Webdunia - Bharat's app for daily news and videos

Install App

ഇത്, ഗൌതം സമ്മാനിക്കുന്ന പ്രണയസ്മാരകം

കനു ഗസല്‍

Webdunia
ചൊവ്വ, 2 മാര്‍ച്ച് 2010 (16:36 IST)
PRO
" ജെസ്സീ, നിനക്കെന്തു തോന്നി?
പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്നശൈലങ്ങളില്‍ ചെന്ന് ചുംബിക്കവേ
ഉത്തുംഗതകളില്‍ പാര്‍വതീ-ശങ്കര
തൃഷ്ണകള്‍ നേടിക്കിതച്ചാഴ്ന്നിറങ്ങവേ" - ഒരു കാലഘട്ടത്തില്‍ കാമ്പസുകളെ ഇളക്കിമറിച്ച കവിതയുടെ ആദ്യവരികളാണിത്. കുരീപ്പുഴ ശ്രീകുമാറിന്‍റെ ‘ജെസ്സി’ എന്ന കവിതയ്ക്ക് ശേഷം പ്രണയത്തിന്‍റെ തീയും വിഷാദതീവ്രതയും അനുഭവിപ്പിക്കാന്‍ മറ്റൊരു ‘ജെസ്സി’ അവതരിച്ചിരിക്കുന്നു. പുതിയ ജെസ്സി ഒരു സിനിമയിലെ നായികാ കഥാപാത്രമാണ്. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന ചിത്രത്തില്‍ ത്രിഷ അവതരിപ്പിക്കുന്ന കഥാപാത്രം.

പ്രണയവും വിരഹവും ദുഃഖവും വേദനയും ചേര്‍ത്ത് ഗൌതം തുന്നിയ ജെസ്സി എന്ന കഥാപാത്രവും അവളെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന കാര്‍ത്തിക്(ചിലമ്പരശന്‍) എന്ന യുവാവും കേരളത്തിലെ കാമ്പസുകളും കീഴടക്കുകയാണ്. പ്രണയത്തിന്‍റെ ചോരയിറ്റുന്ന പുതിയ പുസ്തകമാണ് ഈ സിനിമ. ഇതു നിറയെ പ്രണയമാണ്. പറയുന്നതും പാടുന്നതും പ്രണയമാണ്. അതുകൊണ്ടു തന്നെയാണ് കാമ്പസുകള്‍ ഈ ചിത്രം ആഘോഷമാക്കുന്നതും.

ആദ്യ കാഴ്ചയില്‍ തന്നെ ജെസ്സി എന്ന പെണ്‍കുട്ടിയെ പ്രണയിക്കുകയാണ് കാര്‍ത്തിക്. കാര്‍ത്തിക്, സിനിമാ സംവിധായകനാകണമെന്ന മോഹം ഞരമ്പില്‍ കുത്തിവച്ചു നടക്കുന്നവന്‍. ജെസ്സിയാകട്ടെ, ഒരു മലയാളി - സുറിയാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി. അവള്‍ക്ക് സിനിമ ഇഷ്ടമേയല്ല, അവളുടെ കുടുംബത്തിനും. അവളുടെ പ്രണയം നേടാനായി അവന്‍ അലയുകയാണ്. അവള്‍ എവിടെ പോകുന്നോ അവിടെയെല്ലാം. തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞ ശേഷം അതിന് സോറി പറയാനായി അവളെ പിന്തുടര്‍ന്ന് ആലപ്പുഴയിലെ പുളിങ്കൊമ്പിലുള്ള അവളുടെ തറവാട്ടില്‍ പോലും എത്തുന്നു അവന്‍.

അവളെ സ്നേഹിക്കാന്‍ അവന്‍ എന്തും ചെയ്യുമായിരുന്നു. അവളുടെ സ്ട്രിക്ടായ അച്ഛന്‍ ജോസഫോ(ബാബു ആന്‍റണി), വില്ലത്തരം ആവശ്യത്തിലധികമുള്ള സഹോദരന്‍ ജെറിയോ കാര്‍ത്തിക്കിന് ഒരു പ്രശ്നമായിരുന്നില്ല. പ്രശ്നം അവള്‍ മാത്രമായിരുന്നു, ജെസ്സി. മാറിയും മറിഞ്ഞും കളിക്കുന്ന ഒരു പട്ടം പോലെയായിരുന്നു അവളുടെ മനസ്. അവനെ അഗാധമായി പ്രണയിക്കുമ്പോള്‍ പോലും അവള്‍ വെറുപ്പാണ് പുറത്തുകാട്ടിയത്.

ട്രെയിനില്‍ വച്ച് അവളെ ഗാഢമായി കാര്‍ത്തിക് ചുംബിച്ചപ്പോള്‍ അവള്‍ എതിര്‍ത്തില്ല. അത് അവളുടെ ഇഷ്ടമായി അവന്‍ ധരിച്ചപ്പോള്‍ അവള്‍ തിരുത്തി - “എനിക്കുള്ളത് സൌഹൃദം മാത്രമാണ്”. അവനെ കാണാനും അവനൊപ്പം സമയം ചെലവഴിക്കാനും അവള്‍ മോഹിച്ചു. എന്നാല്‍ അവനെ കാണുമ്പോഴൊക്കെ കൃത്യമായ അകലം പാലിക്കുകയും ചെയ്തു. പ്രണയത്തിന്‍റെ കടുത്ത ചായക്കൂട്ടുകളില്‍ മനസ് തെന്നിത്തെറിച്ച് നടക്കുകയായിരുന്നു ജെസ്സി.

അച്ഛനെ ധിക്കരിച്ച് ഇറങ്ങിവരില്ലെന്ന് പറഞ്ഞ ജെസ്സി തന്നെ പിന്നീട് കാര്‍ത്തിക്കിനെ വിളിച്ച് “ഈ നിമിഷം ലോകത്തിന്‍റെ ഏതു കോണിലേക്കും വരാന്‍ തയ്യാറാണെ”ന്നറിയിച്ചു. ദിവസങ്ങള്‍ക്കു ശേഷം അവള്‍ തന്നെ “നമുക്ക് പിരിയാം” എന്ന് പറയുന്നു. അവന്‍റെ പെരുമാറ്റങ്ങളിലെ ചെറിയ വ്യതിയാനങ്ങള്‍ പോലും വലിയ വൈബ്രേഷനാണ് ജെസ്സിയിലുണ്ടാക്കിയത്. അവള്‍ നിഷ്കരുണം അവനെ വേണ്ടെന്നു പറഞ്ഞു. അവനോടുള്ള പ്രണയം ഉള്ളിലുറഞ്ഞ്, തനിക്ക് വിവാഹം വേണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് പള്ളിയില്‍ നിന്ന് ഇറങ്ങി വന്നവള്‍ തന്നെയാണ് ഒടുവില്‍ കാര്‍ത്തിക്കിനെ വേണ്ടെന്നു വച്ചത്. അതിന്‍റെ കാരണം എന്തെന്ന് കാര്‍ത്തിക്കിനു പോലും മനസിലായില്ല.
PRO


പക്ഷേ, അവള്‍ എന്നും അവന്‍റെ പ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന് കിടക്കുകയാണ്. “ലോകത്തില്‍ എത്രയോ പെണ്‍കുട്ടികളുണ്ട്. ഞാന്‍ എന്തിനാണ് ജെസ്സിയെ മാത്രം പ്രണയിച്ചത്?” എന്ന ചോദ്യം കാര്‍ത്തിക് പലതവണ സ്വയം ചോദിക്കുന്നുണ്ട്. അതിന് കാരണം ഒന്നേയുള്ളൂ. അവള്‍ എന്നാല്‍, പ്രണയം മനുഷ്യരൂപം പ്രാപിച്ചതാണ്. അവനെയാണ് അവള്‍ ഈ ലോകത്തില്‍ മറ്റെന്തിനേക്കാളും പ്രണയിക്കുന്നത്.

പ്രണയനഷ്ടത്തിന് ശേഷം കാര്‍ത്തിക് സിനിമാ സംവിധായകനായി മാറുന്നു. ആദ്യ ചിത്രത്തിന് പേര് ‘ജെസ്സി’. ചിത്രം കാണാന്‍ ജെസ്സിയും എത്തുന്നു. അപ്പോള്‍ അവള്‍ ഒരു അമേരിക്കക്കാരന്‍റെ ഭാര്യയാണ്. പക്ഷേ, അവളുടെ കണ്ണുകളില്‍ നിറഞ്ഞുകാണുന്നത് കാര്‍ത്തിക്കിനോടുള്ള പ്രണയമാണ്.

പ്രണയത്തിന്‍റെ പൂക്കാലവും ആഘോഷവുമാണ് ‘വിണ്ണൈത്താണ്ടി വരുവായാ’. ഗൌതം മേനോനിലെ അനുരാഗി പൂര്‍ണമായ ഉണര്‍വ്വില്‍ തന്‍റെ പ്രണയജീവിതം ആവിഷ്കരിക്കുകയാണ്. പ്രണയത്തിന്‍റെ ജാലകച്ചില്ലുകള്‍ തുറന്ന് ജെസ്സി നോക്കുന്നത് പ്രണയം ഉള്ളിലുറങ്ങുന്ന ഓരോരുത്തരെയുമാണ്. ഈ സിനിമ തമിഴകത്തിന്‍റെ പ്രണയസ്മാരകമാകുമെന്നതില്‍ സംശയമില്ല.

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

കൊഴുപ്പ് ഏറ്റവും വേഗത്തില്‍ കുറയ്ക്കാന്‍ പറ്റിയ വ്യായാമങ്ങള്‍ ഇവയാണ്

Show comments