Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഥാവശേഷനായ ബേപ്പൂര്‍ സുല്‍ത്താന്‍

കഥാവശേഷനായ ബേപ്പൂര്‍ സുല്‍ത്താന്‍
WDWD
തനിക്കു പ്രിയപ്പെട്ട മാങ്കോസ്റ്റൈയിന്‍ മരത്തണലിലിരുന്ന് പഴയ ഗ്രാമഫോണില്‍ സൈഗളിന്‍െറ "സോജാ രാജകുമാരി' എന്ന പാട്ടു കേട്ടിരിക്കുന്ന ബഷീറിന്‍െറ ചിത്രം നമുക്കു സുപരിചിതമാണ്.

ബഷീറിനെക്കുറിച്ചറിയാവുന്ന, ആ പുസ്തകങ്ങള്‍ വായിച്ച, ബഷീറിനെക്കുറിച്ചെഴുതിയവ വായിച്ച, ആര്‍ക്കും ഓര്‍മ്മയുള്ള ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ഇന്ന് മാവു മാത്രമേയുള്ളൂ. പാട്ടുകേട്ടിരിക്കുന്ന ആ മഹാസാഹിത്യകാരന്‍ കഥാവശേഷനായി.

യാഥാര്‍ത്ഥ്യത്തേക്കാള്‍ ഭാവന സത്യമായി തീരുന്ന അവസ്ഥ, അതാണ് ബഷീറിന്‍റെ കൃതികളുടെ ശക്തി എന്ന് പ്രമുഖ നിരൂപകന്‍ എം.എന്‍.വിജയന്‍ പറഞ്ഞു വച്ചിട്ടുണ്ട്. ആശയ ലോകത്തിന്‍റെ വകതിരിവുകളാണ് ബഷീര്‍ കൃതികളെ ശ്രദ്ധേയമാക്കുന്നത്. ബഷീറിന്‍റെ ആഖ്യാന രീതിയുടെ കൌശലം മറ്റൊരു മലയാള എഴുത്തുകാരനും നേടിയിട്ടില്ല.

ചെക്കോവിന്‍റെയും മോപ്പസാങ്ങിന്‍റെയും രചനാ കൌശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നു. ശബ്ദങ്ങള്‍, മതിലുകള്‍, സ്വര്‍ണ്ണമാല, പൂവമ്പഴം തുടങ്ങിയ കൃതികളില്‍ എല്ലാം ഇത് തെളിഞ്ഞു കാണാനാവും. നമ്മുടെ ഏത് എഴുത്തുകാരനേക്കാളും സ്ഫുടമായി, സൂക്ഷ്മമായി, നര്‍മ്മമധുരമായി ബഷീര്‍ ജീവിത രംഗങ്ങളെ കാണുന്നു.

ഒരു ജീവിതം കൊണ്ട് ബഷീര്‍ ഉഴുതുമറിച്ച നിലങ്ങള്‍, കീഴടക്കിയ കൊടുമുടികള്‍ എന്നിവ ഏതു വലിയ വായനക്കാരനേയും അത്ഭുതപ്പെടുത്താതിരിക്കില്ല. ശബ്ദങ്ങള്‍ എന്ന അദ്ദേഹത്തിന്‍റെ കൃതി എക്കാലവും ഓര്‍മ്മിക്കപ്പെടും.

ജീവിത വ്യവസ്ഥയുടെ സകല മാനങ്ങളേയും ചോദ്യം ചെയ്യുന്ന ശബ്ദങ്ങളുടെ മിതത്വവും ശക്തിയും ആവര്‍ത്തിക്കാന്‍ കഴിയുന്നതല്ല. ഇതിലെ 12 അധ്യായവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജീവിത ശില്‍പ്പത്തിനു തുല്യമായി മലയാളത്തില്‍ മറ്റൊന്നും എടുത്തുകാട്ടാനില്ല.


നോബല്‍ സമ്മാനം നേടിയ മഹഫൂസ്, ടോണി മോറിസണ്‍ എന്നിവരേക്കാള്‍ എത്രയോ മടങ്ങ് മഹത്വമുള്ള കലാകാരനാണെന്ന് ബഷീര്‍ എന്ന് എം.കൃഷ്ണന്‍ നായര്‍ പറയുന്നു. മലയാളത്തില്‍ 30 കൃതികള്‍ എഴുതിയിട്ടുണ്ടെങ്കിലും ഏറ്റവും കുറച്ച് എഴുതിയ സാഹിത്യകാരന്‍ ബഷീര്‍ ആയിരിക്കുമെന്നുമാണ് ടി.പത്മനാഭന്‍റെ വിലയിരുത്തല്‍.

ബാല്യകാല സഖിക്ക് 75 പേജും പാത്തുമ്മായുടെ ആടിന് 109 പേജും ന്‍റുപ്പാപ്പയ്ക്ക് ഒരാനേണ്ടാര്‍ന്നു എന്നതിന് 127 പേജും മാത്രം. തകഴിയും പൊറ്റക്കാടും എഴുതിയ കൂറ്റന്‍ പുസ്തകങ്ങളെ തട്ടിച്ചു നോക്കുമ്പോള്‍ ഇതെത്രയോ നിസ്സാരം.

ബഷീറിനെ പോലെ ഒരെഴുത്തുകാരന്‍ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. എല്ലാ നിലയ്ക്കും ഒരു അനന്വയമാണ് അദ്ദേഹം. കവിയും ഋഷിയും ഒന്നുചേരുന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വം സത്യസന്ധതയുടേയും സ്നേഹവായ്പിന്‍റേയും മഹത്വാകാംഷയുടെയും മറ്റും പ്രത്യേകതകള്‍ കൊണ്ട് മറ്റൌര്‍ കലാസൃഷ്ടിയായി കേരളീയ സമൂഹത്തെ സ്വാധീനിക്കുന്നു എന്ന് ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

ബാല്യകാല സഖിക്ക് എം.പി.പോള്‍ എഴുതിയ പ്രശതമായ അവതാരികയുടെ തുടക്കം ഇങ്ങനെയാണ്, ബാല്യകാല സഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാ‍ണ്. അതിന്‍റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.


Share this Story:

Follow Webdunia malayalam