Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിത്യ വിശുദ്ധയാവുന്ന അല്‍ഫോണ്‍സാമ്മ

പീസിയന്‍

നിത്യ വിശുദ്ധയാവുന്ന അല്‍ഫോണ്‍സാമ്മ
വേദനയില്‍ മുഴുകി ജീവിക്കുമ്പോഴും മെഴുകുതിരിയെപ്പോലെ ചുറ്റും വെളിച്ചം പകര്‍ന്ന ധന്യ വനിതയായിരുന്നു വിശുദ്ധ പദവിയിലേക്ക് ഉയരുന്ന അല്‍ഫോണ്‍സാമ്മ. ഹ്രസ്വമായ ജീവിതം കൊണ്ട് തന്നെ സാര്‍വത്രികമായ വണക്കത്തിന് അര്‍ഹയായ അല്‍ഫോണ്‍സാമ്മ യേശു ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ അനുയായി ആയിരുന്നു.

സാധാരണക്കാരില്‍ സാധാരണക്കാരിയായി ജീവിച്ച് അമ്പരപ്പിക്കുന്ന ഭൌതിക നേട്ടങ്ങള്‍ ഇല്ലാതെയാണ് അല്‍ഫോണ്‍സാമ്മ ലോകത്തിനാകമാനം അഭിവന്ദ്യയായ വിശുദ്ധാത്മാവായി മാറുന്നത്. മറ്റു വിശുദ്ധരില്‍ നിന്നും അല്‍ഫോണ്‍സാമ്മയെ വ്യത്യസ്തയാക്കുന്നത് ഈ എളിമയും ലാളിത്യവുമാണ്.

കുടമാളൂരിലും ഭരണങ്ങാനത്തുമായി വീട്ടിലും സന്യാസിനി മഠത്തിന്‍റെ നാലതിരുകള്‍ക്കുള്ളിലും ഒതുങ്ങിക്കഴിഞ്ഞ കര്‍ത്താവിന്‍റെ മണവാട്ടി എങ്ങനെ ലോകത്തിന്‍റെ വിശുദ്ധ മാലാഖയായി മാറി ?

യേശുക്രിസ്തുവില്‍ സര്‍വ്വവും സമര്‍പ്പിച്ച് ദു:ഖവും വേദനയും പുഞ്ചിരിയോടെ സഹിച്ച അല്‍ഫോണ്‍സാമ്മ മറ്റുള്ളവരുടെ കണ്ണീരും ദുരിതങ്ങളും തുടച്ചുമാറ്റുന്ന മധ്യസ്ഥയായി മാറുകയായിരുന്നു.

ഒരിക്കല്‍ ചാവറയച്ചന്‍റെ മാധ്യസ്ഥത്തില്‍ അസുഖം ഭേദമായ അല്‍ഫോണ്‍സാമ്മ പിന്നീട് സ്വയം ദൈവത്തിന്‍റെ മധ്യസ്ഥയായി മാറുകയായിരുന്നു. മരിക്കുന്നതു വരെ അവരുടെ ദിവ്യത്വത്തെ കുറിച്ചോ അത്ഭുത സിദ്ധികളെ കുറിച്ചോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ അവരുടെ കുഴിമാടം ആശ്രയിക്കുന്നവര്‍ക്ക് അത്താണിയായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല.


ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരില്‍ പത്രങ്ങളില്‍ അല്‍ഫോണ്‍സാമ്മ നിറഞ്ഞു നിന്നു. അസുഖങ്ങള്‍ മാറാന്‍, പരീക്ഷയില്‍ ജയിക്കാന്‍, കഷ്ടതകള്‍ മാറാന്‍, ഉദ്ദേശിച്ച കാര്യങ്ങള്‍ ശരിയാവാന്‍ എല്ലാം അല്‍ഫോണ്‍സാമ്മയുടെ മാധ്യസ്ഥത്തിനായി ആയിരങ്ങളാണ് ഭരണങ്ങാനത്ത് എത്തിയത്.

സിസ്റ്റര്‍ അല്‍ഫോണ്‍സയുടെ ദിവ്യത്വം തിരിച്ചറിഞ്ഞതോടെ അവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സഭാ നേതൃത്വം ആരംഭിച്ചു. ഇതിനായി പഠനങ്ങളും ഗവേഷണങ്ങളും തെളിവെടുപ്പുകളും നടന്നു.

1962 ഒക്‍ടോബറില്‍ പാലാ രൂപതാ മേധാവിയായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ വത്തിക്കാനില്‍ എത്തിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ അല്‍ഫോണ്‍സാമ്മ അസുലഭ സുകൃതങ്ങളുടെ അവതാരമാണെന്ന് തിരിച്ചറിഞ്ഞു.

1986 ഫെബ്രുവരി എട്ടിന് മാര്‍പ്പാപ്പ അവരെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചു. 2008 ഒക്‍ടോബര്‍ പന്ത്രണ്ടിന് സ്വര്‍ഗ്ഗീയമായ വിശുദ്ധ പദവിയിലേക്ക് എത്തുകയാണ് ഈ യോഗിനി.




Share this Story:

Follow Webdunia malayalam