Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘തോല്‍ക്കാത്തവന്‍റെ കവിതകള്‍‘

ഡീ.സി. ബുക്സ്, തീക്കുനി കവിതകള്‍

‘തോല്‍ക്കാത്തവന്‍റെ കവിതകള്‍‘
, ശനി, 15 ഡിസം‌ബര്‍ 2007 (18:57 IST)
PTIFILE
ഹൃദയത്തിലേക്ക് പഴുപ്പിച്ച കമ്പി കുത്തിയിറക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയാണ് പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുക. അമ്മ, അച്‌ഛന്‍, സഹോദരി തുടങ്ങിയവര്‍ പവിത്രന് നീറുന്ന ഓര്‍മ്മകളാണ്. ഈ അലട്ടല്‍ പവിത്രനെ ഇപ്പോഴും വേട്ടയാടുന്നു.

‘ അമ്മ
ആഴംകൂടിയ മുറിവ് എന്നും
നീയാകുന്നു, നീ മാത്രമാകുന്നു

സഹോദരി
എന്‍റെ അനിയത്തി നിന്‍റെ വോട്ട്
അസാധുവായിപ്പോയല്ലോ...
(അഞ്ചു മുറീവുകള്‍)

ദുരന്തങ്ങള്‍ വിടാതെ പവിത്രനെ പിന്തുടരുന്നു. തീക്ഷ്‌ണത ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങമ്പോഴും ഈ മണ്ണിന്‍റെ ഓരോ സ്പന്ദനത്തെയും സുഗന്ധത്തെയും അദ്ദേഹം സ്‌നേഹിക്കുന്നു

തെങ്ങിന്‍ കള്ള് മണക്കുന്ന മണക്കുന്ന
നാടന്‍ പാട്ട് മണക്കുന്ന വഴി
(വീട്ടീലേക്കുള്ള വഴികള്‍)

മീന്‍ വില്‍പ്പന നടത്തുന്ന പവിത്രനെന്ന കവിയുടെ വ്യക്തമായ രാഷ്‌ട്രീയ നയവും ദര്‍ശിക്കുവാന്‍ കഴിയും. നട്ടെല്ല് വളയ്ക്കാതെ നടക്കുന്നതിന് ആവശ്യമായ അഭിമാനം നല്‍കിയവരെ തന്നെ മറക്കുന്ന മൂല്യച്യുതിയോട് പ്രതിഷേധവും പവിത്രന്‍ നടത്തുന്നു.

മഹാത്മഗാന്ധി ആരായിരുന്നു?
ലോകം കണ്ടതില്‍ ഏറ്റവും വലിയ ഉപ്പുകച്ചവടക്കാരന്‍
(പുതിയ ചരിത്രം)

സവര്‍ണ്ണ തിളക്കമുള്ള മലയാള കവിതാ ലോകത്തേക്ക് മുരുക്കിന്‍ മുള്ളിന്‍റെ കാഠിന്യമുള്ള കവിതകള്‍ എഴുതിക്കൊണ്ട് സ്ഥാനമുറപ്പിച്ചവനാണ് പവിത്രന്‍. ഭൂതകാലത്തിലും വര്‍ത്തമാനത്തിലും തിക്ത ഫലങ്ങള്‍ മാത്രം നേരിട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചതാണ് പവിത്രന്‍.

എന്നാല്‍, പിന്നീട് തിരിച്ചറിവോടെ പവിത്രന്‍ ജീവിതത്തെ നേരിടുവാന്‍ തുടങ്ങി. ‘മുരിക്കെ‘ന്ന കവിതയില്‍ ആ കരുത്ത് നമ്മള്‍ക്ക് ദര്‍ശിക്കാം.

നഷ്‌ടങ്ങളെ പലപ്പോഴും വേദനയോടെ പരിഹസിക്കുന്ന കവിയാണ് പവിത്രന്‍. ‘പ്രണയത്തെക്കുറിച്ച്‘ , ‘കറുത്ത കുന്നുകള്‍‘ തുടങ്ങിയ കവിതകള്‍ ഇത് വ്യക്തമാക്കുന്നു. നിയോഗം, മുക്കുറ്റിപ്പൂവ് തുടങ്ങിയ കവിതകളീല്‍ കറുത്ത ഹാസ്യം ആവോളമുണ്ട്.

തന്‍റെ ഉത്തരവാദിത്വങ്ങള്‍ അറിയിക്കുന്നതിനുള്ള മാധ്യമം കൂടിയാണ് പവിത്രന് കവിത. പത്ത് പ്രണയക്കുറിപ്പുകളില്‍ പവിത്രന്‍ തന്‍റെ ഉത്തരവാദിത്വം വിളിച്ചറിയിക്കുന്നു.

Share this Story:

Follow Webdunia malayalam