Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്രപൌത്രാഭിവൃദ്ധിക്ക് ഉത്തമ മുഹൂര്‍ത്തം

വിവാഹ മുഹൂര്‍ത്തം-1

പുത്രപൌത്രാഭിവൃദ്ധിക്ക് ഉത്തമ മുഹൂര്‍ത്തം
പത്തനംതിട്ട , ബുധന്‍, 14 ഏപ്രില്‍ 2010 (18:26 IST)
PRO
വിവാഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണല്ലോ. വിവാഹ മുഹൂര്‍ത്തം ഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സാമാന്യ ജനങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഓരോ മുഹൂര്‍ത്തങ്ങള്‍ക്കുമുള്ള വിശേഷങ്ങള്‍ പ്രത്യേകം ചിന്തിക്കുകയാണിവിടെ. വിവാഹ മുഹൂര്‍ത്ത വിശേഷങ്ങളെ കുറിച്ചാണ് ആദ്യം പറയുന്നത്.

ഉത്തരായനത്തിലെ നിഷിദ്ധങ്ങളല്ലാത്ത മാസങ്ങളില്‍ ഉത്തമ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തിയാല്‍ പുത്രപൌത്രാഭിവൃദ്ധിയും ധനവര്‍ദ്ധനയും ഉണ്ടാവും. വധുവിന്റെ ജനമാനുജന്മ നക്ഷത്രങ്ങളില്‍ വിവാഹം നടത്തുന്നത് ശുഭമാണ്.

കന്നി, മിഥുനം, തുലാം രാശികള്‍ വിവാഹം നടത്താന്‍ അത്യുത്തമങ്ങളാണ്. കര്‍ക്കിടകം, ധനു, മീനം, ഇടവം രാശികളാവട്ടെ മധ്യമവും. ഈ മധ്യമ രാശികള്‍ ശുഭഗ്രഹ സന്നിഹിതങ്ങളാണെങ്കില്‍ ശുഭങ്ങളുമാണ്. അപ്പോഴും മേടവും വൃശ്ചികവും വര്‍ജ്ജ്യങ്ങളായി തന്നെ കണക്കാക്കേണ്ടി വരുന്നു. എന്നാല്‍, ശുഭയോഗ ദൃഷ്ടികളുണ്ടെങ്കില്‍ വൃശ്ചികവും മദ്ധ്യമമായി എടുക്കാവുന്നതാണ്.

കന്നി, ധനു, കുംഭം, മീനമാസത്തിന്റെ ഉത്തരാര്‍ദ്ധം, കര്‍ക്കിടകം എന്നീ മാസങ്ങളില്‍ വിവാഹം നടത്താന്‍ പാടുള്ളതല്ല. വിവാഹം നടത്തുന്ന സമയം വ്യാഴത്തിനും ശുക്രനും ബാലവൃദ്ധത ഉണ്ടായിരിക്കരുത്.

ലഗ്നത്തില്‍ ആദിത്യനും ചന്ദ്രനും അഷ്ടമത്തില്‍ രാഹുവും ചൊവ്വായും ഏതെങ്കിലും ഗ്രഹം ഏഴാമിടത്തും നില്‍ക്കുമ്പോള്‍ വിവാഹം നടത്തരുത്. വിവാഹത്തിന് മേടം രാശി സ്വീകരിക്കരുത്. അതേസമയം, ആഴ്ചകളെല്ലാം സ്വീകരിക്കാവുന്നതാണ്.

രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, ഉതൃട്ടാതി, രേവതി എന്നീ 11 നാളുകള്‍ മാത്രമേ വിവാഹത്തിനു സ്വീകരിക്കാവൂ.

മകയിരം-ഉത്രാടം, അഭിജിത്-രോഹിണി, തിരുവോണം-മകം, പുണര്‍തം-മൂലം, ചോതി-ചതയം, ഉത്രം-രേവതി, അത്തം-ഉതൃട്ടാതി, ഭരണി-അനിഴം എന്നീ എട്ട് ജോടി നക്ഷത്രങ്ങള്‍ ശലാകാ വേധമുള്ളതിനാല്‍ ഈ നക്ഷത്ര ജോടിയിലെ ഏതെങ്കിലും ഒരു നക്ഷത്രത്തില്‍ ചന്ദ്രനൊഴിച്ചുള്ള ഒരു ഗ്രഹം നിന്നാല്‍ മറ്റേ നാളും വേധിക്കും. അങ്ങനെ ശലാകാ വേധം വരുന്ന നാള്‍ വിവാഹത്തിനു സ്വീകരിക്കരുത്.

ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രത്തില്‍ തന്നെ മറ്റൊരു ഗ്രഹം നില്‍ക്കുന്നെങ്കില്‍ ആ നാളും വിവാഹത്തിനു വര്‍ജ്ജ്യമാണ്. ഒരേ നക്ഷത്രത്തിലാണു ചന്ദ്രനും മറ്റൊരു ഗ്രഹവും നില്‍ക്കുന്നതെങ്കിലും രണ്ടു രാശിയിലാണെങ്കില്‍ മധ്യമമായി സ്വീകരിക്കാം. വധൂവരന്മാരുടെ ജന്മക്കൂറില്‍ നിന്ന് ഏഴാം രാശി ശുദ്ധമായിരിക്കുകയും വേണം.

പാണിഗ്രഹണം നടത്തുന്നതും താലികെട്ടുന്നതും ഒരേ രാശിയില്‍ തന്നെയാവണം. മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ കുജനും രാഹുവും പാടില്ല. അര്‍ദ്ധരാത്രിയില്‍ വിവാഹം നടത്തരുത്. നിത്യദോഷങ്ങളില്‍ അഷ്ടമി വര്‍ജ്ജ്യമാണെങ്കിലും വിവാഹം കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിവസം നടത്തുന്നത് ശുഭമാണ്. പൌര്‍ണമി ദിവസം മധ്യമമായി സ്വീകരിക്കാം.

മേടം രാശി വിവാഹത്തിനു വര്‍ജ്ജിക്കണമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. വൃശ്ചിക രാശിയും ശുഭമല്ലെന്നതു കൂടി കണക്കിലെടുക്കണ്ടതാണ്. എങ്കിലും ശുഭയോഗ ദൃഷ്ടികളുണ്ടെങ്കില്‍ വൃശ്ചികം രാശി മധ്യമമായി സ്വീകരിക്കാവുന്നതാണ്.


എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

Share this Story:

Follow Webdunia malayalam