Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരുക്കന്‍കല്ലിന്‍റെ കവിതകള്‍

പരുക്കന്‍കല്ലിന്‍റെ കവിതകള്‍
"ലോകത്തിന്‍റെ അംഗീകരിക്കപ്പെടാത്ത നിയമനിര്‍മാതാക്കളാണ് കവികള്‍"-- പ്ളേറ്റോ

ദുരന്തങ്ങളെ വസന്തമായി ദര്‍ശിച്ചവനാണ് കവി എ.അയ്യപ്പന്‍.ഡി.സി ബുക്ക് പുറത്തിറക്കിയ അയ്യപ്പന്‍റെ കവിതാ സമാഹാരമായ "വെയില്‍ തിന്നുന്ന പക്ഷി' ഒരേ സമയം ജീവിതത്തെ ആഘോഷമായും, ദുരന്തമായും ധ്വനിപ്പിക്കുന്നവയാണ്.

വെയില്‍ പ്രതീകവല്‍കരിക്കുന്നത് ഉഷ്ണയാഥാര്‍ത്ഥ്യങ്ങളെയാണ്. ജീവിതത്തിന്‍റെ കയ്പ്പ് അറിഞ്ഞുകൊണ്ട് തന്നെ ഒരുപാട് കോരി കുടിച്ചവനാണ് അയ്യപ്പന്‍.

കാരുണ്യമില്ലാത്ത ലോകത്തെ സ്വയം പ്രതിനിധീകരിച്ച് തെറ്റ് കവി ഏറ്റു പറയുന്നു.പാപങ്ങള്‍ പേടി സ്വപ്നങ്ങളായി കവിയെ പിന്തുടരുന്നു.

കൊടും ശൈത്യത്തില്‍
അന്ധകാരത്തിനെ പുതപ്പാക്കിയവനെ ക്കാണാതെ
ചൂടുള്ള മുറിയില്‍ പ്രകാശത്തിലുറങ്ങിയവന്‍
ഇന്നു മഞ്ഞുകാലത്ത് അവനെയോര്‍ത്ത്
ഞാന്‍ പുതപ്പില്ലാതെ പൊള്ളുന്നു

അചേതന വസ്തുവിലും ചൈതന്യം കവി കാണുന്നു.തൂണിലും,തുരുമ്പിലും ബ്രഹ്മത്തെ ദര്‍ശിക്കുന്ന ഭാരതീയ ദര്‍ശനം ഇവിടെ സൂചിക്കപ്പെടുന്നു.അതേ സമയം വിശാലമായ ഭൂമിക്ക് അതിരാകുന്ന വേലി സര്‍വ്വേ കല്ലു കൊണ്ട് നിശ്ഛയിക്കുന്നു.ആ കല്ലില്‍ കാലു തട്ടി അമ്മയാകുന്ന ഭൂമിയിലേക്ക് നിലം പതിക്കുന്നു.

ആ കല്ലുടയ്ക്കരുത്
അതില്‍ ശില്പമുണ്ട്.
ഞാനതിനെ ഭൂമിയെ വീതിക്കുന്ന
സര്‍വ്വേയുടെ കല്ലാക്കി.
ഇന്ന്
കല്ലില്‍ കാലുതട്ടി
മണ്ണില്‍ ഞാന്‍ പതിക്കുന്നു ...............

പ്രാന്തവല്‍കരിക്കപ്പെട്ടവന്‍റെ ചരിത്രത്തിനോട് പ്രകൃതി ശക്തിയായ കാറ്റു പോലും അവഗണന കാട്ടുന്നു.അവന്‍റെ ചരിത്രം വായിക്കപ്പെടാത്തതാണ്.സഹനത്തിന്‍റെ നെല്ലിപ്പലക കണ്ടആത്മ ബോധം നഷ്ടപ്പെട്ടവന് ഏതു ഭാഷയില്‍ ആര് ചരിത്രം നിര്‍മ്മിക്കുമെന്ന് കവി ചോദിക്കുന്നു

അപ്പോഴക്കും തുപ്പലു പുരളാത്ത കൂറേ താളുകള്‍
വായിക്കപ്പെടാതെ മറിഞ്ഞുപോയിരുന്നു
ആതാളുകളിലാണ് നമ്മുടെ ചരിത്രം എഴുതപ്പെട്ടിരുന്നത്..........


നമ്മുടെ ചരിത്രം വായിക്കപ്പെടാതെ
തുപ്പ്ളലു പുരളാതെ
ഉന്തിയ എല്ലുകളോടെ
തുറിച്ച കണ്ണുകളോടെ
ഞെരിച്ച പല്ലുകളോടെ..............

ചിത്രശലഭങ്ങള്‍ ചുറ്റും പറന്നിരുന്ന,കിളികളെ സ്നേഹിച്ചിരുന്ന കാലത്തിന്‍റെ ചിത്രത്തില്‍ നിന്ന്
മൂര്‍ച്ചയുള്ള സത്യങ്ങളിലേക്കുള്ള പതനത്തെ കവി സമൃദ്ധ മായി ബിംബങ്ങള്‍ നിറച്ച് വരയ്ക്ക്ന്നു.

കിളികളുടെ ശബ്ദം കേള്‍ക്കാതായ്
ചോറിന് രുചിയില്ലാതായി
ബധിരനായി.............

ഒരേ നിമീഷം മാംസ നിബിദ്ധമല്ലാത്ത രാഗത്തെയും,സിരകളില്‍ കത്തിക്കയറുന്ന കാമത്തെയും ഉള്‍ക്കൊള്ളുന്നതാണ് അയ്യപ്പന്‍റെ പ്രണയം. പ്രകൃതിയേയും,പ്രണയത്തേയും അയ്യപ്പ്ളന്‍ വേര്‍തിരിച്ച് കാണുന്നില്ല.പ്രകൃതിയുടെ നഷ്ടം പ്രണയത്തിന്‍റെ അവസാനമായി കവി കാണുന്നു.നന്മകളാല്‍ സമൃദ്ധമായ ഗ്രാമത്തിലൂടെ ബൂള്‍ഡോറസുകള്‍ കയറിയിറങ്ങി കപട ക്കാമത്തിന്‍റെ കണ്ണുള്ള നഗരം നിര്‍മ്മിക്കുന്നു

"ബുള്‍ഡോറസുകള്‍ വന്നദിവസമാണ്
നമ്മള്‍ പിരിഞ്ഞത്............

ഗ്രാമത്തിന്‍റെ ഞെരമ്പുകളിലൂടെ
കാമരൂപിയായ നഗരം നിര്‍മ്മിക്കാന്‍..........."


കാമുകിക്ക് ചെവി മുറിച്ചു നല്‍കിയ വാന്‍ഗോഗിന്‍റെ തീവ്ര പ്രണയത്തെ കവി ഓര്‍മ്മിപ്പിക്കുന്നു.

"പച്ചിലപ്പാമ്പിന്‍റെ കൊത്തേറ്റയന്‍റെ
പൊട്ടിയകണ്ണൊന്നു നിനക്കു തരാം......

കാമുകിയുടെ അനുപമമായ
രുചി കവിയെ അടിമുടി ആനന്ദിപ്പിക്കുന്നു

ഇടനെഞ്ചും നിന്‍റെ കരളും ഭുജിച്ച
രുചി ഞാനൊരിക്കലും മറക്കില്ലമുത്തേ...."

Share this Story:

Follow Webdunia malayalam