Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടിയിറങ്ങുന്ന മുടിപ്പുരകള്‍

കുടിയിറങ്ങുന്ന മുടിപ്പുരകള്‍
മോക്ഷവും ശാന്തിയും തേടിയുള്ള മനുഷ്യന്‍റെ പ്രയാണങ്ങളില്‍ കമ്പോളവും അധികാരവും ഇരയെ തിരിച്ചറിഞ്ഞത് - മതം അതിന്‍റെ അധികാരവും കച്ചവടസാദ്ധ്യതയും തിരിച്ചറിഞ്ഞതും - ഇന്നോ ഇന്നലെയോ അല്ല .

മതവും അധികാരവും കമ്പോളവും തമ്മിലുള്ള ബാന്ധവത്തിനു പഴക്കമേറെയാണ്. സ്വാഭാവികവികാസമെന്നു തോന്നാവുന്ന തരത്തില്‍ ഏതു സമൂഹത്തിലും ഇന്നും ഇതു നടക്കുന്നുണ്ട്.

കേരളത്തിന്‍റെ തെക്കേയറ്റത്ത് വര്‍ഷം തോറും വയലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മുടിപ്പുരകള്‍ കരയിലേക്കു കയറിയതും മുടിപ്പുര ഭഗവതി ക്ഷേത്രത്തില്‍ കുടിപാര്‍പ്പു തുടങ്ങിയതും വിശ്വാസത്തിന്‍റെയും പരിസ്ഥിതിയുടെയും മാത്രം മാറ്റമായിരുന്നില്ല. പരിതസ്ഥിതിയുടെ ആവശ്യം കൂടിയായിരുന്നു ഈ മാറ്റം.

കൊയ്ത്തുകാലം കഴിഞ്ഞ് ഒഴിഞ്ഞ പാടങ്ങളില്‍ ഓലപ്പുര കെട്ടി കര്‍ഷകര്‍ ദേവീപ്രീതിക്കു വേണ്ടി ഏഴോ പത്തോ ദിവസങ്ങളായി നടത്തുന്ന ഉത്സവമാണ് മുടിപ്പുര ഉത്സവം. വടക്കന്‍ കേരളത്തില്‍ ശാസ്താവും തെക്കന്‍ കേരളത്തില്‍ അമ്മദൈവവും ആയിരുന്നു പ്രധാന ആരാധനാമൂര്‍ത്തികള്‍.

"മുടി' എന്നാല്‍ കിരീടം. ദേവിയുടെ കിരീടം വെച്ചാരാധിക്കുന്ന പുരയാണ് "മുടിപ്പുര". കൊടുങ്ങല്ലൂരമ്മയാണ് മുടിപ്പുരകളിലെ പ്രതിഷ്ഠ. പാതിവ്രത്യം കൊണ്ട് ഭര്‍ത്താവിനെ പുനരുജ്ജീവിപ്പീക്കുകയും ഒരു രാജ്യം ഭസ്മമാക്കുകയും ചെയ്ത ശക്തിയായ കണ്ണകി അടുത്ത വര്‍ഷത്തെ വിളവിന് അനുഗ്രഹിക്കണമെന്നാണ് പ്രാര്‍ത്ഥന.

പ്രധാന ചടങ്ങുകളെല്ലാം വായ്മൊഴിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. തോറ്റം പാട്ടിലൂടെയാണ് ചടങ്ങുകള്‍ നടക്കുക. വായ്മൊഴിലൂടെ പകര്‍ന്ന അറിവുകളും വിശ്വാസങ്ങളും പഠിക്കുന്ന ഫോക്-ലോറിസ്റ്റുകള്‍ക്ക് ധാരാളം കണ്ടെത്തലുകള്‍ക്കു സാധ്യതയൊരുക്കുന്നതാണ് മുടിപ്പുരകളിലെ തോറ്റം പാട്ടും ആചാരാനുഷ്ഠാനങ്ങളും.

ക്ഷിപ്രകോപിയായ ഭഗവതിയെ വിനയത്താല്‍ പ്രസന്നയാക്കി വയലില്‍ എത്തിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. കണ്ണകിയുടെ കഥ പാട്ടിലൂടെ പ്രതിപാദിക്കുന്ന തോറ്റം പാട്ടാണു മുടിപ്പുരകളില്‍ പാടുന്നത്.

ഇതിലെ കഥാസന്ദര്‍ഭമനുസരിച്ചാണ് ഉത്സവത്തിലെ ചടങ്ങുകള്‍ നടക്കുന്നത്. ഉത്സവത്തിന്‍റെ മൂന്നാം ദിവസം കണ്ണകിയുടെ വിവാഹ സന്ദര്‍ഭത്തെക്കുറിച്ചാണു പ്രതിപാദിക്കപ്പെടുക. ഈ ദിവസം മുടിപ്പുരയില്‍ അതിനനുസരിച്ചുള്ള പ്രത്യേക പൂജയും ആഘോഷങ്ങളുമുണ്ടാകും.

അതുപോലെ കണ്ണകിയുടെ ഭര്‍ത്താവായ കോവലനെ കൊല്ലുന്ന ഭാഗം പാടുന്നതോടെ പരിസരം നിശ്ശബ്ദമാകുന്നു. പിന്നീട് കോവലനെ പുനരുജ്ജീവിപ്പിച്ചതിന്‍റെ ആഘോഷത്തോടെയാണ് അന്തരീക്ഷം സജീവമാകുന്നത്.

നാട്ടുകാരുടെയെല്ലാം പങ്കാളിത്തം മുടിപ്പുര ഉത്സവത്തിന് ആവശ്യമാണ്. നാട്ടുപ്രമാണിമാര്‍ നേതൃത്വം നല്കുന്ന ഉത്സവത്തില്‍ അന്നത്തെ ജാതിവ്യവസ്ഥയനുസരിച്ച് അധഃകൃതരാണ് പൂജാരിയാകുന്നത്. ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളെല്ലാം മണ്ണുമായി മല്ലിടുന്ന അവര്‍ണ്ണന്‍റെ കാര്‍മ്മികത്വത്തിലാണ് നടക്കുക.

ദ്രാവിഡപ്പഴമയുടെ ലക്ഷണമായ കള്ളും കുരുതിയും പൊലിക്കലും മുടിപ്പുരകളില്‍ നിര്‍ബന്ധമാണ്. കരിക്ക്, കമുകിന്‍പൂവ്, ചുറ്റുവട്ടത്തു നിന്നുള്ള പൂക്കള്‍, തുടങ്ങി സുലഭമായിരുന്ന വസ്തുക്കളാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്.


ഇന്നു മുടിപ്പുര കെട്ടാന്‍ വയലുകളില്ല. വര്‍ഷത്തില്‍ പത്തുദിവസത്തോളം പുരകെട്ടി കുടിയിരുത്തിയ ദേവിയെ വരമ്പുകളില്‍ സ്ഥിരമായി കുടിയിരുത്തി. വയലിലെ മുടിപ്പുരകള്‍ കരയിലെ ക്ഷേത്രങ്ങളായി. അതോടെ ദേവിയെ കൊടുങ്ങല്ലൂരില്‍ നിന്നു വിളിച്ചു വരുത്തി കുടിയിരുത്തുന്ന വിശ്വാസവും അപ്രസക്തമായി.

കമുകിന്‍പൂവും പൂജാമലരുകളും ചുറ്റുവട്ടത്തു നിന്ന് അപ്രത്യക്ഷമായതോടെ എല്ലാം കമ്പോളത്തില്‍ നിന്നു വാങ്ങണമെന്നായി. കമ്പോളം അങ്ങിനെ മുടിപ്പുരകളെ ചെലവേറിയതാക്കി. ഇന്ന് മുടിപ്പുരകളില്‍ പൂജയും ഉത്സവപരിപാടികളും സ്പോണ്‍സര്‍മാരാണ് നടത്തുന്നത്.

കേരളത്തിന്‍റെ തെക്കേക്കോണില്‍ ആറ്റുകാല്‍, വെള്ളായണി, ബാലരാമപുരം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ കൂടുതലായി കണ്ടിരുന്ന മുടിപ്പുരകള്‍ പലതും ഇന്നു ക്ഷേത്രങ്ങളായി മാറിക്കഴിഞ്ഞു. നിത്യപൂജയ്ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമൊപ്പം ഇവിടെ മുടിപ്പുര ഉത്സവവും ആഘോഷിക്കുമെന്നു മാത്രം.

ദേവിയെ കുടിയിരുത്തേണ്ട സാഹചര്യം ഇല്ലാതായതോടെ, നെല്ലെന്നാല്‍ 'അരിശിച്ചെടി'യെന്നു നമ്മള്‍ കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയതോടെ, മുടിപ്പുരകളുടെ സ്വത്വത്തിനു തന്നെ മാറ്റം സംഭവിച്ചു. ഒരു പുരാതനവിശ്വാസം കൂടി കച്ചവടത്തിന്‍റെ പുതിയ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി.

വിളവിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കൂടുതല്‍ ലാഭത്തിനും വ്യക്തിപരമായ വിജയങ്ങള്‍ക്കും വേണ്ടിയായി. കടന്നുകയറ്റത്തിന്‍റെ പുത്തന്‍ സാദ്ധ്യതകള്‍ തേടി കമ്പോളം മതവും അധികാരവുമായുള്ള അതിന്‍റെ ബാന്ധവം ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

Share this Story:

Follow Webdunia malayalam