Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും
PRO
ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി ചാരവശാല്‍ പന്ത്രണ്ട്, ജന്മം, അഷ്ടമം എന്നീ രാശികളില്‍ നില്‍ക്കുന്ന കാലവും കണ്ടകശ്ശനി കാലവും ഏഴരശ്ശനി കാലവും ശനിപ്പിഴയാണ്.

ശനിദോഷം കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ മഹാഗണപതിയേയും അയ്യപ്പനേയും ഹനുമാനേയും ധ്യാനിക്കുന്നതും പൂജിക്കുന്നതും ഗുണകരമാണ്. ശിവനും ശിവന്‍റെ പുത്രന്മാരായ ഗണപതിക്കും അയ്യപ്പനും ശനിയുടേയും രാഹുവിന്‍റേയും ദോഷങ്ങള്‍ എളുപ്പം മാറ്റാന്‍ കഴിയും.

സാധാരണ ഗതിയില്‍ ശനിദോഷത്തിന് ശാസ്താവിനെ ഭജിക്കുകയും പൂജിക്കുകയുമാണ് പതിവ്. എന്നാല്‍ ഹനുമാനും മഹാഗണപതിക്കും ശനിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനും സാധിക്കും. ഈ രണ്ട് ദേവന്മാരും മുമ്പ് ശനിയുടെ ഉരുക്കു മുഷ്ടിയില്‍ നിന്നും രക്ഷ നേടിയവരാണ്.

മഹാഗണപതി തന്‍റെ നയതന്ത്രങ്ങള്‍ കൊണ്ടാണ് ശനിയെ കീഴ്പ്പെടുത്തിയത്. എന്നാല്‍ ഹനുമാനാവട്ടെ തന്‍റെ വീരശൗര്യങ്ങള്‍ കൊണ്ടാണ് ശനിയെ ജയിച്ചത്.

തന്നെയും തന്നെ ഉപാസിക്കുന്നവരേയും രാമനാമം ജപിക്കുന്നവരേയും ഒരിക്കലും തൊടുക പോലുമില്ലെന്ന് ആഞ്ജനേയന്‍ ശനിയെ കൊണ്ട് സത്യം ചെയ്തിട്ടേ വിട്ടുള്ളു.


ഇത് സംബന്ധിച്ച കഥ ഇങ്ങനെയാണ്, ഒരിക്കല്‍ ശനീശ്വരന്‍ വൃദ്ധ ബ്രാഹ്മണനായി വേഷം ധരിച്ച് ഗണപതിയെ സമീപിച്ചു. ശനി ഗ്രസിക്കാനാണ് വന്നതെന്ന് മനസ്സിലാക്കിയ ഗണപതി ശനീശ്വരനോട് പറഞ്ഞു, താങ്കള്‍ എന്തിനാണോ വന്നത് അക്കാര്യത്തില്‍ താങ്കളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല.

പക്ഷെ, പുറം കാഴ്ച കണ്ട് ആരെയും വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. അതുകൊണ്ട് താങ്കളുടെ വലതു കൈയൊന്നു നീട്ടു. പറയുന്നത് സത്യമാണോ എന്നു നോക്കട്ടെ.

ഗണപതിയുടെ തന്ത്രം മനസ്സിലാകാത്ത ശനീശ്വരന്‍ വലതുകൈ നീട്ടി. ഗണപതി അതില്‍ നാളെ എന്നെഴുതി. നാളെ വന്ന് തന്നില്‍ പ്രവേശിച്ചുകൊള്ളാനാണ് ഗണപതി എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കി ശനീശ്വരന്‍ തിരിച്ചുപോയി.

പിറ്റേന്ന് ശനീശ്വരന്‍ വീണ്ടുമെത്തി. അപ്പോള്‍ ഗണപതി പറഞ്ഞു ഉള്ളം കൈ നോക്കൂ, അതില്‍ നാളെ എന്നാണ് എഴുതിയിരിക്കുന്നത്. ശ്രേഷ്ഠന്മാര്‍ വാക്കു തെറ്റിക്കാറില്ല, അതല്ല എഴുതിയത് മായ്ക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്ത് എന്നില്‍ പ്രവേശിച്ചുകൊള്ളു.


ഗണപതിയുടെ തന്ത്രത്തില്‍ കുരുങ്ങി ഇളിഭ്യനായി ശനീശ്വരന്‍ തിരിച്ചു പോവുന്നതു കണ്ട ഹനുമാന്‍ പൊട്ടിച്ചിരിച്ചു.

ദേഷ്യവും നാണക്കേടും കൊണ്ട് ചുമന്ന ശനി തന്‍റെ കാലദണ്ഡ് നോക്കി ഹനുമാന് ശനി വരേണ്ട കാലമായി എന്ന് മനസ്സിലാക്കുകയും ഹനുമാന്‍റെ കാലചക്രത്തില്‍ പ്രവേശിക്കാനായി അങ്ങോട്ടു ചെന്നു.

ശനി അടുത്തെത്തിയതോടെ ഉഗ്രതയോടെ ഒരുവട്ടം ഗര്‍ജ്ജിച്ച ഹനുമാന്‍ ആകാശ തുല്യനായി വളരുകയും ശനീശ്വരന്‍റെ മുടിക്കെട്ടില്‍ പിടിച്ചുതൂക്കി ആകാശത്തിലും ഭൂമിയിലും മുട്ടാതെ തൂങ്ങിക്കിടപ്പായി. വേദന കൊണ്ട് പുളഞ്ഞ ശനീശ്വരന്‍ നിലവിളിക്കാന്‍ തുടങ്ങി.

അപ്പോള്‍ ഹനുമാന്‍ പറഞ്ഞു, ധൃതിപ്പെടാതെ, നമ്മേയും ഗണപതിയേയും മാത്രമല്ല ഞങ്ങളെ ആരാധിക്കുന്ന ഭക്തന്മാരേയും പിടികൂടില്ലെന്ന് സത്യം ചെയ്താല്‍ മാത്രമേ വിട്ടയയ്ക്കൂ. ശനീശ്വരന്‍ അത് സമ്മതിച്ച് പ്രാണനും കൊണ്ട് ഓടിപ്പോയി. ഈ കഥയില്‍ നിന്ന് വ്യക്തമാവുന്നത് ഗണപതിയേയും ഹനുമാനേയും ഭക്ത്യാദര പൂര്‍വം ധ്യാനിക്കുന്നതും പൂജിക്കുന്നതും ശനി ദോഷം അകറ്റാന്‍ ഉത്തമം ആണെന്നാണ്.


Share this Story:

Follow Webdunia malayalam