Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

‘മൌ‌നത്തിന്‍റെ പരിഭാഷ’ - ആരും മോഹിക്കുന്ന പ്രണയയാത്ര

Mounathinte Paribhasha

സുബിന്‍ ജോഷി

, ബുധന്‍, 18 ഓഗസ്റ്റ് 2021 (17:44 IST)
മഴ പെയ്‌തു തോരുന്നതേയില്ല. മൌനത്തിന്‍റേതായാലും ഓര്‍മ്മകളുടേതായാലും. വി കെ സഞ്‌ജു എഴുതിയ ‘മൌനത്തിന്‍റെ പരിഭാഷ’ വായനക്കാരുടെ മനസില്‍ അത്തരമൊരു തോരാമഴ സമ്മാനിക്കുന്ന പുസ്‌തകമാണ്. ഒറ്റയിരുപ്പില്‍ വായിക്കുകയും ആ വായനയുടെ സുഖം ആവര്‍ത്തിക്കപ്പെടുക എന്ന ആഗ്രഹത്തില്‍ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുകയും ചെയ്യുന്ന പുസ്‌തകങ്ങള്‍ അനേകമില്ല. മൌ‌നത്തിന്‍റെ പരിഭാഷ വായനയ്‌ക്ക് ശേഷവും താളുകള്‍ മറിച്ചുമറിച്ച് ഇടയ്‌ക്കിടെ അതിലൂടെ സഞ്ചരിക്കാന്‍ പ്രേരണ നല്‍കുന്നു.
 
മുറിഞ്ഞുപോവുകയും ഇടയ്‌ക്കെപ്പോഴെങ്കിലും കണ്ണിചേര്‍ക്കപ്പെടുകയും ചെയ്യുന്ന ഓര്‍മ്മകളാണ് സഞ്‌ജു പങ്കുവയ്‌ക്കുന്നത്. ആ കുറിപ്പുകളുടെ ഭംഗിയില്‍ നിന്ന് വായനക്കാരന്‍ ഒരു മാറിനില്‍പ്പ് മോഹിക്കുകയില്ല. അതേ കാലഘട്ടത്തില്‍ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്ക് മാത്രമല്ല, ഏത് പ്രായത്തിലുള്ളവര്‍ക്കും ഗൃഹാതുരമായ നിമിഷങ്ങള്‍ സമ്മാനിക്കും ഈ പുസ്‌തകത്തിന്‍റെ വായന. സമീപകാലത്ത് മലയാളത്തിലെ എഴുത്തുകള്‍ക്ക് നഷ്‌ടപ്പെട്ടുപോയ ഭാഷാഭംഗി അതിന്‍റെ എല്ലാ മിഴിവോടെയും മൌനത്തെ പരിഭാഷപ്പെടുത്താന്‍ കൂടെ നില്‍ക്കുന്നു. അവതാരികയില്‍ രണ്‍ജി പണിക്കര്‍ പറയുന്നതുപോലെ, എഴുത്തിന്‍റെ രക്‍തവും ജീവനും നഷ്‌ടപ്പെട്ടുപോവാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ ഒരാളെയാണ് ഈ കുറിപ്പുകളില്‍ കാണാനാകുന്നത്.
 
‘മാറ്റിനി’ എന്ന ആദ്യ അധ്യായത്തില്‍ ഒരു ഗ്രാമീണ യുവാവിന്‍റെ മഹാനഗരത്തിലേക്കുള്ള പറിച്ചുനടലിന്‍റെ അങ്കലാപ്പ് വ്യക്‍തമാക്കുന്നുണ്ട്. എന്നാല്‍ അതിന്‍റെ തീക്ഷ്‌ണമായ ചൂടിനെ തണുപ്പിക്കാന്‍ നര്‍മ്മത്തിന്‍റെ ശുദ്ധീകരണപ്രക്രിയ കൊണ്ട് സാധിക്കുന്നു. മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പാങ്ങില്ലാത്ത ഒരു ജേര്‍ണലിസ്റ്റ് ഓര്‍മ്മിക്കപ്പെടുന്നത് അര്‍ത്ഥമറിയാതെ പോയ ഒരു ‘ഹോട്ട് ഡോഗി’ന്‍റെ പേരിലായിരിക്കുമെന്നത് കറുത്ത ഹാസ്യത്തിന്‍റെ മൂര്‍ച്ചയേക്കാള്‍ കടുത്ത യാഥാര്‍ത്ഥ്യത്തിന്‍റെ വേദനയാണ് പങ്കുവയ്‌ക്കുന്നത്. അടവുതെറ്റുന്ന വായ്‌പയുടെയും മുടങ്ങുന്ന സ്‌കൂള്‍ ഫീസിന്‍റെയും ചിന്തകള്‍ക്കിടയില്‍ അക്ഷരത്തിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയേക്കാവുന്ന മാധ്യമപ്രവര്‍ത്തകരുടെ നിസഹായാവസ്ഥ ഇത്രയും ആഴത്തില്‍ വരച്ചിടാന്‍ സാധിക്കുന്നു എന്നത്, സഞ്‌ജു മാധ്യമപ്രവര്‍ത്തകന്‍റെ പ്രിവിലേജുകള്‍ ആസ്വദിക്കുന്നതിനപ്പുറം മനുഷ്യജീവിതം അടുത്തറിയുന്ന ഒരു പത്രക്കാരനാണ് എന്നതുകൊണ്ടാണ്.
 
ഇരുപത്തിയാറ് അധ്യായങ്ങളാണ് ‘മൌനത്തിന്‍റെ പരിഭാഷ’യ്‌ക്ക് ഉള്ളത്. പുസ്‌തകത്തിന്‍റെ ടൈറ്റിലായ മൌനത്തിന്‍റെ പരിഭാഷ തന്നെയാണ് ഇരുപത്തിയാറാം അധ്യായത്തിന്‍റെയും തലക്കെട്ട്. "മുകളറ്റം വരെ പോകാനായിരുന്നു മോഹം. അതടക്കിവച്ചത് എന്‍റെ പേടികൊണ്ടല്ല, എനിക്കിറങ്ങാന്‍ കഴിയാതെ വന്നാല്‍ താഴെ അവളൊറ്റയ്‌ക്കാകുമല്ലോ എന്നോര്‍ത്തിട്ടുമാത്രമായിരുന്നു. അവളൊന്നു തിരിഞ്ഞുനോക്കാത്തതിന്‍റെ വിഷമം പറയാന്‍ അടുത്തെത്തുമ്പോള്‍, അവളവിടെ ആ കുടയ്‌ക്കുപകരം ഒരു കൂടാരമായിരുന്നെങ്കിലെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു” - മൌനത്തിലൊളിപ്പിച്ച പ്രണയത്തെയാണ് എഴുത്തുകാരന്‍ ഇവിടെ പരിഭാഷപ്പെടുത്തുന്നത്. പ്രണയമെന്ന വികാരത്തെ അതിന്‍റെ ഏറ്റവും നിഗൂഢമായി അനുഭവിക്കണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ പ്രണയിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ ഈ പുസ്‌തകം വായിക്കുക എന്ന് പറയുവാനാണ് തോന്നുന്നത്.
 
അവസാനത്തെ അധ്യായത്തില്‍ മാത്രമല്ല, തുടക്കം മുതല്‍ ഈ പുസ്‌തകത്തിന്‍റെ ചോരയും തുടിപ്പും പ്രണയം തന്നെയാണ്. പ്രണയത്തിന്‍റെയും പ്രണയിതാക്കളുടെയും യാത്രയിലൂടെയാണ് മൌനത്തിന്‍റെ പരിഭാഷ കടന്നുപോകുന്നത്. ഒരു ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റിലെന്നോണം മുഖാമുഖമിരുന്ന്, അധികമൊന്നും സംസാരിക്കാതെ, പുറംകാഴ്‌ചകളുടെ നിറങ്ങളും കാറ്റിന്‍റെ തലോടലുമേറ്റ് യാത്ര ചെയ്യാന്‍ ‘നായകനും നായികയ്‌ക്കുമൊപ്പം’ വായനക്കാര്‍ക്ക് സാധിക്കുന്നത് പ്രണയത്തിന്‍റെ മജീഷ്യനായി സഞ്‌ജു ഈ താളുകളില്‍ മാറുന്നതുകൊണ്ടാണ്.
 
പ്രണയം മാത്രമല്ല സഞ്‌ജുവിന്‍റെ ഓര്‍മ്മകളില്‍. കടുത്ത വിഷാദവും ഒറ്റപ്പെടലും അകറ്റിനിര്‍ത്തപ്പെടുന്നതിന്‍റെ വിങ്ങലുകളുമെല്ലാം പങ്കുവയ്‌ക്കുകയാണ് എഴുത്തുകാരന്‍. എന്നാല്‍ അത്തരത്തില്‍ സ്വയം അടച്ചിരിക്കേണ്ടിവന്ന കാലങ്ങളെയും സ്‌നേഹിക്കാനേ കഴിയുന്നുള്ളൂ എന്നും എഴുതുന്നു. “വലിയ നഷ്‌ടങ്ങളുടെ ഈ കൊറോണക്കാലത്തും വ്യക്‍തിപരമായ നഷ്‌ടമായി ലോക്ക് ഡൌണ്‍ അനുഭവപ്പെടാതിരുന്നത് ഇഷ്‌ടത്തോടെ പണ്ടെന്നോ ശീലമാക്കിയ ആ സെല്‍ഫ് ലോക്ക് ഡൌണുകള്‍ കാരണമാകാം. അടച്ചിരിക്കുന്നതില്‍ പുതുമയൊന്നും തോന്നാത്തതിനാലാവാം”.
 
അത്തരം ഒറ്റപ്പെടലിനിടയ്‌ക്ക് സൌഹൃദത്തിന്‍റെ പുതുവഴികള്‍ വെട്ടാന്‍ ധൈര്യം കാണിച്ചതിനെപ്പറ്റിയും പറയുന്നു. സാഹിത്യകാരനായ വി ജെ ജെയിംസിന് ‘ചോരശാസ്‌ത്രം’ വായിച്ചതിന്‍റെ ആവേശത്തില്‍ കത്തെഴുതിയതും എഴുത്തുകാരന്‍ അന്വേഷിച്ചുവന്ന് ഞെട്ടിച്ചതുമൊക്കെ രസകരമായ വായനാനുഭവമായി മാറുന്നു. ഗൃഹാതുരതയുടെ പൂക്കാലം തന്നെയൊരുക്കുന്നുണ്ട് സഞ്‌ജു ഈ പുസ്‌തകത്തില്‍. ഇന്നത്തെ തലമുറയ്‌ക്ക് അനുഭവിക്കാന്‍ യോഗമില്ലാത്ത കാല്‍പ്പനികതയുടെ ഉത്‌സവം. തന്‍റെ കോളജ് കാലത്തെ ദിനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ഒരു നാല്‍പ്പതുകാരന്‍റെ മോഹിപ്പിക്കുന്ന ഓര്‍മ്മകള്‍. ഫര്‍ണിച്ചര്‍ ഷോപ്പിന് വഴിമാറിയ പഴയ കടമുറിയില്‍ പഞ്ചായത്ത് ലൈബ്രറി വീണ്ടും തുറന്നെങ്കില്‍... റബ്ബര്‍ തോട്ടത്തിലെ ഇത്തിരിത്തിട്ട വീണ്ടും ഈഡന്‍ ഗാര്‍ഡന്‍സായി മാറിയെങ്കില്‍... കോളജായിരുന്ന കെട്ടിടങ്ങളിലേക്ക് നയിക്കുന്ന പുത്തന്‍ ടാര്‍‌മണം കല്ലിന്‍‌മേല്‍ കല്ലുവിതറിയ തോടുപോലുള്ള പഴയ റോഡു തന്നെയായിരുന്നെങ്കില്‍...
 
സ്വന്തം നാടിനെ ഇത്രയും ഭംഗിയാര്‍ന്ന വാക്കുകളില്‍ വരച്ചിടുന്നതും ഒരു അപൂര്‍വ്വവായനയാണ്. അടവിയും കോന്നി ആനക്കൂടും തണ്ണിത്തോടും കോട്ടപ്പാറയും അച്ചന്‍‌കോവിലാറും കല്ലാറുമൊക്കെ വായനക്കാരെയും മറ്റൊരു ഭൂമികയിലേക്ക് നയിക്കുന്നു. അവിടെ സഞ്‌ജു അനുഭവിച്ച വികാരവിചാരങ്ങള്‍ നമ്മളും അനുഭവിക്കുന്നു. തികച്ചും മാന്ത്രികമായ ഒരു അനുഭൂതിയിലേക്ക് വായനക്കാര്‍ അലിഞ്ഞുചേരുന്നു.
 
നിറത്തിന്റെയും ജാതിയുടെയും മതത്തിന്‍റെയും ശരീരപ്രകൃതിയുടെയും പേരിലുള്ള വിവേചനങ്ങളെ തന്‍റേതായ ശൈലിയില്‍ കീറിമുറിക്കുന്നുമുണ്ട് എഴുത്തുകാരന്‍. വിവേചനങ്ങള്‍ സൃഷ്‌ടിക്കുന്ന മുറിവുകളുടെ ആഴം തീവ്രമായി ബോധ്യപ്പെടുത്തിത്തരുന്നു ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‍സ്’ എന്ന ലേഖനം. ആ വിവേചനങ്ങളുടെ കഥയില്‍ മലയാള സിനിമയിലെ വിജയഫോര്‍മുലയും വിമര്‍ശിക്കപ്പെടുന്നു - “കാലുമടക്കി അടിക്കാന്‍ പെണ്ണിനെ ചോദിച്ച നായകനാണ് ഇവിടെ കൈയടി വാങ്ങിയത്. വെറും പെണ്ണെന്ന വിശേഷണവുമായി ഒരു ചുംബനത്തില്‍ അവസാനിച്ച പെണ്‍കരുത്താണ് ഇവിടെ വാഴ്‌ത്തപ്പെട്ടത്”.
 
ഗാര്‍ഷ്യ മാര്‍ക്കേസും നെരൂദയുമെല്ലാം യഥേഷ്‌ടം വിഹരിക്കുന്ന ഈ പ്രണയയാത്രക്കുറിപ്പുകളില്‍ എഴുത്തുകാരനേക്കാള്‍ പ്രസക്‍തമാകുന്ന എഴുത്തിനെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ്. മാര്‍ക്കേസിനേക്കാള്‍ ആരാധന കോളറാകാലത്തെ പ്രണയത്തോടാണ്. “കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍...‍” എന്ന കവിതയോടാണ് നെരൂദയേക്കാള്‍ പ്രിയം. വി കെ സന്‍‌ജു എന്ന സ്വന്തം പേര് ഗുരുനാഥന്‍ വി ജെ സഞ്‌ജു എന്നാക്കിയപ്പോഴും അതേഭാവം തന്നെ. ആരാകിലെന്ത്, എഴുത്തിലല്ലേ കാര്യം! ‘മൌനത്തിന്‍റെ പരിഭാഷ’ ഇതിനകം തന്നെ പലരുടെയും പേഴ്‌സണല്‍ ഫേവറിറ്റ് ആയിക്കഴിഞ്ഞതും ഹൃദയങ്ങള്‍ കീഴടക്കാന്‍ പോന്ന എഴുത്തിന്‍റെ ഈ മന്ത്രവിദ്യകൊണ്ടാണ് !.
 
മൌനത്തിന്‍റെ പരിഭാഷ
മാക്‍സ് ബുക്‍സ്, കോട്ടയം
വില: 250 രൂപ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ വെള്ളരിക്ക കഴിക്കുന്നവരാണോ? അറിയാം വെള്ളരിക്കയുടെ ഗുണങ്ങള്‍