Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമയമായില്ലാ പോലും...

ദുര്‍ബല്‍ കുമാര്‍

സമയമായില്ലാ പോലും...
, വ്യാഴം, 28 ജനുവരി 2010 (20:31 IST)
PRO
ഇതിങ്ങനെയൊക്കെത്തന്നെയേ വരുള്ളൂ എന്ന് നമുക്ക് അപ്പൊഴേ അറിയാമായിരുന്നു. എങ്കിലും ആരൊക്കെ ശത്രു, ആരൊക്കെ മിത്രം എന്ന് തിരിച്ചറിയാനാണ് കെ പി സി സിയുടെ നിര്‍വാഹക സമിതി യോഗം ഉടനെ വിളിച്ചുകൂട്ടണമെന്നും അതില്‍ തന്‍റെ കാര്യം ചര്‍ച്ച ചെയ്യണമെന്നും അച്ഛനെക്കൊണ്ട് കത്തായ കത്തെല്ലാം എഴുതിച്ചത്. ഒടുവില്‍ വിളിച്ചു കൂട്ടി, പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുകയും ചെയ്തു.

തന്നെ കോണ്‍ഗ്രസിലേക്ക് എടുക്കാന്‍ സമയമായിട്ടില്ലെന്നാണ് യോഗത്തില്‍ മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും പറഞ്ഞത്. നേര്‍‌പെങ്ങള്‍ പോലും തനിക്കു വേണ്ടി വാദിക്കാന്‍ തയ്യാറായില്ല. തീരുമാനം ഹൈക്കമാന്‍‌ഡിന് വിടണമെന്ന അച്ഛന്‍റെ നിര്‍ദ്ദേശത്തിന് പുല്ലുവില പോലും കല്‍പ്പിക്കാന്‍ ചാണ്ടി - ചെന്നിത്തല സഖ്യം തുനിഞ്ഞതുമില്ല.

“സമയമായില്ലാ പോലും... സമയമായില്ലാ പോലും...ക്ഷമയെന്‍റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ” എന്ന് വിലപിച്ച്, ക്ഷമകെട്ട് ഇറങ്ങിപ്പോകാന്‍ കഴിയാത്ത സാഹചര്യമാണ്. തന്നെ കോണ്‍ഗ്രസിലേക്ക് തല്‍ക്കാലം എടുക്കേണ്ടതില്ല എന്ന തീരുമാനം വന്നയുടനെ “മുരളിയെ ഇനിയൊരിക്കലും എന്‍ സി പിയില്‍ എടുക്കില്ല” എന്ന് ഷണ്‍‌മുഖദാസ് അവര്‍കള്‍ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടത്. കരഞ്ഞു വിളിച്ചു ചെന്നാല്‍ എന്‍ സി പിയുടെ വാതിലെങ്കിലും തുറക്കുമെന്നായിരുന്നു പ്രതീക്ഷ, ഇതിപ്പോ വാതില്‍ ആദ്യം കൊട്ടിയടച്ചത് അവരാണ്.

മറ്റു വഴികളൊന്നും ആലോചിച്ചു നോക്കിയിട്ട് തെളിയുന്നില്ല. പഴയ പല്ലവി ആവര്‍ത്തിക്കുക തന്നെ രക്ഷ. “എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാര്‍...”. ഒരു മൂന്നു രൂപ മെമ്പര്‍ഷിപ്പിനു വേണ്ടി പഴയ കെ പി സി സി അധ്യക്ഷന് ഇങ്ങനെ കേഴേണ്ടി വരുന്ന സ്ഥിതി ആലോചിക്കുമ്പോള്‍ ചെവിയില്‍ ഒരു ചെമ്പരത്തിപ്പൂവും ചൂടി എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നാണ്. എങ്കിലും കടിച്ചു പിടിച്ചു സഹിക്കുക തന്നെ. ഒന്നു കയറിക്കിട്ടുന്നതു വരെ ആട്ടും തുപ്പും സഹിക്കാം. കയറിക്കഴിഞ്ഞാല്‍ നമ്മുടെ തനി സ്വരൂപം അറിയിക്കാന്‍ മടിക്കില്ല. അതുവരെ കാത്തുകാത്ത് കാതോര്‍ത്തിരിക്കുക തന്നെ.

Share this Story:

Follow Webdunia malayalam