Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതം ഉമ്മവയ്ക്കുന്ന കഥകള്‍

ഹണി ആര്‍ കെ

ജീവിതം ഉമ്മവയ്ക്കുന്ന കഥകള്‍
PRO
PRO
ഓരോ പുസ്തകവും ഓരോ മനുഷ്യരാണെന്ന് പറഞ്ഞത് ആരാണെന്ന് ഓര്‍മ്മയില്ല. പക്ഷേ കഥകള്‍ ഓരോ അനുഭവങ്ങളാണെന്ന് യുവകഥാകൃത്ത് പി വി ഷാജികുമാറിന്റെ രചനകള്‍ ഓര്‍മ്മിപ്പിക്കുന്നു. ജീവിതം അനുഭവിക്കുന്ന കഥകളാണ് ഈ ചെറുപ്പക്കാരന്‍ എഴുതിയവയില്‍ അധികവും.

ഉത്തരാധുനിക ഭവുകത്വവും നാടോടി കഥകളുടെ പാരമ്പര്യവും ഒരേസമയം അനുഭവവേദ്യമാക്കുന്നുവെന്നതാണ് ഷാജികുമാറിന്റെ രചനകളുടെ പ്രത്യേകത. നഗരക്കാഴ്ചകളുടെ കാപട്യമല്ല കഥാകൃത്ത് വേഗതയുടെ ഇക്കാലത്തും പ്രമേയമാക്കുന്നത്. മറിച്ച്, നാട്ടുനന്മകളുടെ പുതുമഴപ്പെയ്ത്താണ് ഈ ചെറുപ്പക്കാരന്റെ കഥകളില്‍ നിറയുന്നത്.

ജീവിതത്തിന്റെ അപൂര്‍ണ്ണതയെ പൂരിപ്പിക്കാനുള്ള ശ്രമമാണ് ഷാജി കുമാറിന്റെ ഓരോ കഥയും. അതു ചിലപ്പോള്‍ പ്രാദേശികവാദവും ഗൃഹാതുരതയെ മാടിവിളിക്കലുമൊക്കയാകാം. വേവലാതികളും ആശങ്കകളും നിറഞ്ഞ ലോകത്ത് കഥകളിലൂടെ സ്നേഹത്തിന്റെ ചൂട്ട് കത്തിക്കുകയാണ് ഈ യുവാവ്.

സമകാലീന അവസ്ഥകളെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു ഉത്തമ എഴുത്തുകാരന്റെ ദൌത്യവും ഷാജി നിര്‍വഹിക്കുന്നുണ്ട്. ഷാജിയുടെ വെള്ളരിപ്പാടം എന്ന കഥാസമാഹാരത്തില്‍ ഇതിന്റെ ശക്തമായ ഉദാഹരണങ്ങള്‍ കാണാം. ഇന്നത്തെ മാധ്യമപ്രവണതകളെക്കുറിച്ച് പ്രതിപാദിക്കുന്ന കഥയാണ് വെള്ളരിപ്പാടം.

പെണ്‍കുട്ടികള്‍ ശരീരം മാത്രമാകുന്ന അവസ്ഥയെക്കുറിച്ച് വെള്ളരിപ്പാടത്തില്‍ കഥാകൃത്ത് ആശങ്കപ്പെടുന്നു‍. ചാനലില്‍ തന്റെ സ്ഥാനത്ത് മറ്റൊരാള്‍ വരുന്നതും അവളുടെ ശരീരവും വില്‍ക്കപ്പെടുന്നതും നായിക അറിയുന്നു. മുഖസൌന്ദര്യത്തേക്കാളും മാറിടത്തിന്റെ വലുപ്പം പ്ലസ് പോയന്റാകുന്ന അവസ്ഥയില്‍ പരിതപിക്കുകയാണ് കഥാകൃത്ത്.

ജീവിതത്തിന് ഒരു ആമുഖം എന്ന കഥയില്‍ ‘മനസാക്ഷിയോട്‘( ഒരു കഥാപാത്രം) ഒരു മനസാക്ഷിയും കാണിക്കാന്‍ തയ്യാറാകാത്ത ഗിരീശനാണ് നായകന്‍. ടോര്‍ച്ചിന്റെ പത്തികൊണ്ട് ‘മനസാക്ഷി‘ക്ക് ആഞ്ഞ് ഒന്നുകൊടുത്ത് കരച്ചില്‍ ആസ്വദിക്കുകയാണ് നായകന്‍. മറ്റൊരു പെണ്‍കുട്ടിയെ ഭോഗിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ സന്തോഷത്തോടെ യാത്രയാക്കുന്ന ഭാര്യയെയും ഇതില്‍ കാണാം.

പേര് എന്ന കഥയില്‍ സ്വന്തം അസ്തിത്വം നഷ്ടപ്പെടുന്ന നാട്ടിന്‍പുറത്തുകാരനെ വിവരിക്കുന്നു. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത കേളു വീട്ടിലും അധികപ്പറ്റാകുന്ന അവസ്ഥയാണ്. പേര് കൂട്ടിച്ചേര്‍ക്കാന്‍ അധികാരികളുടെ അടുത്ത് പലതവണ പോയെങ്കിലും നടക്കുന്നില്ല. ഒടുവില്‍ കേളു മരിച്ചു പോയതായി നായകന്‍ സ്വയം വിശ്വസിപ്പിക്കപ്പെടുന്നയിടത്താണ് കഥ അവസാനിക്കുന്നത്.

‘മഴ വെയില്‍ മുസ്തഫ‘ ആഖ്യാനപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന കഥയാണ്. നാട്ടുബിംബങ്ങള്‍ ഈ കഥയെ അലങ്കരിക്കുന്നു. കുറുക്കനും മഴയും നക്ഷത്രങ്ങളുമെല്ലാം ഇതിലെ കഥാപാത്രങ്ങളാണ്. കഥ തന്നെ കഥാപാത്രമാകുന്നെങ്കിലും ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ‘കഥ’ കഴിയുന്നു.

ഫ്ലാറ്റിലൂടെ പുഴ ഒഴുകുന്നുവെന്ന നായികയുടെ തോന്നലാണ് ‘നിലാവിന്റെ നിഴല്‍‘ എന്ന കഥയില്‍ പറയുന്നത്. ഈ കഥയില്‍. ഓര്‍മ്മകള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു പാലം കെട്ടുന്നു. ഫ്ലാറ്റിലെ പുഴയെ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ജീവിതം ഒഴുകിപ്പോകുന്നു ഈ കഥയില്‍. ഇല്ലാതാകുന്ന പുഴകളെക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോഴാണ് നായകന് ജോലി നഷ്ടപ്പെടുന്നതും. പക്ഷേ എവിടെയോ ഒരു പുഴ ഒളിച്ചിരിപ്പുണ്ട് എന്ന പ്രത്യാശയും ഈ കഥ നല്‍കുന്നു.

വെള്ളരിപ്പാടം എന്ന കഥാസമാഹാരത്തില്‍ 12 കഥകളാണ് ഉള്ളത്. മുഖം‌മൂടികളുടെ കുമ്പസാരം, നനയാത്ത മഴകള്‍, ചോര, എഴുത്തുകാരന്റെ വളപ്പിലെ പോത്താളന്‍, വിവരണം, രൂപങ്ങള്‍, ഐ പി സി 144, മരണത്തെക്കുറിച്ചുള്ള ഐതിഹ്യം തുടങ്ങിയ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Share this Story:

Follow Webdunia malayalam