Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമത്തിനൊരു ദിവസം, വാലന്‍റൈനും.....

പ്രേമത്തിനൊരു ദിവസം, വാലന്‍റൈനും.....
പ്രണയത്തിന്‍റെ സൂര്യപ്രകാശങ്ങള്‍ തേടി... പ്രണയികള്‍ക്കായൊരു ദിനം കൂടി - ഫെബ്രുവരി 14. പ്രണയത്തിന്‍റെ മഹാപുരോഹിതന്‍റെ ഓര്‍മ്മയ്ക്കായൊരു ദിനം. വാലന്‍റൈന്‍സ് ദിനം.

""നീയെന്‍റെ കണ്ണിലെ കത്തുന്ന കനവ്

നീയെന്‍റ രാവിന്‍റെ നിദ്രാവിഹീനത

ഇന്നിന്‍റെ നോവും നിലാപ്പൂവുമാണു നീ

നാളെയുടെ സൂര്യപ്രകാശമാകുന്നു നീ....''

പ്രണയം കവിതകളായും കവിതകള്‍ പുതുമഴയായും പെയ്തിറങ്ങുന്ന സ്നേഹസായന്തനങ്ങള്‍ക്ക് എന്നും സ്വപ്നത്തിന്‍റെ നിറമാണ്.


""എന്തിലുമെന്തു നിഗൂഢത, എങ്കിലും
എത്ര അസ്വസ്ഥ മധുരമാം വശ്യത
അര്‍ത്ഥങ്ങളെത്ര അനന്തമനോഹരം
അല്പമാമീണം പുരണ്ട സ്വരത്തിനും....''

- മധുസൂദനന്‍ നായര്‍


വാചാലമായ മൗനം എന്നും പ്രണയത്തിന്‍റെ മനോഹരമായ ചിഹ്നമായിരുന്നു. നാവിനുമുന്‍പേ കണ്ണുകള്‍ കൈമാറുന്ന ഹൃദയരഹസ്യമാണു പ്രണയം. ആത്മാവുകള്‍ തിരിച്ചറിയുന്ന പുണ്യവികാരത്തിനുമുന്നില്‍ വാക്കുകള്‍ അപ്രസക്തമാകുന്നു.

എന്നും പ്രണയത്തിന്‍റെ വിതഭൂമികളാണ് കലാലയങ്ങള്‍. കേരളത്തിലെ ഏറ്റവും പാരന്പര്യമുള്ള കലാലയങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്. ഇവിടെ ഏറ്റവും പ്രശസ്തമായ മുറിയാണ് 106. പ്രണയികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മുറി. ഈ മുറിയില്‍ പണ്ടെന്നോ കൊത്തിവച്ച ഒരു വാചകം ഇന്നും മായാതെ കിടക്കുന്നുണ്ട്.

""ഒരിടത്തൊരു രാജശേരഖനും രാധികയും ഉണ്ടായിരുന്നു...''

വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ വാചകത്തിന്‍റെ വര്‍ത്തമാനകാല അവസ്ഥയുടെ ചാരിതാര്‍ത്ഥ്യത്തില്‍ ഡോ പി .കെ രാജശേഖരനും, ഡോ. രാധിക സി നായര്‍ക്കും ഇന്ന് പുഞ്ചിരി.

അവരെപ്പോലെ ചിരിക്കാനാവാത്തവരാണ് മറ്റൊരു മഹാഭൂരിപക്ഷം.
ജി എഴുതിയതു പോലെ
ആ മുഗ്ദ്ധപുഷ്പത്തെ കണ്ടില്ലായിരുന്നെങ്കില്‍ ,
ആവിധം പരസ്പരം സ്നേഹിച്ചില്ലയിരുന്ന്നെങ്കില്‍
എന്നോര്‍ത്തു വിഷമിക്കുന്നവരാണ് അവരിലധികവും.

പ്രണയം പുᅲിക്കുന്ന നാളില്‍ ഒരു കുല വെളുത്ത റോസാപ്പൂക്കള്‍ അവര്‍ക്കും .


പ്രണയമൊഴിയുന്പോള്‍

ആ വാലന്‍റൈന്‍ ദിനത്തില്‍ അവന്‍റെ സമ്മാനം കടലാസു ചെടിയുടെ ഒരു മുഷിഞ്ഞ ചില്ലയായിരുന്നു. വിതിര്‍ത്തിട്ട മുടിയിലെ ചെന്പകപ്പൂവിന്‍റെ സ്നിഗ്ദ്ധതയ്ക്കു പകരമായി ആ വിളറിയ കടലാസുപൂക്കള്‍ സ്വീകരിക്കാനും അവള്‍ തയ്യാറായി.

പ്രണയത്തിന്‍റെ തീവ്രത ആ പൂവുകള്‍ക്ക് അസ്തമയത്തിന്‍റെ ചുവപ്പു നല്‍കുന്നതറിഞ്ഞപ്പോഴും അത് അസ്തമയത്തിന്‍റെ ചുവപ്പാണെന്ന ബോധം അവനെ അലോസരപ്പെടുത്തി. അടുത്ത പ്രഭാതത്തിന് മറവിയുടെ മേഘക്കറുപ്പായിരുന്നു കൂട്ട്.

""അരികിലേറെയകലത്തിരുന്നു നീ
കരളു കത്താതെയെന്നെ നോക്കീടവേ
സിരകളൊക്കെയും തുള്ളിപ്പനിക്കുന്നൊ-
രഗ്നിയായ് നിന്നെ മോഹിച്ചിരുന്ന ഞാന്‍....''
--ഇന്ദ്രബാബു

പറയാതെ പോയ പ്രണയങ്ങള്‍ക്കും പങ്കിടാതെപോയ സ്വപ്നങ്ങള്‍ക്കും അന്ത്യവിധി കുറിക്കാനൊരു ദിനം. അടുക്കി വച്ച സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലില്‍നിന്ന് അണപൊട്ടിയൊഴുകുന്ന സ്നേഹത്തിന്‍റെ സ്ഫോടനത്തിലേക്കുള്ള പരിണാമം ആശകളുടെ ചിറകരിഞ്ഞേക്കാം.

""ഏതു പ്രണയവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെങ്കിലും തിരിച്ചുകിട്ടും '', ആശ്വാസത്തിനവിടെയും കവി തന്നെ ശരണം.

""ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ഒരിക്കലെങ്കിലും സ്നേഹിച്ചു നഷ്ടപ്പെടുന്നതാണ്''. ഓരോ പ്രണയിയുടെയും ആപ്തവാക്യം!. പക്ഷേ ഇവരറിയുന്നുണ്ടോ ആദ്യം പറഞ്ഞ ഗണത്തില്‍പ്പെടുന്നവരായി ആരുമില്ലെന്ന്!


Share this Story:

Follow Webdunia malayalam