Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൃഹപ്രവേശന മുഹൂര്‍ത്തങ്ങള്‍

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

ഗൃഹപ്രവേശന മുഹൂര്‍ത്തങ്ങള്‍
, ബുധന്‍, 8 ഡിസം‌ബര്‍ 2010 (13:44 IST)
PRO
ഗൃഹാരംഭത്തിനുള്ള മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ഗൃഹപ്രവേശനത്തിനും. എന്നാല്‍, കര്‍ക്കിടകം, കന്നി എന്നീ മാസങ്ങളില്‍ ഗൃഹപ്രവേശം പാടില്ല. സ്ഥിരനക്ഷത്രങ്ങളും മൃദു നക്ഷത്രങ്ങളും (ഉത്രം, ഉത്രാടം, രോഹിണി, ചിത്തിര, രേവതി, അനിഴം, മകയിരം) ഗൃഹപ്രവേശത്തിന് മുഖ്യമാണ്.

ക്ഷിപ്ര നക്ഷത്രങ്ങളും ചര നക്ഷത്രങ്ങളും (അത്തം, അശ്വതി, പൂയം, അവിട്ടം, ചതയം, ചോതി, തിരുവോണം, പുണര്‍തം) ഗൃഹപ്രവേശനത്തിനു സ്വീകരിച്ചാല്‍ പ്രവാസ ദോഷമുണ്ടാവും. ഗൃഹപ്രവേശത്തിനു സ്ഥിരരാശികള്‍ എല്ലാം ശുഭമാണെങ്കിലും ഇടവം രാശിയാണ് അത്യുത്തമം. ചരരാശികളില്‍ ഇടവക്കാലംശകം മറ്റു നിവൃത്തിയില്ലാതെ വന്നാല്‍ സ്വീകരിക്കാം. ഉഭയരാശികള്‍ മധ്യമങ്ങളാണ്.

മേടം രാശിയില്‍ ഗൃഹപ്രവേശം നടത്തിയാല്‍ പ്രവാസവും ഇടവത്തില്‍ സര്‍വ്വാര്‍ത്ഥസിദ്ധിയും മിഥുനത്തില്‍ സുഖവും കര്‍ക്കിടകത്തില്‍ നാശവും ചിങ്ങത്തില്‍ രത്നസമൃദ്ധിയും കന്നിയില്‍ സ്ത്രീഭോഗവും തുലാത്തില്‍ വ്യാധിയും വൃശ്ചികത്തില്‍ ധനവും ധനുവില്‍ ഉദയ ദു:ഖങ്ങളും മകരത്തില്‍ മരണവും കുംഭത്തില്‍ പ്രസിദ്ധിയും മീനത്തില്‍ സിദ്ധിയും ഫലങ്ങളാണ്.

ഗൃഹപ്രവേശത്തില്‍ വലത്തോ പൃഷ്ഠത്തിലോ ശുക്രന്‍ നില്‍ക്കുന്നത് ശുഭമാണ്. ഇതരഭാഗത്തിലാണ് ശുക്രന്റെ നിലയെങ്കില്‍ അശുഭവുമാണ്. അതായത്, ശുക്രോദയ രാശികൊണ്ട് പൂര്‍വഗൃഹത്തിലും ദക്ഷിണ ഗൃഹത്തിലും പത്താമിടത്ത് ശുക്രന്‍ നില്‍ക്കുമ്പോള്‍ പശ്ചിമഗൃഹത്തിലും ദക്ഷിണഗൃഹത്തിലും ഏഴാമിടത്ത് ശുക്രന്‍ നില്‍ക്കുമ്പോള്‍ പശ്ചിമഗൃഹത്തിലും ഉത്തരഗൃഹത്തിലും നാലാമിടത്ത് ശുക്രന്‍ നില്‍ക്കുമ്പോള്‍ ഉത്തരഗൃഹത്തിലും പൂര്‍വഗൃഹത്തിലും പ്രവേശം അരുതെന്നാണ് ഒരു പക്ഷം.

കിഴക്കേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന്‍ നില്‍ക്കുമ്പോള്‍ പൂര്‍വഗൃഹത്തിലും ദക്ഷിണഗൃഹത്തിലും തെക്കേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന്‍ നില്‍ക്കുമ്പോള്‍ ദക്ഷിണ ഗൃഹത്തിലും പശ്ചിമഗൃഹത്തിലും പടിഞ്ഞാറേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന്‍ നില്‍ക്കുമ്പോള്‍ പശ്ചിമഗൃഹത്തിലും ഉത്തരഗൃഹത്തിലും വടക്കേ ദിക്കിലുള്ള നക്ഷത്രങ്ങളില്‍ ശുക്രന്‍ നില്‍ക്കുമ്പോള്‍ ഉത്തരഗൃഹത്തിലും പൂര്‍വഗൃഹത്തിലും പ്രവേശനം അരുത് എന്നാണ് രണ്ടാമത്തെ പക്ഷം.

മേല്‍പ്പറഞ്ഞ രണ്ട് അഭിപ്രായങ്ങളും സ്വീകാര്യങ്ങളാണ്. കര്‍മ്മകര്‍ത്താവിന്റെ ഉപചയ രാശികള്‍ ഗൃഹപ്രവേശത്തിന് മുഖ്യങ്ങളാണ്. നൂതനമല്ലാത്ത ഗൃഹത്തില്‍ പുറപ്പെട്ട ദിവസം മുതല്‍ ഒമ്പതാം ദിവസവും ഒമ്പതാം മാസവും പുന:പ്രവേശം നിഷിദ്ധമാണ്. അതുപോലെതന്നെ, മറ്റൊരിടത്തേക്ക് പോയാല്‍ മൂന്നാം ദിവസം അവിടം വിട്ടുപോകരുത് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

പൂര്‍വഗൃഹപ്രവേശത്തിന് രോഹിണിയും മകയിരവും ദക്ഷിണഗൃഹപ്രവേശത്തിന് ഉത്രവും അത്തവും പശ്ചിമഗൃഹപ്രവേശത്തിന് അനിഴവും ഉത്തരഗൃഹപ്രവേശത്തിന് അവിട്ടവും ചതയവും ഉതൃട്ടാതിയും ഉത്തമമായിരിക്കും.

പൂര്‍വ ദ്വാരമായ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ്ണാതിഥികളും ദക്ഷിണദ്വാരമായ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് നന്ദകളും പശ്ചിമദ്വാരമായ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് ഭദ്രകളും ഉത്തരദ്വാരമായ ഗൃഹങ്ങളില്‍ പ്രവേശിക്കുന്നതിന് ജയകളും ശുഭമായിരിക്കും.

കേന്ദ്രത്തിലും അഷ്ടമത്തിലും പാപഗ്രഹങ്ങള്‍ നില്‍ക്കാതെയും പന്ത്രണ്ടാമിടം ശുദ്ധമായും വ്യാഴം ലഗ്നത്തിലും ശുക്രന്‍ കേന്ദ്രത്തിലും പാപഗ്രഹങ്ങള്‍ 3, 6, 11 ഭാവങ്ങളിലും നില്‍ക്കുമ്പോള്‍ ഇടവമോ കുംഭമോ രാശ്യൂദയ സമയം നൂതനഗൃഹപ്രവേശനത്തിന് അത്യുത്തമമാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ

Share this Story:

Follow Webdunia malayalam