ശനിദശയെ പേടിക്കേണ്ട, ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി!

വ്യാഴം, 3 മെയ് 2018 (14:20 IST)
മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനിദശയിലുണ്ടാകുന്ന അനുഭവങ്ങള്‍ എന്നാണ് പറയാറുള്ളത്. ഈ ജന്മത്തില്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയും വ്യാഴത്തിന്‍റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താല്‍ ശനിദശയുടെ കാഠിന്യം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ ഉള്ളവരും കണ്ടകശനി, ഏഴര ശനി മുതലായ ചാരവശാലുള്ള ദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ശനിദോഷ ശാന്തി പൂജ നടത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. 
 
ശനിയാഴ്ചകളിലോ പക്കപിറന്നാള്‍ തോറുമോ ആണ് ശനീശ്വര ശാന്തിപൂജ നടത്തേണ്ടത്. ശാസ്താവിനു നീരാജനവും എള്ള് പായസവും അതുപോലെ ശനി ഭഗവാന് ശനീശ്വരപൂജയുമാണ് ഇത്തരക്കാര്‍ നടത്തേണ്ടത്. ശനീശ്വര മന്ത്രം ജപിക്കുന്നതും ശനിയാഴ്ച വ്രതം നോല്‍ക്കുകയും ഉത്തമമാണ്. നവഗ്രഹ പ്രതിഷ്ഠ പ്രത്യേകിച്ച് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ശനിക്കു വേണ്ടിയുള്ള പൂജ ശാസ്താവിനോ പരമശിവനോ ആണ് ചെയ്യേണ്ടത്. അയ്യപ്പന് നെയ്യഭിഷേകം നടത്തുന്നതും ശബരിമല ദര്‍ശനം നടത്തുന്നതുമെല്ലാം ശനിദോഷം കുറയാനുള്ള ഉപാധികളാണ്. 
 
ആത്മാര്‍ത്ഥമായി വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. നവഗ്രഹങ്ങളില്‍ ശനിക്കു മാത്രമാണ് ഈശ്വരീയത്വം കല്‍പിച്ചിട്ടുള്ളൂ. ശനീശ്വരനെയാണ് ഭഗവാനായി ആരാധിക്കുന്നത്. ശനി ഭഗവാന്‍ നിഷ്പക്ഷമായി നീതി നിര്‍വഹണവും ഭക്തജനരക്ഷയും നടത്തുന്നു. സന്മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും സത്യനിര്‍വഹണം നടത്തുന്നവരെയും കഷ്ടപ്പെടുത്തുകയില്ലെന്നാണ് വിശ്വാസം. പ്രാര്‍ത്ഥനയില്‍ അലിയുന്ന ദേവനാണ് ശനീശ്വരന്‍. ഇഷ്ടഭാവത്തിലാണെങ്കില്‍ ധാരാളം ഗുണങ്ങള്‍ ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ് ശനി. 
 
ശനിയാഴ്ച ദിവസം കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് കാക്കയ്ക്ക് എള്ളും പച്ചരിയും കൊടുക്കുന്നത് നല്ലതാണ്. പാവപ്പെട്ട ആളുകള്‍ക്ക് ആഹാരവും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും വളരെ ഉത്തമമാണ്. തുലാം ഉച്ച ക്ഷേത്രവും മകരം സ്വക്ഷേത്രവും കുംഭം മൂലക്ഷേത്രവുമാണ് ശനിക്ക്. ഇടവം, മിഥുനം, കന്നി എന്നിവ ശനിയുടെ ബന്ധു ക്ഷേത്രങ്ങളാണ്. ശനി ദോഷമകറ്റാന്‍ പുരുഷന്മാര്‍ വലതു കൈയുടെ നടുവിരലിലും സ്ത്രീകള്‍ ഇടതു കൈയുടെ നടുവിരലിലും ഇന്ദ്രനീലക്കല്ലിന്‍റെ മോതിരം ധരിക്കുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വെള്ളിയാഭരണങ്ങൾ ധരിച്ചോളൂ, ശുക്രൻ കൂടെയുണ്ടാവും