Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ്റുകാലമ്മയുടെ ചരിത്രം

ആറ്റുകാലമ്മയുടെ ചരിത്രം
PRO
സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്ക്ക് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്.

പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം.

ആറ്റുകാല്‍ പ്രദേശത്ത് അതിപുരാതനമായ നായര്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഭഗവതിക്കാവും. ഇവിടെ ചാമുണ്ഡി, നാഗര്‍, മാടന്‍ തന്പുരാന്‍ എന്നിവരെ കുടിയിരുത്തി ആരാധിച്ചിരുന്നു. ഈ പ്രദേശത്തെ പ്രശസ്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്.

രാജഭക്തിക്കു പേരുകേട്ട ചെറുകര വലിയ വീട് മൂന്നു ശാഖകളായി പിരിഞ്ഞു. ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്നതിന്‍റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു അറയും നിരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്.

അഭീഷ്ടവരദായിനി ആറ്റുകാലമ്മ

മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കാനിറങ്ങിയ കാരണവര്‍ ആറ്റിന്‍റെ അക്കരെ മഹാതേജസ്വിയായ ഒരു ബാലികയെ കണ്ടു. "തന്നെ അക്കരെ കടത്തി വിടാമോ'' എന്ന് കുട്ടി ചോദിച്ചു.

കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ചയിച്ചു. ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുമ്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി.

ദേവീ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു. പിന്നീട് ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് ക്ഷേത്രം പുതുക്കുപ്പണിതു. ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു.

പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്ക പ്ലാവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവ ധരിച്ചാണ് ദേവീരൂപം.

ആറ്റുകാലമ്മ കണ്ണകിയോ?

ആറ്റുകാല്‍ ഭഗവതി കണ്ണകിയാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പാടിവരുന്ന തോറ്റംപാട്ടില്‍ കണ്ണകിദേവിയെ കൊടുങ്ങല്ലൂരില്‍ ചെന്നു ക്ഷണിച്ചുകൊണ്ടു വന്ന് ആറ്റാകാലില്‍ കുടിയിരുത്തുന്നതായും ഉത്സവം കഴിഞ്ഞ് തിരിച്ചുകൊണ്ടാക്കുന്നതായും പരാമര്‍ശമുണ്ട്. ആയതിനാല്‍ കണ്ണകിയുടെ അംശവുമാണ് ആറ്റുകാലമ്മ എന്നു പറയാം.

Share this Story:

Follow Webdunia malayalam