ഹൃദയത്തിന് വിദൂര നിയന്ത്രിത ചികിത്സ
ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സിസ്റ്റം
ഹൃദയതാളത്തിന് ചെറുവ്യതിയാനമുണ്ടെങ്കില്‍ അത് രോഗി അറിയണമെന്നില്ല. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്കു നയിച്ചേക്കാം. ഇപ്പോള്‍ ഹൃദയതാളത്തെ നിയന്ത്രിക്കാനായി വിദൂര ചികിത്സാ സമ്പ്രദായം നിലവില്‍ വരുന്നു.
ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സിസ്റ്റം എന്ന സംവിധാനമാണ് ഹൃദയത്തിന് വിദൂര ചികിത്സ ലഭ്യമാക്കുന്നത്. വടക്കന്‍ കരോലിനയിലെ ഡൂക്ക് സര്‍വ്വകലാശാലയാണ് പുതിയ യന്ത്രസംവിധാനം വികസിപ്പിക്കുന്നത്.
ചികിത്സാരീതി
ക്രമമല്ലാത്ത ഹൃദയമിടിപ്പുണ്ടാക്കുന്ന ആട്രിയല്‍ ഫൈബ്രിലേഷന്‍ വളരെ നേരത്തെതന്നെ ഡോക്ടര്‍മാര്‍ക്ക് മനസിലാക്കിക്കൊടുക്കുകയാണ് പുതിയ സംവിധാനത്തിന്‍റെ ലക്ഷ്യം.
രോഗിയുടെ നെഞ്ചിനുള്ളില്‍ പതിപ്പിക്കുന്ന ഒരു യന്ത്രത്തിലൂടെയാവും ഡോക്ടര്‍ക്ക് രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാവുന്നത്. ഹൃദയാഘാതം ഉണ്ടാക്കാവുന്ന ആട്രിയല്‍ ഫൈബ്രിലേഷന്‍ ഡോക്ടര്‍ വിദൂര സ്ഥലത്തുനിന്ന് നല്‍കുന്ന ചെറിയ വൈദ്യുതാഘാതങ്ങളിലൂടെ സാധാരണഗതിയിലാക്കുന്നു. വൈദ്യുതാഘാതം രോഗിക്ക് വേദനയുളവാക്കുമെന്ന് ഡൂക്ക് ഗവേഷകസംഘം അഭിപ്രായപ്പെടുന്നു.
രോഗിക്കു നല്‍കുന്ന വൈദ്യുതാഘാതത്തിന്‍റെ അളവ് വളരെയധികം കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ് ഡൂക്ക് സര്‍വ്വകലാശാലാ ഗവേഷണ സംഘം.
പ്രവര്‍ത്തനം
രോഗിയുടെ ഹൃദയത്തിന്‍റെ വൈദ്യുത പാറ്റേണുകള്‍ സെന്‍സറുകള്‍ ഉപയോഗിച്ചാവും പിടിച്ചെടുക്കുക. ഇത് സ്ഥിരമായി റേഡിയോ തരംഗങ്ങളിലൂടെ ഡോക്ടറുടെ കമ്പ്യൂട്ടറിലേക്ക് അയച്ചുകൊണ്ടിരിക്കും. ഇത് സ്വീകരിച്ച് ഹൃദയമിടിപ്പിനെക്കുറിച്ച് വിലയിരുത്തുന്ന നോട്ട്ബുക്ക് കമ്പ്യൂട്ടറായിരിക്കും ഡോക്ടറുടേത്.
രോഗിയുടെ ശരീരത്തില്‍ പതിപ്പിച്ചിരിക്കുന്ന ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സംവിധാനത്തിന് ആവശ്യമായ നിര്‍ദ്ദേശം ഡോക്ടര്‍ നല്‍കുന്നു. സന്ദേശത്തിന് ആനുപാതികമായ വൈദ്യുതാഘാതം രോഗിയുടെ ഹൃദയത്തിലേക്ക് നേരിട്ട് നല്‍കാന്‍ ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സംവിധാനത്തിന് കഴിയും.
വൈദ്യുതാഘാതം നല്‍കിയ ശേഷമുള്ള ഹൃദയത്തിന്‍റെ അവസ്ഥയും വിദൂരസ്ഥലത്തിരുന്നുകൊണ്ട് ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.
ആട്രിയല്‍ ഫൈബ്രിലേഷന്‍ ചികിത്സാരംഗത്ത് ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സംവിധാനം വിപ്ളവം സൃഷ്ടിക്കുമെന്നാണ് ആരോഗ്യലോകം കരുതുന്നത്.