Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പതി ക്ഷേത്രം

ദക്ഷിണേന്ത്യക്കാരുടെ പുണ്യതീര്‍ത്ഥാടനകേന്ദ്രം - തിരുമല

തിരുപ്പതി ക്ഷേത്രം
FILEFILE
ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ദക്ഷിണേന്ത്യക്കാരുടെ പുണ്യതീര്‍ത്ഥാടനകേന്ദ്രം - തിരുമല!

കാരുണ്യവര്‍ഷവുമായി ഭക്തര്‍ക്ക് അനുഗ്രഹം പ്രദാനം ചെയ്യുന്ന ആനന്ദസ്വരൂപിയായ ബാലാജിയുടെ സാന്നിധ്യം ചൈതന്യവത്താക്കിയ തിരുപ്പതി ക്ഷേത്രം. ചരിത്രത്താളുകള്‍ 1300 വര്‍ഷത്തെ പഴക്കം കല്‍പ്പിക്കുന്നുണ്ടെങ്കിലും പുരാണങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ക്ഷേത്രത്തിന് അതിലേറെ പഴക്കം കാണാം.

ദിനം പ്രതി 30,000 നും 35,000 ഇടയ്ക്ക് ഭക്തര്‍ തിരുപ്പതി സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്. ബാലാജിയ്ക്ക് ഭക്തര്‍ നല്‍കുന്ന കാണിയ്ക്ക വര്‍ഷം ആകെ 150 ദശലക്ഷം വരും.

വര്‍ഷം മുഴുവനും ഇത്രയും തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു ക്ഷേത്രം ഇല്ല. ഭക്തലക്ഷങ്ങളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്ന തിരുപ്പതി ബ്രഹ്മോത്സവം സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്നു.

പത്ത് ദിവസത്തെ ബ്രഹ്മോത്സവം തിരുപ്പതി മലനിരകളേയും പ്രകൃതിയേയും ഭക്തലക്ഷങ്ങളുടെ മനസ്സെന്നപോലെ തന്നെ ഭക്തിസാന്ദ്രമാക്കുന്നു.

ഏഴുമലകള്‍ ചേര്‍ന്ന തിരുമല നിരകളില്‍ ശേഷാചലത്തിലാണ് ക്ഷേത്രം. ചുറ്റുമുള്ള രമണീയമായ നിത്യഹരിത വനങ്ങളുടെ നിബിഡത തിരുപ്പതി ക്ഷേത്രത്തിനു കൂടുതല്‍ ചാരുതയും വിശുദ്ധിയും പകര്‍ന്നേകുന്നു.

ക്ഷേത്രം നിര്‍മ്മിച്ച കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും ലഭ്യമെല്ലെങ്കിലും, നൂറ്റാണ്ടുകളിലൂടെ മുഖം മിനുക്കിയ നിര്‍മ്മാണരീതിയാണ് ക്ഷേത്രത്തിന്‍െറതെന്ന് ചരിത്ര ഗവേഷകര്‍ വിലയിരുത്തുന്നു.

ചരിത്രത്തിലെ ഏഴു കാലഘട്ടങ്ങളിലെ നിര്‍മ്മാണരീതികളും ശില്പ ചാരുതയും ഇന്നത്തെ ക്ഷേത്രത്തിനുണ്ടെന്ന് പുരാവസ്തു ഗവേഷകരും സമ്മതിക്കുന്നു.
webdunia
FILEFILE

പ്രതിഷ്ഠ

നില്‍ക്കുന്ന രൂപത്തിലുള്ള വിഷ്ണുവിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സകല സൃഷ്ടികള്‍ക്കും അനുഗ്രഹം പ്രദാനം ചെയ്യുന്ന കരുണാര്‍ദ്രനയനങ്ങളും, തേജോമയമായ മുഖാരവിന്ദവും, ഭക്തരില്‍ പ്രസന്നത പ്രധാനം ചെയ്യുന്ന പുഞ്ചിരിക്കുന്ന അധരങ്ങളും, ചുമലുകളിലേക്ക് വീണുകിടക്കുന്ന നീണ്ടു ചുരുണ്ട തലമുടിയിഴകളും, കര്‍ണ്ണാഭരണങ്ങളും, ശംഖിന്‍െറ രൂപമാര്‍ന്ന കഴുത്തും പ്രതിഷ്ഠയുടെ പ്രത്യേകതയാണ്.

പ്രതിഷ്ഠയ്ക്ക് നാലു കരങ്ങളുണ്ട്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന രണ്ടു കരങ്ങളില്‍ ഒന്നില്‍ ശംഖും മറ്റൊന്നില്‍ ചക്രവും ധരിച്ചിരിക്കുന്നു. വലതുഭാഗത്തെ രണ്ടാമത്തെ കരം "വരദഹസ്ത' രീതിയിലും ഇടത്തേക്കരം "കട്യാവലംബിത' രീതിയിലുമാണ്.

വലതു നെഞ്ചില്‍ പത്മാസനസ്ഥയായ ലക്ഷ്മീദേവി കുടികൊള്ളുന്നു. മനോഹരമായ വയറും, ശക്തവും സുന്ദരവുമായ കാലുകളും ഒക്കെ ചേര്‍ന്ന വെങ്കിടേശ്വരന്‍െറ പൂര്‍ണ്ണരൂപം കാണുന്നവരില്‍ ഭക്തിപാരവശ്യം നിറയ്ക്കുന്നു.

-സുപ സുധാകരന്‍

Share this Story:

Follow Webdunia malayalam