ആന്റില; താമസിക്കാന്‍ അംബാനിക്ക് യോഗമില്ല!
, ബുധന്‍, 19 ഒക്‌ടോബര്‍ 2011 (15:25 IST)
വാസ്തു അന്ധവിശ്വാസമാണെന്ന് ചിലര്‍ വാദിക്കും. കാലുകുത്താന്‍ ഇടമില്ലാത്ത നഗരത്തില്‍ നാനൂറും അഞ്ഞൂറും സ്ക്വയര്‍ ഫീറ്റില്‍ വീട് വയ്ക്കുമ്പോള്‍ ‘എന്തോന്ന്’ വാസ്തു എന്നും ചിലര്‍ ചോദിക്കും. പക്ഷേ, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വാസ്തുവില്‍ ‘നൂറ് ശതമാനം’ വിശ്വാസമാണ്. ഒരു മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് കൊട്ടാരസദൃശമായ ഒരു മണിമന്ദിരം മുംബൈയില്‍ മുകേഷ് ഒരുക്കിയത്. എന്നാല്‍ വാസ്തു ശരിയല്ല എന്നതിനാല്‍ ഈ വീട്ടിലേക്ക് കാലുകുത്താന്‍ മുകേഷ് തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത!ആന്റില എന്ന പേരില്‍ ഈ സ്വപ്നസൌധം നിര്‍മിക്കുമ്പോഴേ, മറ്റൊരു വ്യവസായിയായ രത്തന്‍ ടാറ്റ ഈ ആഡംഭരഡംഭിനെ എതിര്‍ത്തിരുന്നു. ചുറ്റുമുള്ള പാവപ്പെട്ടവരെ പറ്റി ചിന്തിക്കാന്‍ ധനികര്‍ക്ക് കഴിയുന്നില്ല എന്നത് ദുഃഖകരമാണ് എന്നായിരുന്നു അംബാനിയുടെ ആന്റിലയെ പറ്റി രത്തന്‍ ടാറ്റയുടെ പ്രതികരണം. പാവപ്പെട്ടവരുടെ ശാപമാണോ എന്തോ എന്നറിയില്ല, വാസ്തുപ്രകാരം ആന്റില താമസയോഗ്യമല്ല എന്നാണെത്രെ ചില വാസ്തുവിദഗ്ധര്‍ അംബാനിയോട് പറഞ്ഞിരിക്കുന്നത്.അംബാനി, ഭാര്യ നീത, മൂന്ന് മക്കള്‍, അമ്മ കോകില ബെന്‍ തുടങ്ങി ആറുപേര്‍ക്കായിട്ടാണ് ഈ സ്വപ്നമാളിക പണികഴിക്കപ്പെട്ടത്. 50 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ ഹാളും ജിമ്മും ഹെല്‍ത്ത് ക്ലബ്ബും സ്വിമ്മിംഗ് പൂളുകളുമെല്ലാം ആര്‍ഭാടത്തിന്റെ അവസാന വാക്കായ ഈ മന്ദിരത്തിലുണ്ട്. മുംബൈയിലെ അള്‍ട്ടാംണ്ട് റോഡില്‍ അറബിക്കടലിന്റെ കാഴ്ചവട്ടത്ത് മുകേഷി അംബാനിയുടെ നാല് ലക്ഷം ചതുരശ്ര അടിയുടെ വീട് പണി തീര്‍ന്നിരിക്കുന്നത്.വാസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് അംബാനിയും കുടുംബവും ആന്റില ഒഴിവാക്കുന്നതെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വേറൊരു കാരണം കൂടി ഉയരുന്നുണ്ടെന്നതും വാസ്തവമാണ്. വഖഫ് ബോര്‍ഡിന്റെ ഭൂമി അന്യായമായി കൈയ്യടക്കിയാണ് മുകേഷ് വീട് നിര്‍മിച്ചതെന്ന് ഇപ്പോള്‍ തന്നെ ഒരു പരാതി ഉണ്ട്. ഖോജ മുസ്ലീം വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനത്തിനായി സംവരണം ചെയ്തിരുന്ന ഭൂമി ആണെത്രെ ഇത്.ഭൂമി കയ്യേറി കെട്ടിടം പണിതു പരാതിയില്‍ സിബിഐ അന്വേഷിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് അംബാനി ഇവിടെ താമസിക്കാത്തത് എന്നും പറഞ്ഞുകേള്‍ക്കുന്നു. ദരിദ്രനാരായണന്‍മാരുടെ ഇന്ത്യയില്‍ കോടാനുകോടി ചിലവിട്ട് നിര്‍മിച്ച കെട്ടിടം ഇപ്പോള്‍ ആളും അനക്കവുമില്ലാത്ത സ്ഥിതിയിലാണ്. ആന്റിലയില്‍ പാര്‍ക്കാന്‍ മുകേഷിനും കുടുംബത്തിനും യോഗമുണ്ടാകില്ലേ എന്നാണ് മാധ്യമലോകം കൌതുകപൂര്‍വം ഉറ്റുനോക്കുന്നത്.
Follow Webdunia malayalam