Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൃഹാരംഭം എപ്പോള്‍ - 2

ബാബുരാജന്‍ ഉണ്ണിത്താന്‍

ഗൃഹാരംഭം എപ്പോള്‍ - 2
, ബുധന്‍, 1 ഡിസം‌ബര്‍ 2010 (15:30 IST)
PRO
ഗൃഹാരംഭ മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള ആചാര്യാഭിപ്രായങ്ങള്‍ പലതാണ്. എന്നാല്‍, പൊതുവെ എല്ലാവരും എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം ഇനി പറയുന്നതുപോലെയാണ്; കുംഭം, മകരം മാസങ്ങള്‍ കിഴക്കിനിയും ഇടവം, മേടം മാസങ്ങള്‍ തെക്കിനിയും കര്‍ക്കിടകം, ചിങ്ങം മാസങ്ങള്‍ പടിഞ്ഞാറ്റിനിയും വൃശ്ചികം, തുലാം മാസങ്ങള്‍ വടക്കിനിയും വയ്ക്കുന്നതിന് കൊള്ളാം.

നാല് കോണ്‍ മാസങ്ങളും ഒരു ദിക്കിലും ഒരു ഗൃഹവും വയ്ക്കാന്‍ കൊള്ളില്ല.

അനിഴം, രോഹിണി, രേവതി, പൂയം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, മകയിരം, അത്തം എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ഗൃഹാരംഭത്തിന് ഉത്തമങ്ങളും ചിത്തിര, മൂലം, ചോതി, പുണര്‍തം, അവിട്ടം, ചതയം എന്നീ നാളുകള്‍ മധ്യമങ്ങളും മറ്റുള്ള നക്ഷത്രങ്ങള്‍ അധമങ്ങളുമാണ്.

ദേശം, നഗരം, രാജധാനി തുടങ്ങിയവയുടെ ആരംഭത്തിന് സ്ഥിരനക്ഷത്രങ്ങളും ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങളും അത്യുത്തമങ്ങളാണ്.

ഗൃഹാരംഭത്തിനു സ്ഥിരരാശികള്‍ ഉത്തമങ്ങളും ഉഭയരാശികള്‍ മധ്യമങ്ങളും ചരരാശികള്‍ അധമങ്ങളുമാണ്. സ്ഥിരരാശികള്‍ക്ക് മൂര്‍ദ്ധോദയവും ഊര്‍ദ്ധ്വമുഖവും കൂടിയുണ്ടെങ്കില്‍ അത്യുത്തമമായിരിക്കും. ഇഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന എല്ലാ ഗ്രഹങ്ങളും ശുഭഫലപ്രദന്‍‌മാര്‍ തന്നെയാണ്. എന്നാല്‍ അഷ്ടമ ശുദ്ധി ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.

ഗൃഹാരംഭത്തിനുള്ള യോഗങ്ങള്‍ കൂടി മുഹൂര്‍ത്തത്തോടൊപ്പം സമന്വയിപ്പിച്ചാല്‍ അത്യുത്തമമായിരിക്കും. ലഗ്നത്തില്‍ ശുക്രനും അഞ്ചില്‍ വ്യാഴവും ആറില്‍ ശനിയും മൂന്നില്‍ ആദിത്യനും നില്‍ക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍ പ്രഥമസ്തംഭ സ്ഥാപനത്തോടെ നിര്‍മ്മിക്കുന്ന ഗൃഹം 200 സംവത്സരം മുഴുവന്‍ ശുഭവും സ്ഥിരവുമായിരിക്കും. ലഗ്നത്തില്‍ വ്യാഴവും നാലില്‍ ശുക്രനും ഏഴില്‍ ചന്ദ്രനും മൂന്നില്‍ ശനിയും ആറില്‍ ആദിത്യനും നില്‍ക്കുമ്പോള്‍ ഗൃഹാരംഭ സ്തംഭ സ്ഥാപനം ചെയ്താല്‍ ആഗൃഹം 100 വര്‍ഷം സ്ഥിരവും ശുഭവുമായി നില്‍ക്കും.

നാലില്‍ വ്യാഴവും പത്തില്‍ ചന്ദ്രനും മൂന്നില്‍ കുജശനികളും മുഹൂര്‍ത്ത ലഗ്നത്തില്‍ വന്നാല്‍ ആ ഗൃഹം 100 വര്‍ഷത്തേക്ക് നശിക്കുന്നതല്ല. മീന ലഗ്നത്തില്‍ ശുക്രനും പത്തില്‍ വ്യാഴവും പതിനൊന്നില്‍ ശനിയും വരുമ്പോള്‍ സ്ഥാപിക്കുന്ന ഗൃഹം ദീര്‍ഘകാലം ഐശ്വര്യപുഷ്ടിയോടെ നിലനില്‍ക്കും.

ഇടവ ലഗ്നത്തിലോ കര്‍ക്കിടക ലഗ്നത്തിലോ ചന്ദ്രനും വ്യാഴം കേന്ദ്ര ലഗ്നത്തിലും ഗൃഹാരംഭം നടത്തിയാല്‍ ധനസമൃദ്ധിയോടെ ആ ഗൃഹം ദീര്‍ഘകാലം നിലനില്‍ക്കും. ലഗ്നാധിപനോ ലഗ്നത്തില്‍ നില്‍ക്കുന്ന ശുഭഗ്രഹമോ ഉച്ചം, മൂലക്ഷേത്രം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം എന്നീ രാശികളിലേതിലെങ്കിലും സ്ഥിതിയോടും അംശകത്തോടും കൂടി ബലവാനായി ഇഷ്ടഭാവത്തില്‍ നില്‍ക്കുമ്പോള്‍ നിര്‍മ്മിക്കുന്ന ഗൃഹം ഐശ്വര്യത്തോടെ ഏറെക്കാലം നിലനില്‍ക്കും.

ശത്രുക്ഷേത്രം നീചം മുതലായ സ്ഥാനങ്ങളില്‍ ലഗ്നാധിപനോ ലഗ്ന നാഥനായ ഗ്രഹമോ നില്‍ക്കുന്ന സമയം നിര്‍മ്മിക്കുന്ന ഗൃഹം ദാരിദ്ര്യം, ദു:ഖം, ശത്രുഭയം മുതലായ അനിഷ്ട ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. അടുക്കള, ഉരല്‍പ്പുര, തൊഴുത്ത്, കളപ്പുര എന്നിവയെല്ലാം മിഥുനം, കന്നി, ധനു, മീനം എന്നീ മാസങ്ങളില്‍ നിര്‍മ്മിക്കാം. രോഹിണി, മകം, പൂയം, തിരുവോണം, ഉത്രാടം എന്നീ നക്ഷത്രങ്ങള്‍ ധാന്യഗൃഹം നിര്‍മ്മിക്കുന്നതിന് ഉത്തമമാണ്.

സഭാ ഹാള്‍, ആസ്ഥാന മണ്ഡപം, വെണ്‍‌മാടം തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് അനിഴം, മകയിരം, രേവതി, പൂയം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, പുണര്‍തം, മകം, അശ്വതി, രോഹിണി എന്നീ നാളുകള്‍ ഉത്തമം. ശയ്യാഗൃഹ നിര്‍മ്മാണത്തിന് ഉത്രം, ചോതി എന്നീ നക്ഷത്രങ്ങള്‍ കൊള്ളാം.


എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.

Share this Story:

Follow Webdunia malayalam