച്ചാണ് അനില്‍ നായര്‍ എന്നയാള്‍ പരാതി നല്‍കിയത്.

അക്ഷയ് കുമാര്‍ ഭാര്യ ട്വിങ്കിള്‍, ഷോ നടത്തിപ്പുകാര്‍, ഷോ നടന്ന ഹോട്ടല്‍ ഉടമ എന്നിവര്‍ക്കെതിരെ അശ്ലീല പ്രകടനത്തിന് 292, 293 എന്നീ വകുപ്പുകളില്‍ കേസെടുക്കണം എന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.

ഷാരൂഖ് തടഞ്ഞുവയ്ക്കല്‍ ആയുധമാക്കി?

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിനെ അമേരിക്കയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചത് ചൂടുള്ള വാര്‍ത്തയായി മാറിയിരുന്നു. ചിക്കാഗോയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഷാരൂഖിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പേരിനൊപ്പം ഖാന്‍ എന്നുകൂടിയുള്ളതാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത് എന്നായിരുന്നു ഷാരൂഖ് വാദിച്ചത്.

എന്നാല്‍, പുറത്തുവരാനിരിക്കുന്ന ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയില്‍ സമാന രംഗം ഉള്ളതിനാല്‍ ഷാരൂഖ് ഈ സംഭവത്തെ വന്‍‌വിവാദമാക്കാന്‍ ശ്രമിച്ചത് എന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. പേരിന്റെ പ്രശ്നത്തില്‍ യഥാര്‍ത്ഥ ഷാരൂഖിനെ തടഞ്ഞു വച്ചപ്പോള്‍ സിനിമയിലെ ‘റിസ്‌വാന്‍’ എന്ന ഷാരൂഖ് കഥാപാത്രത്തെ സംശയകരമായ പെരുമാറ്റത്തിന്റെ പേരിലാണ് തടഞ്ഞുവയ്ക്കുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഹെഡ്‌ലിയും കോഡയും ബോളിവുഡിനെ തൊട്ടു

മുന്‍ ഝാര്‍ഖണ്ഡ് മുഖ്യന്‍ മധു കോഡയുടെ ഹവാല പണമിടപാടില്‍ ചില ബോളിവുഡ് നടികള്‍ക്കും ബന്ധമുണ്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ 26/11 ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യുഎസ് പൌരന്‍ ഡേവിഡ് കോള്‍മാന്‍ ഹേഡ്‌ലിക്കും ബോളിവുഡുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പല കാതുകളും സ്വീകരിച്ചത്.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകനും ഹെഡ്‌ലിയും അടുത്ത പരിചയക്കാരായിരുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബോളിവുഡ് നടി കങ്കണ റണൌത്തിന്റെ പേരും കൂട്ടി വായിക്കപ്പെട്ടു. എന്നാല്‍, കങ്കണ ഇക്കാര്യം ശക്തിയുക്തം നിഷേധിച്ചു.

Share this Story:

Follow Webdunia malayalam