Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പതി നവരാത്രി ബ്രഹ്മോത്സവം

2007 ഒക്ടൊബര്‍ 12ന് തുടക്കം

തിരുപ്പതി നവരാത്രി  ബ്രഹ്മോത്സവം
FILEFILE
ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ദക്ഷിണേന്ത്യക്കാരുടെ പുണ്യതീര്‍ത്ഥാടനകേന്ദ്രം - തിരുമല! അവിടത്തെ ബ്രഹ്മോത്സവം ഭക്തര്‍ക്ക് ആനന്ദ ദായകമാണ്. വര്‍ഷത്തില്‍ രണ്ട് ബ്രഹ്മോത്സവങ്ങള്‍ -സപ്തംബറിലും ഒക്ടൊബറിലും!ഒക്ടൊബറിലേത് നവരാത്രിക്കാലത്തെ ബ്രഹ്മോത്സവമാണ്.

ബ്രഹ്മോത്സവ ദിനങ്ങളില്‍ ദേവചൈതന്യം കൂടുതലാകുമെന്നും ഉത്സവത്തിന് എത്തുന്ന ഭക്തരുടെ പ്രാര്‍ത്ഥനകള്‍ ദേവന്‍ സഫലമാക്കുമെന്നുമാണ് വിശ്വാസം. ഭക്തരുടെ ദുരിതങ്ങളും വേദനകളും കരുണാമയനായ വെങ്കിടാചലപതി നീക്കുമത്രെ.

അതുകൊണ്ടുതന്നെ മറ്റെല്ലാ ദിനങ്ങളിലും എത്തിച്ചേരുന്നതിന്‍െറ അനേകമിരട്ടി ഭക്തര്‍ ബ്രഹ്മോത്സവത്തില്‍ തിരുപ്പതിയിലെത്തുന്നു.
വര്‍ഷം മുഴുവനും ഇത്രയും തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു ക്ഷേത്രം ഇല്ല. ഭക്തലക്ഷങ്ങളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്ന തിരുപ്പതി ബ്രഹ്മോത്സവം 2007 ല്‍ ഒക്ടൊബര്‍ 12ന് ആരംഭിക്കുന്നു.

നവരാത്രി ഉത്സവത്തിനു തൊട്ടുമുന്‍പ് നടക്കുന്ന തിരുപ്പതി ബ്രഹ്മോത്സവം ഏതു വര്‍ഷമാണ് ആരംഭിച്ചതെന്നതിനും വ്യക്തമായ രേഖകള്‍ ലഭ്യമല്ല. പത്ത് ദിവസത്തെ നവരാത്രി ബ്രഹ്മോത്സവം തിരുപ്പതി മലനിരകളേയും പ്രകൃതിയേയും ഭക്തലക്ഷങ്ങളുടെ മനസ്സെന്നപോലെ തന്നെ ഭക്തിസാന്ദ്രമാക്കുന്നു.

സംഗീതവും വാദ്യവും വര്‍ണ്ണവിളക്കുകളും അലങ്കാരങ്ങളും പ്രഭാഷണങ്ങളും, പ്രാര്‍ത്ഥനയും മന്ത്രോച്ചാരണങ്ങളും ദേവന്‍െറ എഴുന്നള്ളത്തും ഘോഷയാത്രയും ഒക്കെ ചേര്‍ന്ന് ബ്രഹ്മോത്സവത്തിന്‍െറ പത്ത് നാളുകള്‍ തിരുപ്പതിയെ ജനസാഗരമാക്കുന്നു. വരാഹപുരാണം, ബ്രഹ്മാണ്ഡപുരാണം, വെങ്കിടാചല മാഹാത്മ്യം എന്നിവയില്‍ ബ്രഹ്മോത്സവത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളുണ്ട്.

കലിയുഗത്തിലെ അജ്ഞതയും അന്ധകാരവും നീക്കുന്നതിനായി ദേവന്മാരുടെയും മനുഷ്യരുടേയും പ്രാര്‍ത്ഥനയനുസരിച്ച് വിശുദ്ധമായ വെങ്കിടാചലത്തില്‍ ഭഗവാന്‍ അവതരിപ്പിച്ചുവെന്നും, ദേവനെ പ്രീതിപ്പെടുത്താന്‍ ബ്രഹ്മദേവന്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നടത്തിയെന്നുമാണ് ഐതീഹ്യം. ബ്രഹ്മാവിനാല്‍ ആരംഭിക്കപ്പെട്ടുവെന്ന്വിശ്വസിക്കുന്നതിനാലാണ് ഉത്സവത്തിന് ബ്രഹ്മോത്സവമെന്ന പേര്‍ കൈ വന്നത്.
webdunia
FILEFILE


ബ്രഹ്മദേവന്‍ വെങ്കിടാചലത്തില്‍ അവതരിച്ച വെങ്കിടേശ്വരനെ വിലപിടിച്ച രത്നങ്ങള്‍, ആഭരണങ്ങള്‍, വിശുദ്ധ വസ്ത്രങ്ങള്‍ എന്നിവകൊണ്ട് അണിയിച്ചൊരുക്കി, ലക്ഷ്മീ ഭഗവതിയ്ക്കും, വേദങ്ങള്‍ക്കൊപ്പമിരുത്തി ഉച്ചെശ്രവസ് എന്ന കുതിര, ഐരാവതം, ശേഷനാഗം, ഗരുഡന്‍, എന്നിവയുടെ പുറത്തിരുത്തി വാദ്യഘോഷങ്ങളോടെ എഴുന്നള്ളിച്ചുവെന്നാണ് വിശ്വാസം.



ഒന്നാം ദിവസം ഗരുഡധ്വജാരോഹണത്തോടെ ഉത്സവം ആരംഭിയ്ക്കുന്നു. വൈകുന്നേരം യജ്ഞശാലയ്ക്കാവശ്യമായ ഭൂമി ദാനമായി സ്വീകരിക്കുന്നതിന് ഭരണാധിപനായ വിശ്വക്സേന യാത്ര തിരിയ്ക്കുന്നു. ദാനമായി സ്വീകരിക്കുന്ന ഭൂമിയിലാണ് ഹോമം നടക്കുക. എല്ലാ ദേവതാ സങ്കല്പങ്ങളേയും വിശ്വക്സേന യജ്ഞ ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ഒന്നാം ദിനം ശേഷാദ്രിനാഥനെ പല്ലക്കിലും, തുടര്‍ന്ന് ശേഷവാഹനത്തിലും എഴുന്നള്ളിക്കുന്നു. രണ്ടാം ദിനത്തില്‍ ശേഷവാഹനത്തിലും സിംഹവാഹനത്തിലും, മൂന്നാം ദിനം സിംഹവാഹനത്തിലും പവിഴം കൊണ്ടുള്ള മണ്ഡപത്തിലും നാലാം ദിനം കല്പവൃക്ഷ വാഹനത്തിലും വൈകുന്നേരം സ്വര്‍ണ്ണ മണ്ഡപത്തിലും എഴുന്നള്ളി ഭഗവാന്‍ ദര്‍ശനം നല്‍കുന്നു.

അഞ്ചാം ദിനം കഴിഞ്ഞ നാലു ദിനങ്ങളില്‍ നിന്നും വ്യത്യസ്തമായി മോഹിനി വേഷത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക.പാലാഴിമഥനവുമായി ബന്ധപ്പെട്ട് അമൃത് വീണ്ടെടുക്കാന്‍ വിഷ്ണു മോഹിനീ വേഷം സ്വീകരിച്ചതിന്‍െറ സ്മരണയ്ക്കാണിത്.

സ്ത്രീകള്‍ക്കുള്ള ആഭരണങ്ങള്‍ ധരിപ്പിച്ച് ഇരിയ്ക്കുന്ന രീതിയിലും വരദ ഹസ്തരീതിയിലുള്ള വലത്തേ കരം അഭയഹസ്തരീതിയിലുമാക്കുന്നു. സ്വര്‍ണ്ണപതിച്ച സാരിയും കിരീടത്തില്‍ സൂര്യ ചന്ദ്രന്മാരുടെ പ്രതീകമായുള്ള വജ്രവും കൂടാതെ മുക്കുത്തിയും, കര്‍ണ്ണാഭരണവും, ശംഖുചക്രങ്ങള്‍ ധരിക്കുന്ന രണ്ടുകരങ്ങളില്‍ താമരയും മോഹിനീവേഷത്തിലെ പ്രത്യേകാലങ്കാരമാണ്. വേദങ്ങളിലും ഗരുഡനിലുമാണ് മോഹിനി രൂപത്തിലുള്ള എഴുന്നള്ളത്ത്.

ആറാം ദിനത്തില്‍ ഹനുമാന്‍െറ പുറത്തും ഐരാവതത്തിന്‍െറ പുറത്തും, ഏഴാം ദിനം സൂര്യചന്ദ്രന്മാരാകുന്ന വാഹനങ്ങളിലും, എട്ടാം ദിനം വലിയ സ്വര്‍ണ്ണരഥത്തിലും ഒന്പതാം ദിനം ആന്ദോളികയിലും ഉച്ചൈശ്രവസിന്‍െറ പുറത്തുമാണ് ദേവന്‍റെ എഴുന്നള്ളത്ത്.

പത്താം ദിനം അവഭൃതസ്നാനത്തോടെ ഉത്സവം സമാപിക്കുന്നു. സ്നാനത്തില്‍ ബ്രഹ്മാവും പങ്കെടുക്കുന്നുവെന്നാണ് വിശ്വാസം.

കാരുണ്യവര്‍ഷവുമായി ഭക്തര്‍ക്ക് അനുഗ്രഹം പ്രദാനം ചെയ്യുന്ന ആനന്ദസ്വരൂപിയായ ബാലാജിയുടെ സാന്നിധ്യം ചൈതന്യവത്താക്കിയ തിരുപ്പതി ക്ഷേത്രം. ചരിത്രത്താളുകള്‍ 1300 വര്‍ഷത്തെ പഴക്കം കല്‍പ്പിക്കുന്നുണ്ടെങ്കിലും പുരാണങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ക്ഷേത്രത്തിന് അതിലേറെ പഴക്കം കാണാം.

ദിനം പ്രതി 30,000 നും 35,000 ഇടയ്ക്ക് ഭക്തര്‍ തിരുപ്പതി സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്. ബാലാജിയ്ക്ക് ഭക്തര്‍ നല്‍കുന്ന കാണിയ്ക്ക വര്‍ഷം ആകെ 150 ദശലക്ഷം വരും.

സുപാസുധാകരന്‍


Share this Story:

Follow Webdunia malayalam