Webdunia - Bharat's app for daily news and videos

Install App

ഇതു താന്‍ ഡാ കേരള പോലീസ്!

ദുര്‍ബ്ബലന്‍

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2009 (16:01 IST)
PRO
ജനിക്കുന്നെങ്കില്‍ പൊലീസുകാരനായി ജനിക്കണമെന്ന് നാട്ടിലെ പ്രായമുള്ളവര്‍ പറയും. മൂന്നും നേരവും മൂക്കുമുട്ടെ ശാപ്പാട്, പോരാത്തതിന് മീനും ഇറച്ചിയും പച്ചക്കറിയും എന്നുവേണ്ട കഞ്ഞികുടിക്കാനുള്ള വകയൊക്കെ ആരെങ്കിലും വഴി വീ‍ട്ടിലെത്തും. അങ്ങനെ സമ്പല്‍‌സമൃദ്ധമായ ജീവിതം.

എന്നാല്‍ ഇക്കാലമൊക്കെ പോയെന്നാണ് നമ്മുടെ പോലീസുകാര്‍ തന്നെ പരിഭവം പറയുന്നത്‍. കാരണം പൊലീസിനിപ്പോള്‍ ആകെ കഷ്ടകാലമാണത്രെ! പഴയ പ്രതാപമൊക്കെ പോയി. വന്നുവന്ന് നാട്ടുകാര്‍ക്കുപോലും ഒരു വിലയില്ലാതായി. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ ഇന്നസെന്‍റ് പൊലീസ് പറയുന്ന ഡയലോഗ് പോലെയായി കാര്യങ്ങള്‍. നാട്ടുകാര്‍ക്കൊന്നും പൊലീസിനെ പണ്ടത്തെപ്പോലെ പേടി ഇല്ല. അതുപോട്ടെ, പൊലീസെന്ന് കേള്‍ക്കുമ്പോഴേ കാര്‍ക്കിച്ചുതുപ്പുന്ന അവസ്ഥ.‘പോടാ പുല്ലേ പോലീസേ’ എന്ന് സമരമുഖങ്ങളില്‍ മുഴങ്ങിയിരുന്ന പഴയ മുദ്രാവാക്യം പൊലീസുകാര്‍ തന്നെ ഇപ്പോ അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് കളിയാക്കാറുപോലുമുണ്ടത്രെ.

കാക്കിയുടെ മാനം വീണ്ടെടുക്കാന്‍ എന്തു ചെയ്യണമെന്ന കൂലംകുഷമായ ചര്‍ച്ചയിലായിരുന്നു തോളില്‍ നക്ഷത്രവുമായി നടക്കുന്ന നമ്മുടെ ഏമാന്‍‌മാര്‍. തോളിലെ നക്ഷത്രം മാറ്റി കുരിശാക്കണമെന്ന അഭിപ്രായം പോലുമുയര്‍ന്നു. കാക്കിക്കാരെ താറടിക്കുന്നതിന് പിന്നില്‍ സിന്‍ഡിക്കേറ്റ് മാധ്യമങ്ങളുടെ കറുത്ത അക്ഷരങ്ങളാണെന്ന നിഗമനത്തിലും ചിലരെത്തി. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കവേ ആണ് കോഴിക്കോട്ടെ ചില കൊച്ചുകാക്കിക്കാര്‍ തനിക്കൊണം കാട്ടിയത്. സര്‍ക്കാര്‍ ജീപ്പില്‍ ക്രിസ്മസ് ആഘോഷിക്കാനിറങ്ങിയ കൊച്ചേമാന്‍‌മാര്‍ക്ക് ഒന്നു പെരുത്തുകഴിഞ്ഞപ്പോഴാണ് കലശലായ നിയമബോധം തലയിലുദിച്ചത്.

കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന ചൊല്ലൊക്കെ സാറന്‍‌മാര്‍ മറന്നു. എന്തെങ്കിലും ചെയ്തേ പറ്റൂ. കാരണം ഡിപ്പാര്‍ട്ട്‌മെന്‍റില്‍ കയറിയതില്‍ പിന്നെ മെയ്യനങ്ങി പണിയെടുത്ത കാലം മറന്നു. ഒടുവില്‍ കൂട്ടായ തീരുമാനത്തിലെത്തി. സ്ഥിരം കലാപരിപാടി തന്നെ! വണ്ടി തടയല്‍. എപ്പോഴാ ഭാഗ്യം വരുന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ? ക്രിസ്മസ് അല്ലേ ചെക്കിംഗ് കാണില്ലെന്ന് കരുതി വല്ല തീവ്രവാദിയും വണ്ടിയുമെടുത്ത് രണ്ട് പടക്കം പൊട്ടിക്കാനിറങ്ങിയാല്‍ രക്ഷപെട്ടു.

പ്രമോഷന്‍, ബെസ്റ്റ് സര്‍വ്വീസ് മെഡല്‍, ഗുഡ് സര്‍വീസ് എന്‍‌ട്രി, അങ്ങനെ കള്ളിന്‍റെ ലഹരിയില്‍ കൊച്ചേമാന്‍‌മാരുടെ തലച്ചോറില്‍ നക്ഷത്രത്തിളക്കം മിന്നിമറഞ്ഞു. അല്ലെങ്കിലും ഇപ്പോള്‍ പഴയ പോലെ തേങ്ങാ കട്ടവനെയും കൊലപാതകിയേം ഒന്നും പിടിച്ചിട്ട് കാര്യമില്ല. പിടിക്കുന്നെങ്കില്‍ മിനിമം ഒരു തീവ്രവാദിയെ എങ്കിലും പിടിക്കണം.

അങ്ങനെ സംഗതി തുടങ്ങി. വണ്ടി തടയല്‍. നല്ല വരുമാനമായിരുന്നു. പക്ഷെ കള്ളിന്‍റെ പുറത്തായതിനാല്‍ ഇങ്ങോട്ടുവാങ്ങുന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളു. അങ്ങോട്ടുകൊടുക്കുന്ന സര്‍ക്കാര്‍ ശീട്ടിന്‍റെ (രശീത്) കാര്യം സാറന്‍‌മാര്‍ മറന്നു. അല്ലേലും ഇപ്പൊ ഇതൊന്നും പതിവില്ലല്ലോ ജനകീയ പൊലീസല്ലേ!.

ക്രിസ്മസിന് രണ്ടെണ്ണം വിട്ട് വണ്ടിയോടിച്ച് വരുന്നവന്‍‌മാര്‍ ഊതാന്‍ തുടങ്ങുന്നതിനു മുന്‍പേ ഏമാന്‍‌മാരുടെ കൈയ്യിലിരിക്കുന്ന ബ്രീത്ത് അനലൈസറിലെ സൂചി അതിന്‍റെ പരകോടിയിലെത്തി ഇടിച്ചു നിന്നു. ഊതെടാ എന്ന് ഏമാന്‍‌ പറയുമ്പോഴാണ് സൂചിയുടെ കറക്കം കൂടുന്നതെന്ന് ബോധമുള്ള നാട്ടുകാര്‍ കണ്ടുപിടിച്ചു. കടുവയെ കിടുവ പിടിച്ചത് പെട്ടന്നുതന്നെ ഏമാന്‍‌മാര്‍ക്ക് മണത്തു. പിന്നെ സത്യമായിട്ടും ഞങ്ങള്‍ യഥാര്‍ത്ഥ പൊലീസാണെന്നും നാടകയൂണീഫോമല്ലെന്നും പറഞ്ഞുനോക്കി. നോ രക്ഷ! നാട്ടുകാര്‍ തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന മട്ടില്‍ നില്‍ക്കുകയാണ്.

ഒടുവില്‍ അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വലിയ ഏമാന്‍‌മാരുടെ ഒരു സംഘം വന്നാണ് ജീപ്പും അതിനുള്ളില്‍ ഇരുന്ന സാറന്‍‌മാരെയും രക്ഷപെടുത്തിയത്. പൊലീസുകാരുടെ ഈ ഒത്തൊരുമയ്ക്കാണ് ഒരു അവാര്‍ഡ് കൊടുക്കേണ്ടത്. നാട്ടുകാര്‍ പിടിക്കുമ്പോള്‍ കുപ്പിയും ഗ്ലാസും എന്നുവേണ്ട തൊട്ടുനക്കാന്‍ അച്ചാറുപോലും ജീപ്പിനുള്ളില്‍ ഉണ്ടായിരുന്നു. പക്ഷെ വലിയ ഏമാന്‍‌മാരോട് ഇതേപ്പറ്റി പറഞ്ഞപ്പോഴല്ലേ രസം. അതൊന്നും പൊലീസുകാരുടേതല്ല., ക്രിസ്മസിന് പെരുവഴിയിലിരുന്ന് വെള്ളമടിച്ച ഏതോ താന്തോന്നികളുടേതാണു പോലും. അതായത് പൊലീസ് ഭാഷയില്‍ പറഞ്ഞാല്‍ തൊണ്ടി മുതല്‍! ഓ നമ്മുടെ പൊലീസിന്‍റെ ഒരു ബുദ്ധിയേ! സമ്മതിക്കണം.

നാട്ടുകാരുടെ ആവശ്യപ്രകാരം കൊച്ചേമാന്‍മാരെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. അതുപക്ഷെ കള്ളനെ താക്കോല്‍ ഏല്‍‌പിച്ച പോലെയായി. സാറന്‍‌മാരുടെ ശരീ‍രത്തില്‍ ആള്‍ക്കഹോളിന്‍റെ പൊടിപോലും കണ്ടുപിടിക്കാ‍ന്‍ കഴിഞ്ഞില്ലെന്നാണ് പിറ്റേന്ന് വന്ന വാര്‍ത്ത. ആവശ്യമുള്ളപ്പോള്‍ തെളിവുണ്ടാക്കാന്‍ മാത്രമല്ല, തെളിവുകള്‍ നശിപ്പിക്കാനും നമ്മുടെ പൊലീസുകാര്‍ക്ക് അറിയാം. ഏതായാലും ഇതോടെ ജനകീയ പൊലീസ് എന്ന പദ്ധതിയോട് കോഴിക്കോട്ടെ പൊലീസുകാര്‍ മുറുമുറുപ്പ് തുടങ്ങിയതായാണ് വിവരം. കാരണം ഒരു പാലമിട്ടാ‍ല്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ.. ഇത് നാട്ടുകാര്‍ വലിയ മാന്യന്‍‌മാരും പൊലീസുകാര്‍ ഭയങ്കര കുടിയന്‍‌മാരും. അല്ല പിന്നെ!.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

പ്രയാഗ്‌രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്

Show comments