Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരദായകനായ വെങ്കിടേശ്വരന്‍

വരദായകനായ വെങ്കിടേശ്വരന്‍
കലിയുഗത്തില്‍ വെങ്കിടനായകന്‍ അല്ലെങ്കില്‍ വെങ്കിടേശ്വരന്‍ ആയ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് മുക്തി ലഭിക്കൂ‍ എന്നാണ് ശാസ്ത്രങ്ങളിലും പുരാണങ്ങളിലും സ്ഥല മാഹാത്മ്യങ്ങളില്‍ ആള്‍വാര്‍ രചനകളിലും എല്ലാം പറയുന്നത്. വെങ്കിടാചലത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തിയാല്‍ ലഭിക്കുന്ന പുണ്യങ്ങളെ കുറിച്ച് ഋഗ്വേദത്തിലും അഷ്ടദശ പുരാണത്തിലും പറയുന്നുണ്ട്.

വരദായകനായാണ് വെങ്കിടേശ്വര സ്വാമിയെ പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്നത്. പുരാതന കാലത്തുണ്ടായിരുന്ന വൈഷ്ണവ ധര്‍മ്മാനുഷ്ഠാനത്തിന്‍റെ ഭാഗമായാണ് ക്ഷേത്രം ഇവിടെയുണ്ടായത്. സമത്വവും സ്നേഹവുമാണ് ഈ തീര്‍ത്ഥാടന കേന്ദ്രം ഉദ്ഘോഷിക്കുന്നത്. മൃഗബലി വിലക്കുകയും ചെയ്യുന്നു.

എ.ഡി ഒമ്പതാം നൂറ്റാണ്ടിലെ കാഞ്ചീപുരം പല്ലവന്‍‌മാര്‍, പത്താം നൂറ്റാണ്ടിലെ തഞ്ചാവൂര്‍ ചോളന്‍‌മാര്‍, മധുരയിലെ പാണ്ഡ്യന്‍‌മാര്‍, പതിനാലു മുതല്‍ പതിനഞ്ച് വരെ നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്‍‌മാര്‍ എന്നിവരെല്ലാം വെങ്കിടേശ്വരനെ തൊഴുതുവണങ്ങിയവരും അവിടത്തേക്ക് കലവറയില്ലാതെ സ്വത്തും സമ്പത്തും നല്‍കിയവരുമാണ്.

ദിവസേന ഈ ക്ഷേത്രത്തില്‍ മുപ്പതിനായിരത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുന്നു എന്നാണ് കണക്ക്. ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന തിരുപ്പതി ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടെന്നാണ്. മറ്റൊരു പ്രത്യേകത ശ്രീകോവിലിനകത്ത് എല്ലാവര്‍ക്കും കയറാം എന്നുള്ളതാണ്.

ദ്രാവിഡ വാസ്തുവിദ്യാ ശൈലികളുടെ സമന്വയമാണ് ക്ഷേത്രത്തിനും ക്ഷേത്ര ഗോപുരങ്ങള്‍ക്കും എല്ലാമുള്ളത്. ഇതിനു കാരണം പല്ലവ ചോള പാണ്ഡ്യ വിജയനഗര രാജാക്കന്‍‌മാര്‍ അവരവരുടെ വകയായി ഓരോ കാലങ്ങളില്‍ മണ്ഡപങ്ങളും ഗോപുരങ്ങളും എല്ലാം പണിയിച്ചതാണ്.

കര്‍പ്പൂരം കൊണ്ടാണ് വെങ്കിടേശ്വരന്‍റെ വിഗ്രഹം പൊതിയുക. തല മുണ്ഡനം ചെയ്യുക ഈ ക്ഷേത്രത്തിലെ ഒരു വലിയ വഴിപാടാണ്.

രാവിലെ മൂന്നു മണിക്കാണ് സുപ്രഭാതം. അര്‍ദ്ധ രാത്രി വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ഭണ്ഡാര വരവാണ് ക്ഷേത്രത്തിന്‍റെ പ്രധാന വരുമാനം. ഈയടുത്തകാലത്ത് തിരുപ്പതി ഭണ്ഡാര വരവില്‍ വത്തിക്കാനെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.


Share this Story:

Follow Webdunia malayalam