Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമ: 2008ന്‍റെ അവകാശികള്‍

മലയാള സിനിമ: 2008ന്‍റെ അവകാശികള്‍
മലയാള സിനിമയ്ക്ക് 2008 ഗുണദോഷ സമ്മിശ്രമായ വര്‍ഷമായിരുന്നു. വിജയചിത്രങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും പുരസ്കാരങ്ങളുടെ കാര്യത്തില്‍ മലയാളം ചരിത്രം കുറിച്ച വര്‍ഷമായിരുന്നു ഇത്. ദേശീയ അവര്‍ഡുകളില്‍ കൂടുതലും മലയാളം സ്വന്തമാക്കി. അതുപോലെ അടയാളങ്ങള്‍ എന്ന സിനിമ സംസ്ഥാന അവാര്‍ഡുകളില്‍ ഭൂരിപക്ഷവും നേടി ശ്രദ്ധേയമായി.

കഴിഞ്ഞ വര്‍ഷത്തെ ബോക്സോഫീസ് പ്രകടനവും കലാമൂല്യവും കണക്കിലെടുത്ത് 2008ലെ സിനിമ, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി, എന്നിവരെ തിരഞ്ഞെടുക്കുകയാണിവിടെ.

2008ലെ ചിത്രം - വെറുതെ ഒരു ഭാര്യ

അക്കു അക്ബര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒട്ടേറെ പേരുടെ മടങ്ങിവരവായിരുന്നു. പരാജിതരെ കൈ പിടിച്ചുയര്‍ത്തിയ സിനിമയെന്ന് വെറുതെ ഒരു ഭാര്യയെ വിശേഷിപ്പിക്കാം. ഒരുപാട് തിരിച്ചടികള്‍ക്കൊടുവില്‍ ജയറാമിന് ലഭിച്ച പുനര്‍ജന്‍‌മം. ഇതുവരെ സ്വന്തം പേരില്‍ ഹിറ്റുകളൊന്നുമില്ലായിരുന്ന കെ ഗിരീഷ്കുമാര്‍ എന്ന തിരക്കഥാകൃത്തിന് ലഭിച്ച സ്വപ്നവിജയം. അക്ബര്‍ - ജോസ് എന്ന കൂട്ടുകെട്ടില്‍ നിന്ന് പിരിഞ്ഞ് അക്കു അക്ബര്‍ സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രങ്ങള്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. മികച്ച തിരക്കഥയുടെയും സംവിധാനത്തിന്‍റെയും പിന്‍‌ബലത്തില്‍ നേടിയ ഈ അഭൂതപൂര്‍വമായ വിജയം താരബാഹുല്യം കൊണ്ട് ചരിത്രവിജയം നേടിയ ട്വന്‍റി20യെക്കാള്‍ മുകളിലാണ്. അതുകൊണ്ടു തന്നെ 2008ന്‍റെ ചിത്രമായി വെറുതെ ഒരു ഭാര്യ മാറുന്നു.

2008ലെ സംവിധായകന്‍ - മധുപാല്‍

നക്സല്‍ വര്‍ഗീസ് കേരളത്തിലെ ജ്വലിക്കുന്ന ഒരോര്‍മ്മയാണ്. താനാണ് വര്‍ഗീസിനെ വെടിവച്ചുകൊന്നതെന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെ വര്‍ഗീസിന്‍റെ മരണം അടുത്തകാലത്തായി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സംഭവത്തിന് ഒരു സിനിമാറ്റിക് തലമുണ്ടെന്ന് കണ്ടെത്തി അതിനെ മികച്ച അനുഭവമാക്കി മാറ്റിയതിന് മധുപാലിനെ 2008ലെ മികച്ച സംവിധായനായി തെരഞ്ഞെടുക്കുന്നു. തലപ്പാവ് എന്ന ചിത്രം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം കേരളക്കരയാകെ ചര്‍ച്ചാവിഷയമായി. നവാഗതന്‍റെ പതര്‍ച്ചകളേതുമില്ലാതെ കേരളത്തിലെ തിളച്ചുമറിഞ്ഞ ഒരു രാഷ്ട്രീയ കാലഘട്ടം പുനഃസൃഷ്ടിച്ചതിലൂടെയാണ് മധുപാല്‍ ഈ വര്‍ഷത്തിന്‍റെ അവകാശിയായി മാറുന്നത്.




2008ലെ തിരക്കഥാകൃത്ത്

ഉദയകൃഷ്ണ - സിബി കെ തോമസ്

ട്വന്‍റി20 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണയും സിബി കെ തോമസുമാണ് ഈ വര്‍ഷത്തെ തിരക്കഥാകൃത്തുകള്‍. ഇത്രയേറെ താരങ്ങളെ അണി നിരത്തി, ഒട്ടും വിരസമാകാത്ത രീതിയില്‍ തിരക്കഥ രചിച്ച ഇവര്‍ ഏറെ ശ്രമകരമായ ദൌത്യം ഭംഗിയായി പൂര്‍ത്തിയാക്കി. താരങ്ങളുടെ കെട്ടുകാഴ്ച മാത്രമാകാതെ ട്വന്‍റി20യെ മാറ്റിയെടുത്തു എന്നതില്‍ ഉദയനും സിബിക്കും അഭിമാനിക്കാം.

2008ലെ നടന്‍ - ലാല്‍

തലപ്പാവ് എന്ന ചിത്രത്തിലെ പൊലീസുകാരന്‍റെ മാനസിക സംഘര്‍ഷങ്ങളെ ഗംഭീരമാക്കിയ ലാലാണ് ഈ വര്‍ഷത്തെ മികച്ച നടന്‍. വികാരങ്ങളുടെ കടല്‍ ഉള്ളിലൊതുക്കിയ ഒരു കഥാപാത്രത്തെ സൂക്ഷ്മമായ ഭാവചലനങ്ങളിലൂടെ മനോഹരമാക്കുകയായിരുന്നു ലാല്‍. വെറുതെ ഒരു ഭാര്യയിലെ ജയറാമിനെയും തലപ്പാവിലെ തന്നെ പൃഥ്വിരാജിനെയും പിന്തള്ളിയാണ് ലാല്‍ മികച്ച നടനെന്ന സ്ഥാനത്തേക്ക് ചുവടുവച്ചത്.

2008ലെ നടി - പ്രിയാമണി

തിരക്കഥയിലെ മാളവിക എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയാമണിയാണ് ഈ വര്‍ഷത്തെ നായിക. പരുത്തിവീരന് ശേഷം പ്രിയാമണിക്ക് ലഭിച്ച മികച്ച കഥാപാത്രമാണിത്. അര്‍ബുദ രോഗം ബാധിച്ച് മുടികൊഴിഞ്ഞ് വിരൂപയായ കഥാപാത്രത്തെ ഒട്ടും അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച് തിരക്കഥ എന്ന ചിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ അവിസ്മരണീയമാക്കി ഈ നടി.


Share this Story:

Follow Webdunia malayalam