Webdunia - Bharat's app for daily news and videos

Install App

കടമ്മനിട്ടയിലെ പടയണി

കെ.എസ്‌.അമ്പിളി

Webdunia
PRO
മധ്യ തിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ്‌ പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ കടമ്മനിട്ട കാവിലെ പടയണി. വിഷു നാളില്‍ ചൂട്ടുവച്ച്‌ പച്ചത്തപ്പ്‌ കൊട്ടി തുടങ്ങി പത്താമുദയ ദിവസം പകല്‍ പടയണിയോടെയാണ്‌ ഇത്‌ സമാപിക്കുക.

എട്ടാം ദിവസമാണ്‌ പ്രധാനപ്പെട്ട പടയണി. അന്ന്‌ ഭൈരവിക്കോലമാണ്‌ ആടുക. ഇത്‌ പുലരും വരെ നീളും. പടയണിയുടെ ആദ്യത്തെ രണ്ട്‌ ദിവസം ചൂട്ടുവച്ച്‌ കാവിലമ്മയെ വിളിച്ചിറക്കുന്നു. മൂന്നാം ദിവസം മുതലാണ്‌ പടയണി തുള്ളല്‍ ആരംഭിക്കുക.

എട്ടാം പടയണി ദിവസം ഉറക്കമൊഴിഞ്ഞ കാവിലമ്മ ഒന്‍പതാം ദിവസം ഉറങ്ങുന്നു. അതുകൊണ്ടാണ്‌ പത്താമുദയ ദിവസം പകല്‍പ്പടയണിയായി തുള്ളല്‍ നടക്കുന്നത്‌.

ഐതിഹ്യം

ദാരിക നിഗ്രഹത്തിന്‌ ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവന്‍റെ ഭൂതഗണങ്ങളും വാദ്യമേളങ്ങളും തുള്ളലുകളും ഹാസ്യ സംവാദങ്ങളും നടത്തിയത്രെ. കാളി ശാന്തയായതോടെ നാശത്തിന്‍റെ നടുക്കല്‍ നീങ്ങി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരന്നു.

കാലക്രമത്തില്‍ നന്മ കൊതിച്ച നാട്ടുകൂട്ടങ്ങള്‍ പച്ചത്തപ്പു കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നാണ്‌ ചരിത്രം. അങ്ങനെ കരനാഥന്മാരുടെ തണലില്‍ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി.

കാളി പ്രീതിക്കു വേണ്ടി നടത്തുന്ന ഒരു കലാരൂപമാണ്‌ പടയണി എങ്കിലും ആത്യന്തികമായി അതിന്‍റെ ലക്‍ഷ്യം സമൂഹ നന്മയാണ്‌. ഇരുട്ടിന്‍റെ പ്രതീകമാണ്‌ ദാരികന്‍‍. കാളി കാളുന്നവളാണ്‌. ഇരുട്ടിന്‍റെ മേല്‍ ആധിപത്യമുറപ്പിക്കുന്ന വെളിച്ചമാണ്‌ പടയണിയുടെ ആന്തരിക ചൈതന്യം.

ചടങ്ങുകള്‍

താവടി, പുലവൃത്തം, പരദേശി, അടവി തുടങ്ങി പല ചടങ്ങുകളും കടമ്മനിട്ട പടയണിയില്‍ കാണാം. പടയണിയില്‍ തപ്പുകൊട്ടലിന്‌ ശേഷം വെളിച്ചപ്പാടെത്തുന്നു. പിന്നീട്‌ താവടി അരങ്ങേറുന്നു. നേര്‍ത്താവടി എന്നും പന്നത്താവടി എന്നും അറിയപ്പെടുന്ന രണ്ട്‌ വിഭാഗങ്ങളാണുള്ളത്‌.

താരതമ്യേന പരിഷ്കൃത വേഷമാണ്‌ നേര്‍ത്താവടിയില്‍ ഉപയോഗിക്കുക. വേഷങ്ങളുടെ അപരിഷ്കൃതത്വമാണ്‌ പന്നത്താവടിക്ക്‌ ആ പേരുവരാന്‍ കാരണം

PRO
കൊയ്ത്ത്‌, കറ്റ മെതിക്കല്‍, പൊലിയളക്കല്‍, തടുത്തു കൂട്ടല്‍, പൊലിയുണക്കല്‍, വീശിയൊരുക്കല്‍ തുടങ്ങിയ കാര്‍ഷിക വൃത്തികളോട്‌ അനുബന്ധിച്ച ചലനക്രമങ്ങളോടു കൂടിയ തുള്ളലാണ്‌ പുലവൃത്തം. കാവിലേത്‌ കാര്‍ഷിക ദേവതയാണ്‌.

ഈ ഭാവത്തിന്‌ പ്രാധാന്യം നല്‍കിയുള്ള പാട്ടുകളാണ്‌ പുലവൃത്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങളെയും വികാസങ്ങളെയും വീക്ഷിക്കുകയും ഹാസ്യഭാവത്തോടെ വിലയിരുത്തുകയും ചെയ്യുന്ന വിനോദമാണ്‌ പരദേശി.

പടയണിയിലെ അതിപ്രധാനമായ ഒരു ചടങ്ങാണ്‌ അടവി. നൃത്തരൂപങ്ങളും വിനോദവുമൊക്കെ അടവിയില്‍ ദിവസവും ഉണ്ടായിരിക്കും. ദാരികാസുര വധത്തെ പ്രകീര്‍ത്തിക്കുന്ന പാട്ടോടുകൂടിയ പുലവൃത്തം തുള്ളല്‍ അടവി ദിവസം നിര്‍ബന്ധമാണ്‌.

തപ്പുകൊട്ടി മേളമൊരുക്കി താളവടിവില്‍ അടവി തുള്ളി പുലവൃത്തമാടി വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടര്‍ത്തി - ഇതൊക്കെ ആയിട്ടും കാളിയുടെ കലി ശമിക്കുന്നില്ല. കലി ശമിക്കണമെങ്കില്‍ അമ്മയില്‍ ആവേശിച്ചിരിക്കുന്ന ദുര്‍ബാധകളൊക്കെ ഒഴിയണം.

പിശാച്‌, മറുത, യക്ഷി തുടങ്ങിയ ദേവതകളാണ്‌ അമ്മയെ ബാധിച്ചിരിക്കുന്നത്‌. പിണിയൊഴിപ്പിക്കുന്നതിലൂടെ ദേവി കര്‍മ്മോന്‍മുഖയായി മാറും.

ഓരോ ദേവതയ്ക്കും ഓരോ രൂപമുണ്ട്‌. ആ രൂപങ്ങള്‍ വരച്ചെടുക്കുമ്പോള്‍ കോലങ്ങളായി. പച്ചപ്പാളയില്‍ പ്രകൃതിദത്ത നിറങ്ങളുപയോഗിച്ചാണ്‌ കോലങ്ങള്‍ വരയ്ക്കുന്നത്‌.

ഈ കോലങ്ങളെയൊക്കെ ആട്ടിയിറക്കുന്നതോടെ ഭൈരവിക്കോലം (കാഞ്ഞിരമാല) എഴുന്നള്ളുന്നു. ദേവിയുടെ പ്രതിരൂപമാണത്‌. ഭൈരവിക്കോലം ആടിത്തീരുമ്പോല്‍ പുലര്‍ച്ചെയാവും.

അതോടെ കടമ്മനിട്ട പടയണി അവസാനിക്കും.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

Show comments