Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളുടെ ആഘോഷം തിരുവാതിര

സ്ത്രീകളുടെ ആഘോഷം തിരുവാതിര
മംഗല്യവരദായകമായ തിരുവാതിര മലയാളിയുടെ മനസ്സില്‍ എല്ലാക്കാലത്തും തരളവും സവിശേഷവുമായ അനുഭൂതിയാണ്. തിരുവാതിരവ്രതം സ്ത്രീകളുടേത് മാത്രമായ വ്രതമാണ്.

ധനു മാസത്തിലെ ( ഡിസംബര്‍-ജനുവരി) മാസത്തിലെ തിരുവാതിര നാള്‍ ഭഗവാന്‍ പരമശിവന്‍റെ പിറന്നാളാണെന്നാണ് സങ്കല്പം.

ധനുമാസത്തിലെ മരംകോച്ചുന്ന തണുപ്പില്‍, നിറനിലാവ് പതഞ്ഞൊഴുകുന്ന രാവുകടന്ന്, ഏഴരവെളുപ്പിന് കടവില്‍ തുടിച്ചു കുളിച്ച്, ഈറനോടുകൂടി വരമഞ്ഞള്‍ കുറിയിണിഞ്ഞ് ദശപുഷ്പം ചൂടി , ശൃംഗാരാവസ്ഥയിലെ പാര്‍വ്വതീപരമേശ്വരന്മാരെ വണങ്ങി ആര്‍ദ്രവ്രതത്തിന് മലയാളി പെണ്‍കൊടികള്‍ തുനിയുന്ന ദിനമാണിത്.

ഇന്ദ്രിയങ്ങളിലെല്ലാം താരള്യവും മാധുര്യവും പുരണ്ട അനുഭൂതികള്‍ തിടംവയ്ക്കുന്ന പുണ്യദിനം. തീക്കനല്‍ പോലെ ജ്വലിക്കുന്ന തീരുവാതിര നക്ഷത്രത്തിനെ, നിലാവുകൊണ്ടു ധനുമാസം കുളിരണിയിക്കുന്ന സുന്ദരമുഹൂര്‍ത്തം.

അംഗനോത്സവമാണ് തിരുവാതിര. മഹേശ്വര പ്രീതിയ്ക്കു വേണ്ടി കന്യകമാരും സര്‍വ്വാംഗനമാരും പ്രാര്‍ത്ഥിക്കുന്ന ദിനം. സുമംഗലികള്‍ ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിനും കന്യകമാര്‍ സത്ഭര്‍ത്യലാഭത്തിനും വേണ്ടി മഹേശ്വരനെ പൂജിക്കുന്ന ദിനം.

കാമദേവനെ ചുട്ടുകരിച്ച മൂന്നാംകണ്ണടച്ച്, കരുണാര്‍ദ്രമായ നോട്ടം കൊണ്ട് സര്‍വ്വാഭീഷ്ടസിദ്ധി വരുത്താന്‍ പാര്‍വ്വതീപതിയെ കൈതൊഴുന്ന ഈ ദിനം കാമദേവനെ ശിവന്‍ ചുട്ടുകരിച്ചതിന്‍റെ സ്മരണാര്‍ത്ഥം ആചരിക്കുന്നതാണെന്ന് ഒരു കഥ.

ഗോപസ്ത്രീകളുടെ അഹങ്കാരം ശമിപ്പിക്കുന്നതിന് മറഞ്ഞ കൃഷ്ണനെ തിരിച്ചുകിട്ടാന്‍ ഗോപസ്ത്രീകള്‍ പാര്‍വ്വതീ പൂജ നടത്തിയ ദിനമാണെന്നു വേറൊരു കഥ. എന്തായാലും വ്രതാനുഷ്ടാനങ്ങളോടെ ആഘോഷിക്കാവുന്ന തിരുവാതിര. "ധനു'വിന്‍റെ കാത്തിരിപ്പാണ്.


Share this Story:

Follow Webdunia malayalam