Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിതംബത്തിന്റെ ആരോഗ്യ രഹസ്യം

നിതംബത്തിന്റെ ആരോഗ്യ രഹസ്യം
, വ്യാഴം, 14 ജനുവരി 2010 (13:09 IST)
PRO
തടിച്ച നിതംബം കാരണം ആഹ്ലാദിക്കുന്നവരും വിഷാദിക്കുന്നവരുമായ സ്ത്രീകള്‍ കാണും. എന്നാല്‍ ഇനിമുതല്‍ തടിച്ച നിതംബത്തെ ആരും ഒരു ഭാരമായി കാണേണ്ട എന്നാണ് ഗവേഷകര്‍ പറയുന്നത്.

കുടവയറുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരിച്ച നിതംബമുള്ളവര്‍ കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കുമത്രേ. നിതംബത്തിന്റെ കനം കൂടുന്തോറും ആരോഗ്യപരമായി നിങ്ങള്‍ മുന്നിലെത്തുമെന്നാണ് ‘ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഒബീസിറ്റി റിപ്പോര്‍ട്സ്’ പ്രസിദ്ധീകരിച്ച ഒരു കണ്ടെത്തലില്‍ പറയുന്നത്.

തടിച്ച നിതംബവും തുടകളുമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറവും നല്ല കൊളസ്ട്രോളിന്റെ നില ആവശ്യമുള്ള അനുപാതത്തിലും ആയിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത് രക്തക്കുഴലുകള്‍ കട്ടിയാവുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. ഇതിനൊക്കെ പുറമെ, പ്രമേഹമെന്ന ഭീഷണിയും ഇത്തരത്തിലുള്ള ശരീരപ്രകൃതിയുള്ളവര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

അരക്കെട്ടിലും വയറിലും അടിയുന്ന കൊഴുപ്പുകളുടെയും അരക്കെട്ടിന് താഴെ അടിയുന്ന കൊഴുപ്പുകളുടെയും പ്രവര്‍ത്തനം വ്യത്യസ്തമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതായത് നല്ല കൊളസ്ട്രോള്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന് പറയുന്നതു പോലെ നല്ല കൊഴുപ്പും ചീത്തക്കൊഴുപ്പും ഉണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇത്തരത്തില്‍, വയറിലും അരക്കെട്ടിലും നിതംബത്തിലും അടിയുന്ന കൊഴുപ്പിന്റെ നിരക്ക് കണക്കിലെടുത്ത് ഹൃദ്രോഗ പ്രവചനവും ചികിത്സയും നടത്താനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. അതേപോലെ, ശരീരത്തില്‍ കൊഴുപ്പ് അടിയുന്ന രീതിയെ നിയന്ത്രിക്കുന്ന മരുന്നുകളും ഭാവിയില്‍ ആരോഗ്യ രംഗത്തെ അടക്കി ഭരിച്ചേക്കാം.

എന്തായാലും, നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടെങ്കിലോ കുടവയര്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ അരക്കെട്ടിന്റെ വണ്ണം വര്‍ദ്ധിക്കുന്നെങ്കിലോ ഉടന്‍ തന്നെ സ്ഥിരവ്യായാമവും ആയാസമുള്ള ജോലികളും ശീലമാക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Share this Story:

Follow Webdunia malayalam