Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം രാമപുരത്തെ നാലമ്പലങ്ങള്‍

കോട്ടയം രാമപുരത്തെ നാലമ്പലങ്ങള്‍
രാമായണ മാസമായ കര്‍ക്കിടകത്തില്‍ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്നന്മാരെ ഒരേ ദിവസം തൊഴുത് സായൂജ്യമടയുന്ന പുണ്യകര്‍മ്മം സായൂജ്യമായി കരുതുന്നു. കേരളത്തില്‍ തൃശൂര്‍, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഈ ദേവന്മാരെ പ്രതിഷ്ഠിച്ച അമ്പലങ്ങള്‍ തൊട്ടടുത്ത പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നുണ്ട്.

ഇവിടെ തൊഴുത് വരുന്നതിനെ നാലമ്പല ദര്‍ശനം എന്നാണ് പറയുക. ശ്രീരാമനെ തൊഴുത് മറ്റ് ദേവന്മാരെ ചെന്ന് തൊഴുത് മടങ്ങി ശ്രീരാമ ക്ഷേത്രത്തില്‍ എത്തുമ്പോഴേ നാലമ്പല ദര്‍ശനം പൂര്‍ണ്ണമാവു. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട രാമപുരം പഞ്ചായത്തിലെ നാലു ചെറു ഗ്രാമങ്ങളിലായി രാമായണ കഥയിലെ ദിവ്യസഹോദരന്മാരായ രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്മാരുടെ ക്ഷേത്രങ്ങളുണ്ട്.

കര്‍ക്കിടക മാസത്തില്‍ ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിക്കാനായി ആയിരക്കണക്കിന് ഭക്തന്മാരാണെത്തുക.

1.രാമപുരം ശ്രീരാമക്ഷേത്രം
2.അമനകര ശ്രീഭരതസ്വാമി ക്ഷേത്രം
3.കുടപ്പുലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം
4.മേദരി ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം

എന്നിവയാണ് നാലമ്പലങ്ങള്‍.

രാമപുരം എന്ന പേരു വരാന്‍ തന്നെ കാരണം വനവാസകാലത്ത് പമ്പാ തീരത്തേക്ക് പോകാനായി രാമലക്ഷ്മണന്മാര്‍ അവിടെ വിശ്രമിച്ചതുകൊണ്ടാണെന്നാണ് ഐതിഹ്യം.

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളുടെ വാസ്സ്തുശില്‍പ്പ മാതൃക ഏതാണ്ട് ഒരേ മട്ടിലാണ്. നാലു ക്ഷേത്രങ്ങളിലും തുല്യ പ്രാധാന്യമുള്ള ദേവീ ഉപക്ഷേത്രങ്ങളുമുണ്ട്. കരിങ്കല്‍ കൊത്തുപണിയുള്ള ശ്രീകോവിലും നമസ്കാര മണ്ഡപവുമെല്ലാം സമാനമാണ്.

രാമപുരത്തെ ആറാട്ട് നടക്കുന്നത് അമനകരയിലാണ്. രാമപാദം വച്ച് പൂജിക്കുന്ന ദിവസമാണ് അനുജന്‍ ഭരതന്‍റെയടുത്ത് ശ്രീരാമന്‍ ആറാട്ടിനെത്തുന്നത്. എം.സി.റോഡില്‍ കൂത്താട്ടുകുളത്തു നിന്ന് പാലാ - രാമപുരം റൂട്ടില്‍ 16 കിലോമീറ്ററും പാലാ - തൊടുപുഴ റൂട്ടില്‍ പിഴകില്‍ നിന്ന് അഞ്ച് കിലോമീറ്ററും കോട്ടയം - തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്ന് അഞ്ച് കിലോമീറ്റരും സഞ്ചരിച്ചാല്‍ രാമപുരത്തെത്താം.

പാല്‍പ്പായസം, ത്രിമധുരം, നെയ് വിളക്ക്, കൂട്ടുപായസം, ഹനുമാന് തുളസിമാല എന്നിവയാണ് നാലു ക്ഷേത്രങ്ങളിലേയും വഴിപാടുകള്‍.

ഈ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് കുടുംബ ഐശ്വര്യത്തിനും ഇഷ്ട സന്താന ലബ്ധിക്കും മുജ്ജന്മ ദോഷ പരിഹാരത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam