Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനന്തപുരിയിലെ പ്രണയവിഹാരങ്ങള്‍

അനന്തപുരിയിലെ പ്രണയവിഹാരങ്ങള്‍
പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ മരങ്ങള്‍ക്കുമേലെയും പ്രണയത്തിന്‍റെ വര്‍ണ്ണങ്ങള്‍ അവയ്ക്കു കീഴെയും പൂത്തുലയുന്ന പ്രണയവിഹാരങ്ങള്‍ തലസ്ഥാനനഗരിയില്‍ സമൃദ്ധം. നാഗരികതയുടെ മഹാപ്രസ്ഥാനത്തിനിടയിലും ഗ്രാമീണതയുടെ പച്ചപ്പ് സൂക്ഷിക്കുന്ന നഗരത്തിന് ഇന്നും പ്രണയത്തിന്‍റെ ശാലീനത.

ആള്‍ത്തിരക്കുള്ള നടപ്പാതകളിലും ആളൊഴിഞ്ഞ ഇടവഴികളിലും സ്നേഹത്തിന്‍റെ മഹാകാശങ്ങള്‍ തിരയുന്ന പ്രണയികള്‍ സുലഭം. എങ്കിലും അവരുടെ വഴികള്‍ ഒരിക്കലെങ്കിലും കൂട്ടത്തിലൊരു പ്രണയവിഹാരത്തില്‍ എത്തിച്ചേരാതിരുന്നിട്ടുണ്ടാവില്ല.

മ്യൂസിയം പാര്‍ക്ക്

മ്യൂസിയം പാര്‍ക്ക് പല പ്രണയജോഡികള്‍ക്കും നോഹയുടെ പെട്ടകംപോലെയാണ്. ഏതു വലിയ ആള്‍ത്തിരക്കിലും മനുഷ്യ ജീവികളായി രണ്ടു പേര്‍ മാത്രം. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമസ്ത സസ്യങ്ങളും വളപ്പില്‍ത്തന്നെയുള്ള മൃഗശാലയില്‍ സമസ്തപക്ഷി മൃഗാദികളും.

നഗരഹൃദയത്തില്‍ ഇത്രയും വിശാലവും ശാന്തവും സുഖദവുമായൊരു വിശ്രമസ്ഥാനം വേറെയില്ല.പ്രണയത്തിന്‍റെ നിത്യസാന്നിദ്ധ്യം കൊണ്ട്, ഇവിടുത്തെ പുല്‍പ്പരപ്പിന് എന്നും പച്ചപ്പാണ്. ഇവിടെ ഒരു ഋതുമാത്രം, അത് വസന്തം, പ്രണയവസന്തം.

നഗരം സമ്മാനിച്ച പ്രണയം സ്വന്തമാക്കിയവര്‍ക്ക് മ്യൂസിയത്തിലെ മരബഞ്ചുകളും കല്‍പ്പടവുകളും മണ്ഡപവുമൊക്കെ എന്നും ഗൃഹാതുരമായ ഓര്‍മ്മകളായിരിക്കും. ഇനിയുള്ള തലമുറകള്‍ക്കും മനസ്സുനിറഞ്ഞു പ്രണയിക്കാനുള്ള വിശാലഹൃദയവുമായി മ്യൂസിയം പാര്‍ക്ക് എന്നും ഒരുങ്ങിനില്‍ക്കുന്നു.


വേളി വിനോദസഞ്ചാര ഗ്രാമം

വേളി കഴിച്ചവര്‍ക്കും കഴിക്കാത്തവര്‍ക്കും വേളയില്‍പ്പോകാം. കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത ശില്പഗ്രാമത്തിന്‍റെ അമൂര്‍ത്ത സൗന്ദര്യങ്ങള്‍ക്കിടയില്‍ പ്രണയത്തിന്‍റെ മൂര്‍ത്തരൂപങ്ങളാകാം. കായലോരത്തിന്‍റെ ശീതളിമയില്‍ മനസ്സിന്‍റെ അഴിമുഖങ്ങള്‍ തുറന്ന് പ്രണയസാഗരങ്ങളുടെ ആഴമറിയാം.

ജലപ്പരപ്പില്‍ സ്നേഹം പങ്കുവയ്ക്കാന്‍ ബോട്ടുയാത്രയ്ക്ക് സൗകര്യം. തൊട്ടടുത്തുതന്നെ ബീച്ച്. കടലിന്‍റെയും കായലിന്‍റെയും സംഗമസ്ഥാനമായ വേളി പ്രണയത്തിന്‍റെ ബിംബകല്പനകള്‍ക്ക് മനോഹരമായ പ്രതിരൂപമാകുന്നു.

ശംഖുമുഖം

ശംഖുമുഖം-കടലിലെ സ്വപ്നലോകത്തുനിന്നും കയറിവന്ന മത്സ്യകന്യക മനോഹാരിതയുടെ കോണ്‍ക്രീറ്റ് ചിപ്പിയില്‍ ശയിക്കുന്ന തീരഭൂമി. ഇന്ന് ശംഖുമുഖത്തിന്‍റെ മുഖമുദ്ര ഇതാണ്. പഴയ കല്‍മണ്ഡപത്തിന് ഇന്നും തലയെടുപ്പിനു കുറവില്ല. തീരത്തുടനീളം പുല്‍ക്കുടിലുകളുടെ പൗരാണിക സൗരഭ്യം. തൊട്ടടുത്തുതന്നെ പ്രശസ്തമായ ഇന്ത്യന്‍ കോഫി ഹൗസ്. സമീപത്തുള്ള രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്ന വിമാനങ്ങളോടൊപ്പം കമിതാക്കളുടെ പ്രണയസ്വപ്നങ്ങളും ചിറകടിക്കുന്നു.

കോവളം

കോവളത്തെക്കുറിച്ചു പറയാന്‍ "ക്ളീഷേ'കള്‍ മാത്രം. സഞ്ചാരികളുടെ പറുദീസ, ഭൂമിയിലെ സ്വര്‍ഗം... അവസാനമില്ലാത്ത വിശേഷണങ്ങള്‍. ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ കടല്‍ത്തീരങ്ങളിലൊന്നാണ് കോവളം. ഇവിടുത്തെ മണലിനു നിറം കറുപ്പാണ്.പക്ഷേ, അവയില്‍ ദിവസനേ അവിടെ പതിയുന്ന പ്രണയത്തിന്‍റെ പാദമുദ്രകള്‍ക്ക് എന്നും പലവര്‍ണ്ണം.


Share this Story:

Follow Webdunia malayalam