പൂരാടം ചീത്ത നക്ഷത്രമാണ് എന്നൊരു ചിന്ത പൊതുവെയുണ്ട്. ഇതിന് ജ്യോതിഷപരമായി വലിയ സാധൂകരണം ഒന്നുമില്ലെങ്കിലും പൂരാടക്കാര്‍ പൊതുവേ ഭാഗ്യഹീനവും കഷ്ടപ്പാട് സഹിക്കേണ്ടവരും ഒക്കെയാണെന്ന് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പോലും വിചാരിക്കുന്നു. സത്യത്തില്‍ പൂരാടം നാളുകാര്‍ക്ക് ഒരേയൊരു ശത്രുവേയുള്ളൂ - സ്വന്തം നാക്ക്. നാക്ക് പിഴയ്ക്കാതെ നോക്കിയാല്‍ പൂരാടക്കാരുടെ കാര്യം കുശാലാവും.
പൂരാടം നക്ഷത്രത്തിന്റെ നാലു പാദത്തിനും ദോഷം കാണുന്നു. ഇവരുടെ ജനനം മറ്റ് പലര്‍ക്കും അനര്‍ത്ഥങ്ങള്‍ വരുത്തി വയ്ക്കും. പൂരാടത്തിന്റെ നാലാം പാദത്തില്‍ ജനിച്ചാല്‍ അത് അയാള്‍ക്ക് തന്നെ ദോഷമാണ്. ഒന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനുമാണ് ദോഷം.
മാത്രമല്ല, പൂരാടം ധനു ലഗ്‌നത്തിലും ശനിയാഴ്ചയും നവമി, ചതുര്‍ദശി എന്നിവയും ചേര്‍ന്നു വരികയാണെങ്കില്‍ ദോഷഫലങ്ങള്‍ ഫലിക്കും എന്ന് ഉറപ്പാണ്.
വിവാഹത്തിനും ചോറൂണിനും ഈ നക്ഷത്രം കൊള്ളില്ലെങ്കിലും വിത്തു വിതയ്ക്കാനും മതിലും വേലിയും കെട്ടാനും കിണറു കുഴിക്കാനും ബന്ധനത്തിനും ചാര പ്രവര്‍ത്തനത്തിനും എല്ലം ഇത് മികച്ച നക്ഷത്രമാണ്.
ആരുടെ മുമ്പിലും തല കുനിക്കില്ല പൂരാടക്കാര്‍. ആരെയും അതിരു കവിഞ്ഞ് ബഹുമാനിക്കുകയുമില്ല. ശുദ്ധ ഹൃദയന്മാരാണെങ്കിലും വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടാല്‍ പിന്നെ ബെല്ലും ബ്രേക്കും ഉണ്ടാവില്ല. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യും. വെറുക്കുന്നവരെ കൊല്ലാനും മടിക്കില്ല.