Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ വര്‍ഷം ഇന്ത്യയുടെയും

ധോണിയുടെ വര്‍ഷം ഇന്ത്യയുടെയും
, വെള്ളി, 25 ഡിസം‌ബര്‍ 2009 (15:02 IST)
PRO
ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യയുടെ തലയെടുപ്പ് ഒന്നു കൂടി ഉയര്‍ന്ന വര്‍ഷം കൂടിയാണിത്. ചരിത്രത്തിലാദ്യമായി ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ധോണിയെന്ന വിജയ നായകന്‍ ടെസ്റ്റില്‍ പരാജയമറിയാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. 2009ലെ പ്രധാന ക്രിക്കറ്റ് സംഭവങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്.

ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിനു നേരെ ഭീകരാക്രമണം
ക്രിക്കറ്റ് ലോകത്തെ മാത്രമല്ല ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചായിരുന്നു 2009ന്‍റെ തുടക്കം. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ ടീം ബസിനു നേര്‍ക്ക് ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ താരങ്ങള്‍ തലലോനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും പാകിസ്ഥന്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടു.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നൂറാം ജയം
ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യ നൂറാം ജയം ആഘോഷിച്ചു. കാണ്‍പൂര്‍ ക്രിക്കറ്റ്‌ ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്ങ്സിനും 144 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രജയം ആഘോഷിച്ചത്‌.ടെസ്റ്റ്‌ ക്രിക്കറ്റില്‍ 432 മല്‍സരങ്ങളില്‍ നിന്നാണ്‌ ഇന്ത്യ 100 ജയം സ്വന്തമാക്കിയത്‌. ഇതില്‍ 136 ടെസ്റ്റുകളില്‍ തോല്‍വി നേരിട്ടപ്പോള്‍ 195 മല്‍സരം സമനിലയിലായി. ഒരു ടെസ്റ്റ്‌ ടൈ ആകുകയും ചെയ്‌തു.

ശ്രീശാന്തിന്‍റെ തിരിച്ചുവരവ്
19 മാസത്തെ വനവാസത്തിനുശേഷം മലയാളി പേസര്‍ ശ്രീശാന്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. തിരിച്ചുവന്ന മത്സരത്തില്‍ ആറു വിക്കറ്റ് വീഴ്ത്തി ശ്രീ കളിയിലെ താരമായി. വിവാദങ്ങളെ തുടര്‍ന്ന് കേരള രഞ്ജി ക്യാപ്റ്റന്‍ സ്ഥാനം പോലും നഷ്ടമാകുമെന്ന അവസരത്തിലാണ് ശ്രീ സ്വപ്നസമാനമായ രീതിയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ആദ്യ കളിയില്‍ തന്നെ കളിയിലെ കേമനായത്.

webdunia
PRO
ഇന്ത്യ ഒന്നാമത്
ഐ.സി.സി. ടെസ്റ്റ്‌ റാങ്കിങ്ങില്‍ ആദ്യമായി ഇന്ത്യ ഒന്നാം സ്ഥാനത്തെതിയ വര്‍ഷം കൂടിയായി 2009. ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ്‌ പരമ്പര 2- 0 ന്‌ സ്വന്തമാക്കിയതോടെയാണ്‌ ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്‌. ഈവര്‍ഷം രണ്ടു പരമ്പരകളിലായി ആറുടെസ്റ്റുകളാണ്‌ ഇന്ത്യ കളിച്ചത്‌.

കീവീസിലെ പരമ്പര ജയം
41 വര്‍ഷത്തിനു ശേഷം ന്യൂസിലന്‍ഡില്‍ ടെസ്റ്റ് പരമ്പര നേടി ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നു മത്സരങ്ങളുടെ പരമ്പര 1-0നാണ് ഇന്ത്യ സ്വന്തമാക്കിയത്.

ട്വന്റി20 ലോക കിരീടം പാക്കിസ്ഥാന്‌
ഇംഗണ്ടില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിനു കീഴടക്കി പാക്കിസ്ഥാന്‍ ചാംപ്യന്‍മാരായി. സ്കോര്‍: ശ്രീലങ്ക: ആറിന്‌ 138. പാക്കിസ്ഥാന്‍: 18.4 ഓ‍വറില്‍ രണ്ടിന്‌ 139. ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ അബ്ദുല്‍ റസാക്ക്‌(മൂന്നു വിക്കറ്റ്‌), അഫ്രീദി, ഉമര്‍ഗുല്‍, മുഹമ്മദ്‌ ആമിര്‍(ഓ‍രോ വിക്കറ്റ്‌ വീതം) എന്നിവരാണ്‌ പിടിച്ചു നിര്‍ത്തിയത്‌. മറുപടി ബാറ്റിങ്ങില്‍ പുറത്താകാതെ 54 റണ്‍സുമായി അഫ്രീദിയാണ്‌ ഏറെ തിളങ്ങിയത്‌. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ ഇന്ത്യയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു പാക്കിസ്ഥാന്‍.

രഞ്ജി ക്രിക്കറ്റില്‍ മുംബൈയ്ക്കു കിരീടം
ഉത്തര്‍പ്രദേശിനെ 243 റണ്‍സിനു തകര്‍ത്ത മുംബൈ രഞ്ജി ക്രിക്കറ്റില്‍ 38-ാ‍ം തവണ കിരീടത്തിന്‌ അവകാശികളായി. വിജയത്തിലേക്ക്‌ 525 ലക്‍ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഉത്തര്‍പ്രദേശ്‌ 71.5 ഓ‍വറില്‍ 281 റണ്‍സിന്‌ ഓ‍ള്‍ഔ‍ട്ടായി.

രഞ്ജി ട്രോഫിക്ക്‌ 75 വയസ്‌
ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ്‌ ചാംപ്യന്‍ഷിപ്പായ രഞ്ജി ട്രോഫി തുടങ്ങിയിട്ട്‌ ഈ നവംബര്‍ നാലിന്‌ 75 വര്‍ഷം പൂര്‍ത്തിയായി. 1934 നവംബര്‍ നാലിനു മദ്രാസ്‌ ചെപ്പോക്ക്‌ എം. എ. ചിദംബരം സ്റ്റേഡിയത്തില്‍ ആതിഥേയരായ മദ്രാസ്‌ മൈസൂറിനെ നേരിട്ടതോടെയാണ്‌ രഞ്ജി ട്രോഫിക്കു തുടക്കമായത്‌. 1934 ജൂലൈയില്‍ നടന്ന ബിസിസിഐ യോഗത്തിലാണ്‌ ദേശീയ ചാംപ്യന്‍ഷിപ്പ്‌ എന്ന ആശയം പിറന്നത്.

ഇംഗ്ലണ്ടിന്‌ വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌
ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിനു തോല്‍പിച്ച ഇംഗ്ലണ്ട്‌ മൂന്നാം തവണയും വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ സ്വന്തമാക്കി.ന്യൂസിലന്‍ഡും ഇന്ത്യയുമാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. നാലു വിക്കറ്റ്‌ വീഴ്ത്തിയ ഓ‍ള്‍റൗണ്ടര്‍ നിക്കി ഷായുടെ മികവില്‍ ന്യൂസിലന്‍ഡിനെ 47.2 ഓ‍വറില്‍ 166നു പുറത്താക്കിയ ഇംഗ്ലണ്ട്‌ 23 പന്ത്‌ ബാക്കിനില്‍ക്കെ ലക് ഷ്യം കണ്ടു.

സച്ചിന് 20 വയസ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി. 1989 നവംബര്‍ 17 ന് കറാച്ചിയില്‍ ടെസ്റ്റ് മത്സരത്തിലൂടെയാണ് സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ടെസ്റ്റ്‌, ഏകദിനം, ട്വന്റി 20 എന്നീ വിഭാഗങ്ങളിലായി രാജ്യാന്തര ക്രിക്കറ്റില്‍ 30000 റണ്‍സ്‌ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിനും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉടമയായി. ശ്രീലങ്കയ്ക്കെതിരായ അഹമ്മദാബാദ്‌ ടെസ്റ്റിനിടെയാണ്‌ സച്ചിനെത്തേടി പുതിയ നേട്ടമെത്തിയത്‌.

ടീം ഇന്ത്യക്ക്‌ പുതിയ ജേഴ്സി
ടീം ഇന്ത്യക്ക്‌ പുതിയ ജേഴ്സി. ഇനി കടുംനീല നിറത്തിലുള്ളതാണ്‌ പുതിയ ജഴ്സി.പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍ തരുണ്‍ തഹ്‌ലിയാനിയാണു വ്യത്യസ്‌ത വര്‍ണം ടീമിനു സമ്മാനിച്ചത്‌. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണു ടീമിന്റെ ഏകദിന യൂണിഫോം മാറ്റുന്നത്‌. വെസ്റ്റിന്‍ഡീസ്‌ പര്യടനത്തിനു മുന്‍പ്‌ 2007 ഫെബ്രുവരിയിലായിരുന്നു ഇതിനു മുന്‍പു ജഴ്സി പരിഷ്കരിച്ചത്‌.

36 വര്‍ഷത്തിനുശേഷം ബ്രാബോണില്‍ ടെസ്റ്റ്‌ മല്‍സരം
മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം 36 വര്‍ഷത്തിനുശേഷം ഒരു ടെസ്റ്റ്‌ മല്‍സരത്തിന്‌ ആതിഥേയത്വം വഹിച്ചു. ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റ്‌ മല്‍സരമാണ്‌ ഇവിടെ നടന്നത്‌. 1973ല്‍ ഇന്ത്യയും ഇംഗണ്ടും ആണ്‌ അവസാനമായി ഇവിടെ ടെസ്റ്റ്‌ കളിച്ചത്‌.

ഐപിഎല്‍ കിരീടം ഡെക്കാന്‌
ഡെക്കാന്‍ ചാര്‍ജേഴ്സിന്‌ കിരീടമണിയിച്ച്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ രണ്ടാം പതിപ്പ്‌ കൊടിയിറങ്ങി. സ്കോര്‍: ഡെക്കാന്‍: 20 ഓ‍വറില്‍ ആറിന്‌ 143, ബാംഗ്ലൂര്‍: 20 ഓ‍വറില്‍ ഒന്‍പതിന്‌ 137.

രാഹുല്‍ ദ്രാവിഡ്‌
ക്യാച്ചുകളില്‍ രാഹുല്‍ ദ്രാവിഡിന്‌ റെക്കോര്‍ഡ്‌. 134-ാ‍ം ടെസ്റ്റിലാണ്‌ രാഹുലിന്റെ ഈ നേട്ടം . 128 ടെസ്റ്റുകളില്‍നിന്നു 181 ക്യാച്ചുകളെടുത്ത മാര്‍ക്‌ വോയെയാണ്‌ ദ്രാവിഡ്‌ പിന്നിലാക്കിയത്‌.

സുനില്‍ ഗവാസ്കര്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ സുനില്‍ ഗാവസ്കറുടെ ജീവചരിത്രം 'എസ്‌എംജി, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ പ്രകാശനം ചെയ്‌തു. ദേവേന്ദ്ര പ്രഭുദേശായ്‌ രചിച്ച പുസ്‌തകം പുറത്തിറക്കിയത്‌ മുംബൈയിലെ രൂപ ആന്‍ഡ്‌ കമ്പനിയാണ്‌.

വീരേന്ദര്‍ സെവാഗ്‌, മഹേന്ദ്രസിങ്‌ ധോണി
ഇന്ത്യന്‍ ഓ‍പ്പണര്‍ വീരേണ്ടര്‍ സേവാഗ്‌ ക്രിക്കറ്റ്‌ പ്രസിദ്ധീകരണമായ വിസ്ഡന്‍ 2008ന്റെ മികച്ച താരം. അവര്‍ ആദ്യമായി തിരഞ്ഞെടുത്ത സ്വപ്ന ടെസ്റ്റ്‌ ഇലവന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി. സേവാഗ്‌, ധോണി, സച്ചിന്‍, ഹര്‍ഭജന്‍, സഹീര്‍ എന്നിവരാണു ഡ്രീം ഇലവനില്‍ സ്ഥാനം കണ്ടെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

ഗൌതം ഗംഭീര്‍
ഈ വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഗൌതം ഗംഭീര്‍. കളിയുടെ മുന്നു മേഖലകളിലും ഒരുപോലെ മികവു കാട്ടിയ ഗംഭീര്‍ ഐ സി സിയുടെ ടെസ്റ്റ് പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഗംഭീര്‍ തന്നെയാണ് ഐ സി സി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം നമ്പര്‍ താരവും.

മാത്യു ഹെയ്ഡന്‍
ആറടിയിലേറെ പൊക്കവും ആനയുടെ കരുത്തുമായി പന്തേറുകാരെ വിരട്ടി ലോകക്രിക്കറ്റില്‍ ക്രീസില്‍ വിലസി നിന്ന ഓ‍സ്ട്രേലിയന്‍ ഓ‍പ്പണര്‍ മാത്യു ഹെയ്ഡന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിടവാങ്ങി.

റിക്കി പോണ്ടിങ്ങ്‌
ഓ‍സ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്‌ രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളില്‍നിന്നു വിരമിച്ചു. ടെസ്റ്റ്‌ - ഏകദിനങ്ങളില്‍ കൂടുതല്‍ കാലം കളിക്കാനാണ്‌ കുട്ടി ക്രിക്കറ്റില്‍നിന്നു പോണ്ടിങ്ങിന്റെ പിന്‍മാറ്റം.

ഡോണ്‍ ബ്രാഡ്മാന്‍ തന്നെ ഒന്നാം നമ്പര്‍
ഐസിസി പട്ടികയില്‍ ഡോണ്‍ ബ്രാഡ്മാന്‍ തന്നെ ഒന്നാം നമ്പര്‍ താരം. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ ലെന്‍ ഹട്ടനും ജെ.ബി. ഹോബ്സുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഓ‍സീസ്‌ നായകന്‍ റിക്കി പോണ്ടിങ്ങും മൂന്നാം സ്ഥാനത്തുണ്ട്‌. വെസ്റ്റ്‌ ഇന്‍ഡീസിന്റെ കരുത്തന്മാരായ വിവ്‌ റിച്ചഡ്സിനും ഗാരി സോബേഴ്സിനുമൊപ്പം ആറാം സ്ഥാനം അലങ്കരിക്കുന്നത്‌ ശ്രീലങ്കയുടെ വിക്കറ്റ്‌ കീപ്പര്‍ കുമാര്‍ സംഗക്കാര. ഏഷ്യയില്‍നിന്ന്‌ ആദ്യ പത്തിലെത്തിയ ഏക താരമാണ്‌ സംഗക്കാര.

മാത്യു ഹെയ്ഡന്‍, ജാക്ക്‌ കാലിസ്‌ (10), മുഹമ്മദ്‌ യൂസഫ്‌ (12), മൈക്ക്‌ ഹസി (19), സുനില്‍ ഗാവസ്കര്‍ (20), കെവിന്‍ പീറ്റേഴ്സന്‍ (24), ചന്ദര്‍ പോള്‍ (25), സ്റ്റീവ്‌ വോ (28), രാഹുല്‍ ദ്രാവിഡ്‌ (30) എന്നിങ്ങനെ പോകുന്നു റാങ്കിങ്‌. ഗുണ്ടപ്പ വിശ്വനാഥ്‌ 45-ാ‍ം സ്ഥാനത്തും വീരേണ്ടര്‍ സേവാഗ്‌ 51-ാ‍ം സ്ഥാനത്തുമെത്തി.

Share this Story:

Follow Webdunia malayalam