Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാരംഭം എപ്പോള്‍, എങ്ങനെ?

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

വിദ്യാരംഭം എപ്പോള്‍, എങ്ങനെ?
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2010 (14:50 IST)
PRO
വിദ്യാരംഭം മൂന്ന്, അഞ്ച് വയസ്സുകളിലാവുന്നതാണ് ഉത്തമം. അതായത്, രണ്ട്, നാല് തുടങ്ങിയ ഇരട്ട വയസ്സുകളില്‍ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല.

ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ഇഷ്ടസ്ഥിതിയുള്ളപ്പോഴും ഈ പറഞ്ഞ ഗ്രഹങ്ങളുടെ ആഴ്ചകളിലും വിദ്യ ആരംഭിക്കുന്നത് പാണ്ഡിത്യം, വാഗ്മിത്വം എന്നിവ സ്വായത്തമാക്കാന്‍ സഹായിക്കും. അക്ഷരാരംഭവും വിദ്യാരംഭവും രണ്ടാണ്. അക്ഷരാരംഭം അഥവാ എഴുത്തിനിരുത്ത് കുട്ടിയെ അക്ഷരം അഭ്യസിപ്പിക്കുന്ന ചടങ്ങാണ്. അക്ഷരാരംഭത്തിനു ശേഷമാണ് വിദ്യ അഭ്യസിക്കുന്നത്. എന്നാല്‍, ഇന്ന് അക്ഷരാരംഭത്തെ തന്നെ വിദ്യാരംഭമായി കരുതുന്നു.

ഗുരുവിന്റെയോ ഗുരുസ്ഥാനീയരുടെയോ മടിയില്‍ ശിശുവിനെ ഇരുത്തി നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് “ഹരി ശ്രീ ഗണപതയെ നമഃ” എന്ന് എഴുതുന്നു. തുടര്‍ന്ന്, മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ തൂശനിലയിലോ ഉണക്കലരിയിട്ട് അതില്‍ ഹരി ശ്രീ യില്‍ തുടങ്ങി അക്ഷരമാ‍ലയിലെ എല്ലാ അക്ഷരങ്ങളും കുട്ടിയുടെ മോതിര വിരല്‍ കൊണ്ട് എഴുതിക്കുന്നു. ചിലയിടങ്ങളില്‍ ചൂണ്ടു വിരല്‍ കൊണ്ടാണ് എഴുതിക്കുന്നത്.

നവരാത്രിയുടെ അവസാന ദിവസമായ വിജയദശമിയിലാണു സാധാരണ എഴുത്തിനിരുത്തുന്നത്. മറ്റുകാലങ്ങളില്‍ ശുഭ മുഹൂര്‍ത്തം നോക്കി വേണം എഴുത്തിനിരുത്തേണ്ടത്.

വിദ്യാരംഭത്തിന് ക്ഷിപ്ര നക്ഷത്രങ്ങള്‍ ഏറ്റവും ഉത്തമങ്ങളാണ്. ചരനക്ഷത്രങ്ങളും മൃദു നക്ഷത്രങ്ങളും ശ്രേഷ്ഠങ്ങളുമാണ്. സ്ഥിര നക്ഷത്രങ്ങളെ മധ്യമങ്ങളായി സ്വീകരിക്കാം. മറ്റുള്ള നക്ഷത്രങ്ങള്‍ ശുഭകരമല്ല. വിദ്യാരംഭത്തിനു സ്ഥിര രാശികള്‍ വര്‍ജ്ജ്യങ്ങളും ചരരാശികള്‍ മധ്യമങ്ങളും ഉഭയ രാശികള്‍ ശ്രേഷ്ഠങ്ങളുമാണ്.

വിദ്യാരംഭത്തിന് ഞായറാഴ്ചയും ആദിത്യോദയ രാശിയും തിങ്കളാഴ്ചയും ചന്ദ്രോദയ രാശിയും മധ്യമങ്ങളാണ്. ആദിത്യചന്ദ്ര ദ്രേക്കാണങ്ങളും മീനം രാശിയും മധ്യമങ്ങളാണ്. എന്നാല്‍, മീനത്തില്‍ വ്യാഴമോ ശുക്രനോ നില്‍ക്കുകയാണെങ്കിലോ വ്യാഴം പൂര്‍ണ്ണമായി ദൃഷ്ടി ചെയ്യുകയോ ആകയാല്‍ ഉത്തമവുമാണ്.

വിദ്യാരംഭത്തിന് സപ്തമിയും ത്രയോദശിയും വന്നാല്‍ വിഘ്നമുണ്ടാവും.

മുഹൂര്‍ത്തലഗ്നത്തിന്റെ അഞ്ചാമിടത്ത് പാപഗ്രഹസ്ഥിതി ശുഭമല്ല. രണ്ടാമിടത്തെക്കാള്‍ അഞ്ചാമിടത്തിന് പ്രാധാന്യക്കൂടുതലുണ്ട്. വിദ്യാരംഭത്തിന് ബുധനാഴ്ചയും ഉദയവും രാശികളും വര്‍ഗ്ഗങ്ങളും ഉത്തമങ്ങളാണ്.

അശ്വ വിദ്യയ്ക്ക് അശ്വതി; വേദത്തിനും ശകുന ശാസ്ത്രത്തിനും രോഹിണി; സംഗീതത്തിനും ഗജശിക്ഷാ ശാസ്ത്രത്തിനും മകയിരം; ഗാന്ധര്‍വ വിദ്യയ്ക്ക് പുണര്‍തം, ചോതി; സാമുദ്രികലക്ഷണ ശാസ്ത്രത്തിനും നീതി ശാസ്ത്രത്തിനും നാട്യ ശാസ്ത്രത്തിനും വാദ്യത്തിനും ശബ്ദ ശാസ്ത്രത്തിനും അവിട്ടം, അവിട്ടം, രേവതി, രോഹിണി, മകയിരം, അനിഴം, പുണര്‍തം; ആയുധ വിദ്യയ്ക്കും മല്ല വിദ്യയ്ക്കും പാചക വിദ്യയ്ക്കും കൌടില്യ ശാസ്ത്രത്തിനും കൂപശാസ്ത്രത്തിനും തിരുവാതിര, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രോഹിണി, തിരുവോണം, ചോതി എന്നീ നാളുകള്‍ ഉത്തമമാണ്.

ചിത്രശാസ്ത്രത്തുനു ചിത്തിര; വൈദ്യ ശാസ്ത്രത്തിനും ധനുര്‍വേദത്തിനും അവിട്ടം; ഗജചികിത്സാ ശാസ്ത്രത്തിനും അശ്വ ചികിത്സാ ശാസ്ത്രത്തിനും അനിഴം; ഗജാരോഹണത്തിനും അശ്വാരോഹണത്തിനും ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രോഹിണി; വേദാംഗ ശാസ്ത്രത്തിനു മൂലവും രേവതിയും പുണര്‍തവും ചതയവും ചോതിയും; യോഗ ശാസ്ത്രത്തിനു ചതയം; ഗണിത ശാസ്ത്രത്തിനു അവിട്ടവും അനിഴവും തിരുവാതിരയും രേവതിയും; അര്‍ത്ഥ ശാസ്ത്രങ്ങള്‍ക്ക് ചതയം, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രോഹിണി, ചോതി, പുണര്‍തം, തിരുവോണം; വിഷവിദ്യക്കും അമൃതയോഗങ്ങള്ക്കും ജാലവിദ്യയ്ക്കും ചൌര്യശാസ്ത്രത്തിനും തിരുവോണം എന്നീ നാളുകളും അനുയോജ്യമാണ്.

പൊതുവെ എല്ലാ വിദ്യകള്‍ക്കും ക്ഷിപ്ര നക്ഷത്രങ്ങളായ അത്തം, അശ്വതി, പൂയം എന്നിവ നല്ലതാണ്. സ്ഥിര നക്ഷത്രങ്ങളെല്ലാം വിദ്യകള്‍ സ്വായത്തമാക്കാന്‍ കാലതാമസം വരുത്തുമെങ്കിലും ഹൃദിസ്ഥമാക്കാന്‍ ഉത്തമമാണ്. മേല്‍പ്പറഞ്ഞ നാളുകള്‍ക്ക് പുറമെ മുഹൂര്‍ത്ത ലക്ഷണങ്ങള്‍ കൂടി പരിഗണിച്ചു വേണം കുഞ്ഞുങ്ങളെ വിദ്യാരംഭം ചെയ്യിക്കേണ്ടത്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

Share this Story:

Follow Webdunia malayalam