ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹാരംഭമെന്നാല്‍ ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കുക എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഗൃഹാരംഭ മുഹൂര്‍ത്തത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഗൃഹാരംഭത്തിന് മൂലവും മകവും ഊണ്‍ നാളുകളും ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ രാശികളും കൊള്ളാം. ചിങ്ങം, മകരം, കുംഭം എന്നീ മൂന്ന് മാസങ്ങള്‍ കിഴക്കേതും പടിഞ്ഞാറേതും വയ്ക്കുന്നതിന് ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ നാലു മാസങ്ങള്‍ തെക്കേതും വടക്കേതും വയ്ക്കുന്നതിന് ശുഭമാണ്.
മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം മാസങ്ങളിലും ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നില്‍ക്കുമ്പോഴും ഒരു ദിക്കിലും ഗൃഹനിര്‍മ്മിതി പാടില്ല. മുഹൂര്‍ത്ത രാശിയുടെ നാലാമിടത്ത് ഒരു ഗ്രഹങ്ങളും പാടില്ല. ഇവിടെ പാപ ഗ്രഹം നില്‍ക്കുന്നത് അങ്ങേയറ്റം ദോഷകരവുമാണ്. അഷ്ടമത്തില്‍ കുജനും ഞായര്‍, ചൊവ്വ ആഴ്ചകളും വേധ നക്ഷത്രവും ഗൃഹാരംഭത്തിന് വര്‍ജ്ജിക്കണം.
ഗൃഹാരംഭത്തിന് ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ എട്ട് രാശികള്‍ ഉത്തമങ്ങളും കര്‍ക്കിടകം രാശി മധ്യമവും മേടം, തുലാം, മകരം എന്നീ മൂന്ന് രാശികള്‍ വര്‍ജ്ജ്യങ്ങളുമാണ്. പൊതുവെ സ്ഥിര രാശികളാണ് ഗൃഹാരംഭത്തിന് ഉത്തമം. ഉഭയ രാശികള്‍ മധ്യമമായി സ്വീകരിക്കാം. ചരരാശികള്‍ അധമങ്ങള്‍ തന്നെയാണ്. മുഹൂര്‍ത്ത രാശിയില്‍ ആദിത്യന്‍ നില്‍ക്കുന്നത് ദോഷമാണ്.
ഊര്‍ദ്ധ്വമുഖരാശികള്‍ ഉത്തമങ്ങളും തിര്യന്മുഖ രാശികള്‍ മധ്യമങ്ങളും അധോമുഖ രാശികള്‍ അധമങ്ങളുമാണെന്നാണ് മറ്റൊരു ആചാര്യാഭിപ്രായം.
മിഥുനമാസത്തില്‍ നിര്യതികോണില്‍ കളപ്പുരയും കന്നി മാസത്തില്‍ വായുകോണില്‍ ഉരല്‍പ്പുരയും ധനുമാസത്തില്‍ ഈശാനകോണില്‍ പാചകശാലയും മീനമാസത്തില്‍ അഗ്നികോണില്‍ ഗോശാലയും വയ്ക്കാം. എന്നാല്‍, ഗോശാല വയ്ക്കുന്നതിനു രേവതി നക്ഷത്രത്തില്‍ ആദിത്യന്‍ നില്‍ക്കുന്ന കാലവും സിംഹക്കരണവും പുലിക്കരണവും കൊള്ളില്ല. മറ്റെല്ലാം ഗൃഹാരംഭ മുഹൂര്‍ത്തം പോലെയാണ്.
രാത്രിയെ മൂന്നായി ഭാഗിച്ചതില്‍ ആദ്യത്തെ രണ്ട് ഭാഗങ്ങളും അപരാഹ്നസമയവും ഗൃഹാരംഭത്തിന് നന്നല്ല. ഗൃഹാരംഭ മുഹൂര്‍ത്തം തന്നെയാണ് കവാടസ്ഥാപനം പോലെയുള്ള അവശിഷ്ട കര്‍മ്മങ്ങള്‍ക്കും പരിഗണിക്കേണ്ടത്.
ഗൃഹാരംഭത്തിന് മുഹൂര്‍ത്തം ദുര്‍ല്ലഭമായ സമയത്ത് മറ്റു നിവൃത്തിയില്ലാതെ വന്നാല്‍, മേടം പത്താം തീയതി അഞ്ചാം നാഴികയ്ക്കും ഇടവം ഇരുപത്തിയൊന്നാം തീയതി എട്ടാം നാഴികയ്ക്കും കര്‍ക്കിടകം പതിനൊന്നാം തീയതി രണ്ടാം നാഴികയ്ക്കും ചിങ്ങം ആറാം തീയതി ഒന്നാം നാഴികയ്ക്കും തുലാം പതിനൊന്നാം തീയതി രണ്ടാം നാഴികയ്ക്കും വൃശ്ചികം എട്ടാം തീയതി പത്താം നാഴികയ്ക്കും മകരം പന്ത്രണ്ടാം തീയതി എട്ടാം നാഴികയ്ക്കും കുംഭം ഇരുപതാം തീയതി എട്ടാം നാഴികയ്ക്കും വാസ്തു പുരുഷന്‍ ഉണരുന്ന സമയമാണ്.
മേല്‍പ്പറഞ്ഞ നാഴികയ്ക്ക് മേല്‍ മുന്നേ മുക്കാല്‍ നാഴിക സമയം ഉണര്‍ന്നിരിക്കുന്ന വാസ്തു പുരുഷന്‍ ആദ്യത്തെ മുക്കാല്‍ നാഴികകൊണ്ട് ദന്തശുദ്ധി, പിന്നീട് മുക്കാല്‍ നാഴിക സ്നാനം, മുക്കാല്‍ നാഴിക പൂജ, മുക്കാല്‍ നാഴിക ഭോജനം, മുക്കാല്‍ നാഴിക താംബൂലചവര്‍ണ്ണം എന്നിവ ചെയ്യുന്നു.
ഇതില്‍ താംബൂലചവര്‍ണ്ണ സമയം ഗൃഹാരംഭത്തിന് ഉത്തമമാണെന്നും ഭോജന സമയം മധ്യമമാണെന്നും ദന്തശുദ്ധി ചെയ്യുന്ന സമയത്ത് ഗൃഹാരംഭം നടത്തിയാല്‍ രാജകോപമുണ്ടാവുമെന്നും സ്നാനസമയം ഗൃഹാരംഭം ചെയ്താല്‍ രോഗമാണ് ഫലമെന്നും പൂജാ സമയത്താണെങ്കില്‍ ദു:ഖമാണ് ഫലമെന്നും വാസ്തു സമയപ്രകാരമുണ്ട്. എന്നാല്‍, ഇപ്പറഞ്ഞ വാസ്തു സമയം മുഹൂര്‍ത്ത ശാസ്ത്രവിധികളില്‍ പെടുന്നതല്ല. അതിനാല്‍, വാസ്തു നേരം ഉത്തമമാണെന്ന് ലേഖകന് അഭിപ്രായവുമില്ല.
ഗൃഹാരംഭ മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള ആചാര്യാഭിപ്രായങ്ങള്‍ പലതാണ്. എന്നാല്‍, പൊതുവെ എല്ലാവരും എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം ഇനി പറയുന്നതുപോലെയാണ്; കുംഭം, മകരം മാസങ്ങള്‍ കിഴക്കിനിയും ഇടവം, മേടം മാസങ്ങള്‍ തെക്കിനിയും കര്‍ക്കിടകം, ചിങ്ങം മാസങ്ങള്‍ പടിഞ്ഞാറ്റിനിയും വൃശ്ചികം, തുലാം മാസങ്ങള്‍ വടക്കിനിയും വയ്ക്കുന്നതിന് കൊള്ളാം.
നാല് കോണ്‍ മാസങ്ങളും ഒരു ദിക്കിലും ഒരു ഗൃഹവും വയ്ക്കാന്‍ കൊള്ളില്ല. അനിഴം, രോഹിണി, രേവതി, പൂയം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, മകയിരം, അത്തം എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ഗൃഹാരംഭത്തിന് ഉത്തമങ്ങളും ചിത്തിര, മൂലം, ചോതി, പുണര്‍തം, അവിട്ടം, ചതയം എന്നീ നാളുകള്‍ മധ്യമങ്ങളും മറ്റുള്ള നക്ഷത്രങ്ങള്‍ അധമങ്ങളുമാണ്.
ദേശം, നഗരം, രാജധാനി തുടങ്ങിയവയുടെ ആരംഭത്തിന് സ്ഥിരനക്ഷത്രങ്ങളും ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങളും അത്യുത്തമങ്ങളാണ്. ഗൃഹാരംഭത്തിനു സ്ഥിരരാശികള്‍ ഉത്തമങ്ങളും ഉഭയരാശികള്‍ മധ്യമങ്ങളും ചരരാശികള്‍ അധമങ്ങളുമാണ്. സ്ഥിരരാശികള്‍ക്ക് മൂര്‍ദ്ധോദയവും ഊര്‍ദ്ധ്വമുഖവും കൂടിയുണ്ടെങ്കില്‍ അത്യുത്തമമായിരിക്കും. ഇഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന എല്ലാ ഗ്രഹങ്ങളും ശുഭഫലപ്രദന്‍മാര്‍ തന്നെയാണ്. എന്നാല്‍ അഷ്ടമ ശുദ്ധി ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.
ഗൃഹാരംഭത്തിനുള്ള യോഗങ്ങള്‍ കൂടി മുഹൂര്‍ത്തത്തോടൊപ്പം സമന്വയിപ്പിച്ചാല്‍ അത്യുത്തമമായിരിക്കും. ലഗ്നത്തില്‍ ശുക്രനും അഞ്ചില്‍ വ്യാഴവും ആറില്‍ ശനിയും മൂന്നില്‍ ആദിത്യനും നില്‍ക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍ പ്രഥമസ്തംഭ സ്ഥാപനത്തോടെ നിര്‍മ്മിക്കുന്ന ഗൃഹം 200 സംവത്സരം മുഴുവന്‍ ശുഭവും സ്ഥിരവുമായിരിക്കും. ലഗ്നത്തില്‍ വ്യാഴവും നാലില്‍ ശുക്രനും ഏഴില്‍ ചന്ദ്രനും മൂന്നില്‍ ശനിയും ആറില്‍ ആദിത്യനും നില്‍ക്കുമ്പോള്‍ ഗൃഹാരംഭ സ്തംഭ സ്ഥാപനം ചെയ്താല്‍ ആഗൃഹം 100 വര്‍ഷം സ്ഥിരവും ശുഭവുമായി നില്‍ക്കും.
നാലില്‍ വ്യാഴവും പത്തില്‍ ചന്ദ്രനും മൂന്നില്‍ കുജശനികളും മുഹൂര്‍ത്ത ലഗ്നത്തില്‍ വന്നാല്‍ ആ ഗൃഹം 100 വര്‍ഷത്തേക്ക് നശിക്കുന്നതല്ല. മീന ലഗ്നത്തില്‍ ശുക്രനും പത്തില്‍ വ്യാഴവും പതിനൊന്നില്‍ ശനിയും വരുമ്പോള്‍ സ്ഥാപിക്കുന്ന ഗൃഹം ദീര്‍ഘകാലം ഐശ്വര്യപുഷ്ടിയോടെ നിലനില്‍ക്കും.
ഇടവ ലഗ്നത്തിലോ കര്‍ക്കിടക ലഗ്നത്തിലോ ചന്ദ്രനും വ്യാഴം കേന്ദ്ര ലഗ്നത്തിലും ഗൃഹാരംഭം നടത്തിയാല്‍ ധനസമൃദ്ധിയോടെ ആ ഗൃഹം ദീര്‍ഘകാലം നിലനില്‍ക്കും. ലഗ്നാധിപനോ ലഗ്നത്തില്‍ നില്‍ക്കുന്ന ശുഭഗ്രഹമോ ഉച്ചം, മൂലക്ഷേത്രം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം എന്നീ രാശികളിലേതിലെങ്കിലും സ്ഥിതിയോടും അംശകത്തോടും കൂടി ബലവാനായി ഇഷ്ടഭാവത്തില്‍ നില്‍ക്കുമ്പോള്‍ നിര്‍മ്മിക്കുന്ന ഗൃഹം ഐശ്വര്യത്തോടെ ഏറെക്കാലം നിലനില്‍ക്കും.
ശത്രുക്ഷേത്രം നീചം മുതലായ സ്ഥാനങ്ങളില്‍ ലഗ്നാധിപനോ ലഗ്ന നാഥനായ ഗ്രഹമോ നില്‍ക്കുന്ന സമയം നിര്‍മ്മിക്കുന്ന ഗൃഹം ദാരിദ്ര്യം, ദു:ഖം, ശത്രുഭയം മുതലായ അനിഷ്ട ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. അടുക്കള, ഉരല്‍പ്പുര, തൊഴുത്ത്, കളപ്പുര എന്നിവയെല്ലാം മിഥുനം, കന്നി, ധനു, മീനം എന്നീ മാസങ്ങളില്‍ നിര്‍മ്മിക്കാം. രോഹിണി, മകം, പൂയം, തിരുവോണം, ഉത്രാടം എന്നീ നക്ഷത്രങ്ങള്‍ ധാന്യഗൃഹം നിര്‍മ്മിക്കുന്നതിന് ഉത്തമമാണ്.
സഭാ ഹാള്‍, ആസ്ഥാന മണ്ഡപം, വെണ്‍മാടം തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് അനിഴം, മകയിരം, രേവതി, പൂയം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, പുണര്‍തം, മകം, അശ്വതി, രോഹിണി എന്നീ നാളുകള്‍ ഉത്തമം. ശയ്യാഗൃഹ നിര്‍മ്മാണത്തിന് ഉത്രം, ചോതി എന്നീ നക്ഷത്രങ്ങള്‍ കൊള്ളാം.