ജൂലായ് 5 ,2006
മലയാള സാഹിത്യത്തറവാട്ടിലെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മ്മകളിരമ്പുന്ന മനസ്സുമായി സാഹിത്യ ബഷീറിന്‍റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റൈന്‍ തണലിലിരുന്നു. തന്‍റെ തണലിലിരുന്ന് സൈഗാള്‍ സംഗീതം ആസ്വദിച്ചിരുന്ന ബഷീറിനെ ഓര്‍ത്താവണം മാങ്കോസ്റ്റൈന്‍ കാറ്റില്‍ മെല്ലെ ശിഖരങ്ങളാട്ടി.
ചരമദിനമായ ജ-ൂലൈ അഞ്ചിന് ബഷീറിന്‍െറ വസതിയായ വൈലാലില്‍ നടന്ന സുഹൃദ് സംഗമത്തിന് കലാസാഹിത്യ സാംസ്കാരിക രംഗത്തുളളവരും ബഷീറിനെ സ്നേഹിക്കുന്നവരും പങ്കെടുത്തു. കഥാവശേഷനായിട്ട് ഒമ്പത് വര്‍ഷം തികയുമ്പോഴും മലയാളിക്ക് മറക്കാനാവാത്ത ഒരു നാഴികക്കല്ലാവുകയാണ് ബേപ്പൂര്‍ സുല്‍ത്താന്‍.
സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിന്‍െറ ഉടമയായ തലയോല പറമ്പുകാരനെ അനുസ്മരിച്ചു കൊണ്ട് നടന്ന സുഹൃദ് സംഗമം മലയാള സാഹിത്യ പ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമായി മാറി. പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ എം. വി. ദേവനാണ് സാഹിത്യകുതുകികളുടെ സദസ്സിന് മുന്നില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തിയത്.
ബഷീറിനെ വേണ്ടത്ര അംഗീകരിക്കാന്‍ പല പ്രമുഖ എഴുത്തുകാരും വൈമുഖ്യം കാട്ടി. പ്രഖ്യാതരായ നിരൂപകന്മാരില്‍ പലരും നിശബ്ദരായിരുന്നു. ബഷീറെന്ന എഴുത്തുകാരനെ ഉള്ളില്‍ വൈകൃതവും പാരുഷ്യവും ഉള്ള ആളുകള്‍ എപ്പോഴും താഴ്ത്തികെട്ടാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന് പത്മശ്രീ കിട്ടിയപ്പോള്‍ അത് സ്വീകരിക്കരുതെന്നും മൂരാച്ചികളുടേതാണെന്നും പറഞ്ഞ് തടഞ്ഞ ഒരു എഴുത്തുകാരന്‍ പിന്നീട് അതിലും വലിയ ഒരു പുരസ്കാരം കിട്ടിയപ്പോള്‍ രണ്ടുകൈയ്യും നീട്ടി വാങ്ങി - ദേവന്‍ പറഞ്ഞു.
സാമൂഹ്യ ചേതനയുടെ എല്ലാമര്‍മ്മങ്ങളെയും സ്പര്‍ശിക്കുന്ന ബഷീറിന്‍െറ രചനകള്‍ പ്രളയ കാലംവരെ മലയാളിയുടെ മനസില്‍ ജീവിക്കുമെന്നും വായനക്കാരന് എപ്പോഴെങ്കിലും പങ്കപ്പാട് വരുമ്പോള്‍ വെളിച്ചം കാട്ടാനുതകുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്‍െറതെന്നും ദേവന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്മാരായ യു.എ. ഖാദര്‍, യു.കെ കുമാരന്‍ , കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, എം.എന്‍. കാരശേരി തുടങ്ങിയവരും ബഷീര്‍ സാഹിത്യ പ്രേമികളും സംഗമത്തില്‍ പങ്കെടുത്തു.